അഗത്തി ഉസ്താദിന് ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Last Updated: October 23, 2024By

മലപ്പുറം: മഅദിന്‍ അക്കാദമി പ്രധാന മുദരിസും ഗോള ശാസ്ത്ര വിഭാഗം തലവനുമായ അബൂബക്കര്‍ സഖാഫി അല്‍ കാമിലി (അഗത്തി ഉസ്താദ്) ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. വിയോഗവാര്‍ത്ത അറിഞ്ഞതു മുതല്‍ കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി ആയിരങ്ങളാണ് ഉസ്താദിനെ അവസാനനോക്ക് കാണാന്‍ മഅദിന്‍ അക്കാദമിയിലേക്ക് ഒഴുകിയെത്തിയത്. പെട്ടെന്നുള്ള വിയോഗ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ സ്‌നേഹ ജനങ്ങള്‍ക്കും ശിഷ്യഗണങ്ങള്‍ക്കും സാധിച്ചില്ല. അഗത്തി ഉസ്താദിന്റെ വിയോഗത്തിലൂടെ നഷ്ടമായത് മാതൃകായോഗ്യനായ പണ്ഡിത പ്രതിഭയെയാണ്.

ഗോളശാസ്ത്രം, കര്‍മശാസ്ത്രം, ചരിത്രം, ഗവേഷണം, മാനുസ്‌ക്രിപ്റ്റുകളുടെ ശേഖരം തുടങ്ങി വൈജ്ഞാനിക മേഖലകള്‍ ഒരുപോലെ കൈകാര്യം ചെയ്ത പണ്ഡിത കേസരിയായിരുന്നു അദ്ദേഹം. ഗ്രന്ഥ പാരായണവും അറിവ് സമ്പാദനവും ജീവിത വ്രതമായി സ്വീകരിച്ച ജ്ഞാനജ്യോതിസ്സ്. താന്‍ സമ്പാദിച്ചതെല്ലാം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ പരമ സാത്വികന്‍, പകരം വെക്കാനില്ലാത്ത ജ്ഞാനസമ്പാദന തൃഷ്ണയുള്ള മുദരിസ്, എന്നാല്‍ കൊച്ചുകുട്ടികളോട് പോലും വളരെ വിനയത്തോടെ പെരുമാറുന്ന മഹാമനീഷി…ഇങ്ങനെ എഴുതിയാലൊടുങ്ങാത്ത വിശേഷങ്ങള്‍ പലതാണ്.

ഗോളശാസ്ത്രം ഇഷ്ട വിഷയമാണ്. അതുമായി ബന്ധപ്പെട്ട പഴയതും പുതിയതുമായ ഗ്രന്ഥം ശേഖരിക്കുക, ക്ലാസിക്കല്‍ ഗ്രന്ഥങ്ങളെ ആധുനിക ഗോളശാസ്ത്ര കണ്ടെത്തലുകളുമായി സംയോജിപ്പിച്ച് ഗവേഷണം നടത്തുക തുടങ്ങിയവ അദ്ദേഹത്തിന്റെ ഹോബിയാണ്. അന്വേഷണ തൃഷ്ണ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. തനിക്കറിയാത്തൊരു വിഷയം എവിടെയുണ്ടെങ്കിലും അവരെ സമീപിച്ച് അത് നേടിയെടുക്കുക അദ്ദേഹത്തിന്റെ സ്വഭാവമാണ്. താന്‍ മനസ്സിലാക്കിയ അറിവുകള്‍ മറ്റുള്ളവര്‍ക്ക് നിര്‍ലോഭമായി പകര്‍ന്നുകൊടുക്കാന്‍ അദ്ദേഹത്തിന് വലിയ താത്പര്യമായിരുന്നു.

ശര്‍ഹു ലഖ്തുല്‍ ജവാഹിര്‍, ദശമഹാവൃത്തങ്ങള്‍, നമസ്‌കാര സമയഗണനം സൈന്റിഫിക് കാല്‍ക്കുലേഷനിലൂടെ, മാര്‍ഗ ദര്‍ശി, ശര്‍ഹു അഖീദത്തില്‍ അവാം, മുസ്ത്വലഹാത്തുല്‍ ഫിഖ്ഹിശ്ശാഫിഈ തുടങ്ങി അറബിയിലും മലയാളത്തിലുമായി നൂറിലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങള്‍ക്ക് ടിപ്പണി ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വേര്‍പ്പാട് ദിവസമായ ഇന്നലെ ശൈഖ് ജീലാനിയുടെ മനാഖിബില്‍ ഹാഫിള് ഇബ്‌നു ഹജറുല്‍ അസ്ഖലാനി എഴുതിയ ഗിബ്തത്തുനാളിര്‍ ഫീ തര്‍ജുമതി ശൈഖ് അബ്ദുല്‍ ഖാദിര്‍ അല്‍ ജീലാനി എന്ന ഗ്രന്ഥത്തിന്റെ ടിപ്പണി പൂര്‍ത്തീകരിച്ചു. മരണ സമയം വരെ അറിവ് സമ്പാദനത്തിലും പ്രസരണത്തിലുമായി കഴിച്ചുകൂട്ടി.

സഞ്ചരിക്കുന്ന ലൈബ്രറി എന്നാണ് സമസ്ത സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഗത്തി ഉസ്താദിനെ വിശേഷിപ്പിച്ചത്. 2000 ത്തിലെ മര്‍കസിലെ പഠന ശേഷം മഅദിന്‍ അക്കാദമിയിലേക്ക് വന്ന അദ്ദേഹം ഖലീല്‍ ബുഖാരി തങ്ങളുടെ സന്തത സഹചാരിയായി 25 വര്‍ഷം അധ്യാപനം നടത്തി. പഠന കാലത്ത് തന്നെ കംപ്യൂട്ടര്‍ മേഖലയില്‍ വിപുലമായ പരിജ്ഞാനം നേടിയ അദ്ദേഹം മലയാളം, അറബി, ഇംഗ്ലീഷ് ടൈപ്പിംഗ്, ഡിസൈനിംഗ്, മക്തബതുല്‍ ശാമില ഉപയോഗം തുടങ്ങി ഒട്ടേറെ പുതുമകള്‍ തന്റെ ശിഷ്യഗണങ്ങള്‍ക്ക് പകര്‍ന്നു നല്‍കി. നിസ്‌കാര സമയം നിര്‍ണയിക്കുന്നതില്‍ ആഴത്തില്‍ പഠനം നടത്തിയ അദ്ദേഹത്തിന്റെ കണക്കുകളാണ് കേരളത്തിലെ പ്രമുഖ കലണ്ടറുകളില്‍ ഉപയോഗിച്ച് വരുന്നത്. പണ്ഡിത കേരളത്തിന് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. പ്രത്യേകിച്ച് ഖലീല്‍ ബുഖാരി തങ്ങള്‍ക്കും മഅദിന്‍ അക്കാദമിക്കും അദ്ദേഹത്തിന്റെ വിയോഗം വലിയ വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇന്നലെ രാവിലെ 8.30 ന് നടന്ന അദ്ദേഹത്തിന്റെ ജനാസ നിസ്‌കാരത്തില്‍ ആയിരങ്ങള്‍ സംബന്ധിച്ചു. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി. സ്വലാത്ത് നഗര്‍ മഹല്ല് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി. നിലവില്‍ ദുബൈയിലുള്ള അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഖലീല്‍ ബുഖാരി തങ്ങളെ വിളിച്ച് ആശ്വസിപ്പിക്കുകയും തന്റെ പ്രിയ ശിഷ്യനായി ദുആ നടത്തുകയും ചെയ്തു. സയ്യിദ് അബ്ദുള്ള ഹബീബുറഹ്‌മാന്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, സയ്യിദ് ഹബീബ് തുറാബ് അസ്സഖാഫി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അല്‍ ഹൈദ്രൂസി, സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍മാരായ അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, കേരള മുസ് ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ചിയ്യൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, പല്ലാര്‍ ഹസന്‍ ബാഖവി, കുഞ്ഞാപ്പു സഖാഫി വേങ്ങര, അബ്ദുറഷീദ് സഖാഫി എലംകുളം, അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം, ലുഖ്മാനുല്‍ ഹകീം സഖാഫി പുല്ലാര, എം.കെ മുഹമ്മദ് ബാഖവി മുണ്ടമ്പറമ്പ്, മുഹമ്മദ് ദാരിമി പുറക്കാട്ടിരി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, മുസ്ഥഫ മാസ്റ്റര്‍ കോഡൂര്‍, പി പി മുജീബ് റഹ്‌മാന്‍ എന്നിവര്‍ സംബന്ധിച്ചു.

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment