തല്‍ബിയത്തിന്റെ മന്ത്ര ധ്വനികളുമായി സ്വലാത്ത്‌നഗര്‍; സംസ്ഥാനതല ഹജ്ജ് ക്യാമ്പിന് ആയിരങ്ങള്‍
ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്കായി മഅ്ദിന്‍ അക്കാദമി സംഘടിപ്പിച്ച 25-ാമത് സംസ്ഥാന തല ഹജ്ജ് ക്യാമ്പിന് പ്രൗഢമായ സമാപനം. രാവിലെ 8 മുതല്‍ 5 വരെ നീണ്ടുനിന്ന ഏകദിന ഹജ്ജ് പഠന ക്യാമ്പിന് സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
മഅദിന്‍ കാമ്പസില്‍ നടന്ന പരിപാടി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. കരിപ്പൂര്‍ വഴി യാത്ര ചെയ്യുന്ന ഹാജിമാരുടെ നിരക്ക് വര്‍ധന പിന്‍വലിച്ച് തീര്‍ത്ഥാടകരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും ഇന്ത്യയുടെ മതമൈത്രി ശക്തിപ്പെടുവാനും രാജ്യത്തിന്റെയും ല്ലാ വിഭാഗം ജനങ്ങളുടെയും അഭിവൃദ്ധിക്ക് ഹാജിമാര്‍ പ്രാര്‍ത്ഥന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ ഹജ്ജ് പണ്ഡിതന്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ക്ലാസ് നയിച്ചു. മാതൃകാ കഅബയുടെ സഹായത്തോടെയുള്ള അവതരണം ഹാജിമാര്‍ക്ക് ഏറെ ഉപകാരപ്രദമായി. സമസ്ത സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി സംശയ നിവാരണത്തിന് നേതൃത്വം നല്‍കി.
സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അല്‍ ഐദ്രൂസി, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍. അലി അബ്ദുള്ള, കേരള ഹജ്ജ് അസി. സെക്രട്ടറി മുഹമ്മദലി മാസ്റ്റര്‍, കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി.എം മുസ്തഫ കോഡൂര്‍, എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.എം സ്വാദിഖ് സഖാഫി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ട്രൈനിംഗ് കോര്‍ഡിനേറ്റര്‍ പി.പി മുജീബ് റഹ്മാന്‍, ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ സംബന്ധിച്ചു.
സര്‍ക്കാര്‍ ഹജ്ജ് കമ്മിറ്റി മുഖേനയും സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും ഹജ്ജിന് പുറപ്പെടുന്ന ഹാജിമാരാണ് ക്യാമ്പില്‍ സംബന്ധിച്ചത്. ക്യാമ്പില്‍ പങ്കെടുത്ത ഹാജിമാര്‍ക്ക് സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയതു. ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ രചിച്ച ക്യൂആര്‍ കോഡ് സംവിധാനത്തിലുള്ള ഹജ്ജ് ഉംറ: കര്‍മം, ചരിത്രം, അനുഭവം എന്ന പുസ്തകത്തിന്റെ ആറാം പതിപ്പിന്റെ പ്രകാശനകര്‍മം ചടങ്ങില്‍ നടന്നു.
ഹാജിമാര്‍ക്കുള്ള സേവനത്തിന് ഹജ്ജ് ഹെല്‍പ് ലൈനും ഹോസ്‌പൈസ്-അല്‍മാസ് മെഡിക്കല്‍ കൗണ്ടറും നഗരിയില്‍ സജ്ജീകരിച്ചിരുന്നു. ക്യാമ്പിനെത്തിയ സ്ത്രീകളടക്കമുള്ളവര്‍ക്ക് ഒരേസമയം പരിപാടി വീക്ഷിക്കുന്നതിന് സ്‌ക്രീന്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. വിദൂരങ്ങളില്‍ നിന്നുള്ളവര്‍ തലേദിവസം തന്നെ സ്വലാത്ത് നഗറിലെത്തി. സ്ത്രീകള്‍ക്ക് പ്രാഥമിക കര്‍മങ്ങള്‍, നിസ്‌കാരം എന്നിവ നിര്‍വ്വഹിക്കുന്നതിന് മഅദിന്‍ ഓഡിറ്റോറിയം, പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കി.
ഹാജിമാര്‍ക്ക് വേണ്ട സേവനങ്ങള്‍ ചെയ്ത് കര്‍മ്മ രംഗത്ത് സജീവമായ 1001 അംഗ സന്നദ്ധ സേവക സംഘം ഹാജിമാരുടെ പ്രശംസ പിടിച്ചു പറ്റി. സ്ത്രീകളുടെ സൗകര്യത്തിനായി വനിതാ വളണ്ടിയര്‍മാരുടെ സേവനവുമൊരുക്കി. അനാഥ, ഹിഫ്‌ള്, സാദാത്ത് വിദ്യാര്‍ത്ഥികളുടെ സാന്നിധ്യത്തില്‍ ഹാജിമാര്‍ക്ക് പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
editor's pick
latest video
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua