പ്രൗഢമായി മഅദിന്‍ സാദാത് സംഗമം മുസ്ലിം സമുദായം യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചു മുന്നേറണം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

Last Updated: September 24, 2024By Tags:

മലപ്പുറം: മുസ്ലിം സമുദായം യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചും ഒരുമിച്ചും മുന്നേറണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍. കേരളത്തിലെ വിവിധ ഖബീലകളില്‍ പെട്ട തങ്ങന്‍മാരെ പങ്കെടുപ്പിച്ച് മഅദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച മുല്‍ത്തഖല്‍ അഷ്‌റാഫ് സാദാത്ത് സംഗമവും ഫെസ്റ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്ലിം സമുദായം പല സംഘടനകളിലായി പ്രവര്‍ത്തിച്ചുവരുന്ന നാടാണ് നമ്മുടേത്. ഇതിനിടയില്‍ ചിന്തിക്കുന്നവര്‍ കുറയുകയും തര്‍ക്കിക്കുന്നവര്‍ കൂടുകയും ചെയ്യുന്നതാണ് നമ്മള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. തര്‍ക്കം ഒന്നിനും പരിഹാരമല്ല. കഴിഞ്ഞ കാലങ്ങളിലെ വീഴ്ചകളിലും പോരായ്മകളിലും തര്‍ക്കിച്ച് കാലം കഴിച്ചു കൂടുന്നതിന് പകരം തെറ്റുകളും കുറ്റങ്ങളും പരസ്പരം പൊറുത്ത് നാം മുന്നേറണം. വിട്ടുവീഴ്ച ചെയ്യുമ്പോഴാണ് നമ്മുടെ അഭിമാനം ഉയരുന്നത്. ആര് ജയിച്ചു ആര് തോറ്റു എന്ന് അന്വേഷിക്കുന്നതിന് പകരം അല്ലാഹുവിന് മുന്നില്‍ നമുക്ക് ഒരുമിച്ച് ജയിക്കണം. അതാണ് നമ്മുടെ ആത്യന്തിക ലക്ഷ്യം. അതിനുള്ള തുടക്കമാണ് ഈ സംഗമം – സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

കേരളത്തിലെ മുസ്ലിം സമുദായത്തിന് ദിശാബോധം പകരുന്നതില്‍ സാദാത്തീങ്ങള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. മുസ്ലിം സമുദായത്തിന് മാത്രമല്ല സഹോദര സമുദായങ്ങള്‍ക്കും സാദാത്തീങ്ങളുടെ സേവനങ്ങള്‍ ആശ്വാസം പകരുന്നുണ്ടെന്നും തങ്ങള്‍ പറഞ്ഞു. വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ സയ്യിദ് ഇബ്‌റാഹിം ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ദക്ഷിണേന്ത്യയില്‍ തന്നെ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സ്ഥാപനമാണ് മഅദിന്‍ അക്കാദമിയെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു,

മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സാദാത്തുക്കള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങളുണ്ടെന്നും അഹ് ലുസ്സുന്നക്ക് എക്കാലത്തും നേതൃ പരമായ പങ്ക് വഹിച്ചത് സാദാത്തുക്കളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് അനുഗ്രഹ പ്രഭാഷണം നടത്തി. മഅദിന്‍ അക്കാദമി സാദാത്ത് കുടുംബങ്ങളിലെ വിധവകള്‍ക്ക് നല്‍കുന്ന സാന്ത്വനം ഫണ്ട് വിതരണോദ്ഘാടനം ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി സന്ദേശ പ്രഭാഷണം നടത്തി.
ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് അലവി ജമലുല്ലൈലി വെളിമുക്ക്, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി,സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് ശമീറലി തങ്ങള്‍ പാണക്കാട്, പൊന്നാനി ഖാളി സയ്യിദ് മുത്തുക്കോയ തങ്ങള്‍, പൂക്കോയ തങ്ങള്‍ കരുവന്‍ തിരുത്തി, പി എ തങ്ങള്‍ വളാഞ്ചേരി, കെ കെ എസ് തങ്ങള്‍ പെരിന്തല്‍മണ്ണ, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി മൂച്ചിക്കല്‍, സയ്യിദ് യാസീന്‍ മുത്തുക്കോയ തങ്ങള്‍ രാമന്തളി, സയ്യിദ് കെ ബി എസ് തങ്ങള്‍ ഒതുക്കങ്ങല്‍, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി, അഡ്വ.കെ എന്‍ എ ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സാദാത്തുക്കള്‍ സംബന്ധിച്ചു.

അഖിലേന്ത്യാ സാദാത്ത് ഫെസ്റ്റിനും മഅ്ദിന്‍ അക്കാദമിയില്‍ തുടക്കമായി. തങ്ങള്‍ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളുടെ കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹനം നല്‍കുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു മത്സരം നടക്കുന്നത്.

ജനറല്‍, സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര്‍ വിഭാഗങ്ങളിലായി 42 ഇനങ്ങളില്‍ കേരളത്തിനകത്തും പുറത്തുനിന്നുമായി രണ്ടായിരത്തോളം പ്രതിഭകള്‍ മാറ്റുരക്കുന്നുണ്ട്.

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment