സി കെ കുഞ്ഞാപ്പു ഹാജി; പ്രകാശപാതക്ക് വഴിതെളിയിച്ച മനീഷി

Last Updated: December 31, 2024By

മഅ്ദിന്‍ അക്കാദമി സെക്രട്ടറിയും സുന്നി പ്രസ്ഥാനിക നേതാവും പൗര പ്രമുഖനുമായ സ്വലാത്ത് നഗര്‍ സി കെ അബൂബക്കര്‍ ഹാജി എന്ന കുഞ്ഞാപ്പു ഹാജിയുടെ വിയോഗം തീരാനഷ്ടമായി. 1989ലും മറ്റു സന്ദര്‍ഭങ്ങളിലും മലപ്പുറത്ത് സുന്നീ സംഘ കുടുംബം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം പ്രതിരോധത്തിന്റെ ഊര്‍ജമായിരുന്നു കുഞ്ഞാപ്പു ഹാജി. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ സന്തത സഹചാരിയായി മഅ്ദിന്റെ സ്ഥാപിത കാലം തൊട്ടെ നില കൊണ്ട അദ്ദേഹം മഅദിന്‍ പ്രസ്ഥാനത്തെ നെഞ്ചേറ്റുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. കോണാംപാറയില്‍ നിന്നും ഇറങ്ങേണ്ട സാഹചര്യം സംജാതമായപ്പോള്‍ ഖലീല്‍ ബുഖാരി തങ്ങളെ സ്വലാത്ത് നഗറിലേക്ക് ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ മുന്നിട്ടിറങ്ങിയത് കുഞ്ഞാപ്പു ഹാജിയായിരുന്നു.

പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ പോലുമില്ലാതിരുന്ന സ്വലാത്ത് നഗറിലെ തറയിന്മാല്‍ പള്ളിയിലേക്കായിരുന്നു തങ്ങളുടെയും കുട്ടികളും വരവ്. അവിടുന്നാണ് പ്രകാശമുള്ള തുടര്‍ച്ചയിലേക്ക് നാന്ദികുറിക്കുന്നത്. 118 കുട്ടികളില്‍ നിന്ന് 30000 കുട്ടികളിലേക്കും ഒരു പള്ളി ദര്‍സില്‍ നിന്ന് അമ്പതിലധികം സ്ഥാപനങ്ങളിലേക്കും മഅ്ദിന്‍ വളര്‍ന്നതിന്റെ പ്രധാനപങ്കും കുഞ്ഞാപ്പു ഹാജിക്കാണ്. വിദ്യാര്‍ഥികള്‍ക്കൊരു പിതാവായി, ഗുരുനാഥനായി, സംരക്ഷകനായി ഖലീല്‍ ബുഖാരി തങ്ങളുടെ ജീവിതത്തിലെ സഹയാത്രികനായി പ്രതിസ്വരങ്ങളേറെ ഉയര്‍ന്നപ്പോഴും എല്ലാ ത്യാഗവും സഹിച്ച്, മല പോലെ ഉറച്ച് നിന്ന് തങ്ങള്‍ക്കൊപ്പം ജീവിച്ച ചരിത്രമാണ് കുഞ്ഞാപ്പുഹാജിക്കുള്ളത്. തന്റെ ചിന്തയും നിരീക്ഷണങ്ങളും എല്ലാമുപയോഗിച്ച് സ്ഥാപനത്തിന്റെ വലിയ സ്വപ്ന പദ്ധതികള്‍ക്ക് കരുത്തുപകരുകയായിരുന്നു കുഞ്ഞാപ്പുഹാജി.

വ്യക്തി ശുദ്ധിയും ഇടപെടലുകളും എല്ലാം കൃത്യമായിരുന്നു. സാമ്പത്തികമായും ശാരീരികമായും ഖലീല്‍ ബുഖാരി തങ്ങളെ ഏറെ സഹായിക്കുകയും തന്റെ മക്കള്‍ക്കെല്ലാം ഉന്നത നിലവാരമുള്ള കാമ്പസുകല്‍ പഠന സാഹചര്യമൊരുക്കി പിന്നീട് മഅദിന്‍ അക്കാദമിക് തുടര്‍ച്ചയുടെ പ്രകാശം പരത്തുന്ന സേവകരാക്കുകയും ചെയ്തത് കുഞ്ഞാപ്പു ഹാജിയെന്ന വലിയ മനുഷ്യന്റെ വ്യക്തിവൈഭവത്തിന്റെ ശക്തിയും സൗന്ദര്യവുമാണ്.

മഅ്ദിന്‍ അക്കാദമി സെക്രട്ടറിയും സുന്നി പ്രസ്ഥാനിക നേതാവും പൗര പ്രമുഖനുമായ സ്വലാത്ത് നഗര്‍ സി കെ കുഞ്ഞാപ്പു ഹാജി മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയോടൊപ്പം (ഫയല്‍)
മഅ്ദിന്‍ അക്കാദമി സെക്രട്ടറിയും സുന്നി പ്രസ്ഥാനിക നേതാവും പൗര പ്രമുഖനുമായ സ്വലാത്ത് നഗര്‍ സി കെ കുഞ്ഞാപ്പു ഹാജി മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയോടൊപ്പം (ഫയല്‍)

ലക്ഷ്യത്തില്‍ നിന്നും പിഴച്ചുകൊണ്ടുള്ള യാതൊരുവിധ സാഹചര്യങ്ങള്‍ക്കും സാധ്യത നല്‍കാത്ത വിധം കൃത്യമായി ഓരോ കാര്യങ്ങളെയും വിജയിപ്പിച്ചെടുത്ത പാരമ്പര്യമാണ് കുഞ്ഞാപ്പു ഹാജിക്കുള്ളത്. അതിന്റെ ബഹിര്‍സ്ഫുരണങ്ങളാണ് മയ്യിത്ത് നിസ്‌കാരത്തിനും അനുബന്ധകര്‍മത്തിനുമായെത്തിയ ആയിരങ്ങള്‍. സാര്‍ത്ഥകമായ ജീവിതത്തിലൂടെ പുതുമയുടെ പ്രൗഢിയും പ്രതാപവും എല്ലാമാസ്വദിച്ച് മികവിന്റെ അംഗീകാരങ്ങള്‍ നേടി ജീവിതം ധന്യമാക്കിയ കുഞ്ഞാപ്പു ഹാജിയുടെ ഓര്‍മകളില്‍ മഅ്ദിനും പ്രസ്ഥാനവും സാഭിമാനം കൊള്ളും.

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment