മുപ്പത് ഇന കര്‍മ പദ്ധതികളുമായി മഅ്ദിന്‍ അക്കാദമി റമസാന്‍ ക്യാമ്പയിന്‍ റമസാന്‍ 27-ാം രാവില്‍ ലഹരിക്കെതിരെ രാജ്യത്തെ ഏറ്റവും വലിയ കൂട്ടായ്മ സംഘടിപ്പിക്കും

Last Updated: March 26, 2025By

വിശുദ്ധ റമസാനില്‍ വ്യത്യസ്തങ്ങളായ മുപ്പത് ഇന കര്‍മ പദ്ധതികളുമായി മഅ്ദിന്‍ അക്കാദമിയുടെ റമസാന്‍ ക്യാമ്പയിന്‍. ഇഫ്ത്വാര്‍ അടക്കമുള്ള റമസാന്‍ പരിപാടികള്‍ പരിസ്ഥിതി സൗഹൃദമായാണ് സംഘടിപ്പിക്കുക. ലഹരിയുടെ ഉപയോഗവും അത് കാരണമായി ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും ക്രിമിനല്‍ കുറ്റകൃത്യങ്ങളും വര്‍ധിച്ച സാഹചര്യത്തില്‍ ലഹരിക്കെതിരെ വിവിധ പരിപാടികള്‍ നടത്തും. റമസാന്‍ 27-ാം രാവില്‍ ലഹരിക്കെതിരെ രാജ്യത്തെ ഏറ്റവും വലിയ കൂട്ടായ്മ സംഘടിപ്പിക്കും. ഒരു ലക്ഷം സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ലഹരി ബോധവത്കരണ ക്ലാസ്സ്, അഞ്ച് ലക്ഷം കുടുംബങ്ങള്‍ക്ക് ലഹരി നിര്‍മാര്‍ജന മാര്‍ഗരേഖ കൈമാറല്‍, ലഹരിമുക്ത നാട് പദ്ധതി, ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് സൗജന്യ ഹെല്‍പ് ലൈനും കൗണ്‍സലിംഗും, 1000 കിലോമീറ്റര്‍ ബോധവത്കരണ യാത്ര തുടങ്ങിയ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. റമസാന്‍ ഒന്ന് മുതല്‍ 30 വരെ മഅ്ദിന്‍ കാമ്പസില്‍ യാത്രക്കാര്‍, ആശുപത്രികളിലെ രോഗികള്‍, കൂട്ടിരിപ്പുകാര്‍ തുടങ്ങിയവരുടെ സൗകര്യത്തിനായി ഇഫ്ത്വാര്‍ സംഗമം ഒരുക്കും. റമസാന്‍ ഒന്നിന് മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ഇഅതികാഫ് ജല്‍സ (പൂര്‍ണമായും പള്ളിയില്‍ താമസിച്ച് ആരാധനാ കര്‍മങ്ങളില്‍ മുഴുകല്‍) ആരംഭിക്കും. ജല്‍സക്കെത്തുന്നവര്‍ക്ക് നോമ്പുതുറ, അത്താഴം, മുത്താഴം, താമസമടക്കമുള്ള സൗകര്യങ്ങളുണ്ടാകും.
റമസാനിലെ ആദ്യ വെള്ളിയാഴ്ച മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ നടക്കുന്ന ജുമുഅക്കും മആശിറ, ബാങ്ക് വിളിക്കും പ്രഭാഷണത്തിനും ഭിന്നശേഷി പണ്ഡിതര്‍ നേതൃത്വം നല്‍കും. സമൂഹത്തിലെ ഉന്നത നിലങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടവരാണ് ഭിന്നശേഷി സുഹൃത്തുക്കള്‍. റമസാനിലെ ഏറ്റവും പുണ്യം നിറഞ്ഞ വെള്ളിയാഴ്ചയില്‍ ആരാധനാ കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുന്നതിലൂടെ ചേര്‍ത്തുവെക്കലിന്റെ സന്ദേശമുയര്‍ത്താനാകും.
യുഎഇ, മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും കേരളത്തിനകത്തും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും തറാവീഹിനും ദീനീ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും മഅ്ദിന്‍ അക്കാദമിയിലെ ഇരുനൂറോളം വിദ്യാര്‍ത്ഥികള്‍ യാത്ര തിരിച്ചു.
മാര്‍ച്ച് അഞ്ച് മുതല്‍ 20 വരെ ‘നല്ല കുടുംബം നല്ല സമൂഹം’ എന്ന ശീര്‍ഷകത്തില്‍ വനിതകള്‍ക്കായി ഇസ്ലാമിക് ഹോം സയന്‍സ് ക്ലാസ് സംഘടിപ്പിക്കും. രാവിലെ 10 മുതല്‍ 12 വരെ നടക്കുന്ന പരിപാടിക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും.
കര്‍മശാസ്ത്ര വിഷയങ്ങളില്‍ സംശയ നിവാരണത്തിനും അവസരമുണ്ടാവും.
പ്രീ മാരിറ്റല്‍ കൗണ്‍സലിംഗ്, പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ്, പാചക കല, സ്‌കില്‍ ഡെവലപ്പ്മെന്റ്, ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സ്റ്റൈല്‍ എന്നീ സെഷനുകളില്‍ വനിതകള്‍ക്ക് പരിശീലനം നല്‍കും.
വേനല്‍ രൂക്ഷമായ സാഹചര്യത്തില്‍ ജല സംരക്ഷണത്തിന്റെ പ്രാധാന്യം വിളംബരം ചെയ്യുന്ന വിവിധ പരിപാടികളും ട്രാഫിക് ബോധവത്കരണവും സംഘടിപ്പിക്കും. മാര്‍ച്ച് 22ന് ലോക ജലദിനത്തില്‍ ജലസംരക്ഷണ പ്രതിജ്ഞയും സെമിനാറും സംഘടിപ്പിക്കും.
മാര്‍ച്ച് 08ന് ശനിയാഴ്ച രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ 12 മണിക്കൂര്‍ ബദ് ര്‍, ഖൈബര്‍ കിസ്സപ്പാട്ട് സംഘടിപ്പിക്കും. 16 ഗായകരും 16 കാഥികരും നേതൃത്വം നല്‍കും. മാര്‍ച്ച് 09ന് ഞായറാഴ്ച ഉച്ചക്ക് ഒന്നിന് സകാത് സെമിനാര്‍ നടക്കും. പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതന്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി നേതൃത്വം നല്‍കും.

വിവിധ സമയങ്ങളിലായി പൊതുജനങ്ങള്‍ക്ക് നാട്ടുദര്‍സ് നടക്കും. നോമ്പ് ഒന്ന് മുതല്‍ എല്ലാ ദിവസവും പുലര്‍ച്ചെ 4 ന് ആത്മീയ ജല്‍സയും വൈകുന്നേരം 5 മുതല്‍ അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക പഠനക്യാമ്പും ഇഫ്ത്വാര്‍ സല്‍ക്കാരവുമൊരുക്കും. 5.30 മുതല്‍ നോമ്പ് തുറ വരെ പ്രമുഖ സയ്യിദന്മാരുടെ നേതൃത്വത്തില്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ മജ്ലിസുല്‍ ബറക ആത്മീയ വേദി സംഘടിപ്പിക്കും. റമസാനിലെ എല്ലാ ദിവസവും ഗ്രാന്റ് മസ്ജിദില്‍ ഉച്ചക്ക് ഒന്ന് മുതല്‍ ചരിത്രപഠനം നടക്കും. പ്രമുഖ ചരിത്രകാരനും പണ്ഡിതനുമായ അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി നേതൃത്വം നല്‍കും. വൈകുന്നേരം 4 ന് നടക്കുന്ന കര്‍മ ശാസ്ത്ര പഠനത്തിന് സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി നേതൃത്വം നല്‍കും.

റമസാനിലെ വെള്ളിയാഴ്ചകളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെ അല്‍കഹ്ഫ് ജല്‍സയും ജുമുഅ പ്രഭാഷണവും നടക്കും.
നോമ്പ് പതിനാറിന് ബദര്‍ നേര്‍ച്ചയും മൗലിദ് പാരായണവും സംഘടിപ്പിക്കും. വിശ്വാസ സംരക്ഷണത്തിന് ധര്‍മ്മ സമരത്തിനിറങ്ങിയ 313 ബദ് രീങ്ങളുടെ പേരുകള്‍ ഉരുവിട്ട്, പ്രാര്‍ത്ഥനയോടെ പിരിയുന്ന വേദിയില്‍ ആയിരക്കണക്കിനാളുകള്‍ സംബന്ധിക്കും. ഖുര്‍ആന്‍ അവതരണ മാസം കൂടിയായ പുണ്യമാസത്തിലെ ഞായറാഴ്ചകളില്‍ ഏഴു മണി മുതല്‍ സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ സംഘടിപ്പിക്കുന്നുണ്ട്. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട് നേതൃത്വം നല്‍കും.
ഖത്മുല്‍ ഖുര്‍ആന്‍, മഹല്ല് കൂട്ടായ്മ, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം തുടങ്ങിയ പരിപാടികളും കാമ്പയിന്‍ കാലയളവില്‍ സംഘടിപ്പിക്കും. കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ റിലീഫ് ക്യാമ്പുകള്‍ സംഘടിപ്പിക്കും.
കേള്‍വി – കാഴ്ച- ബുദ്ധിപരിമിതര്‍ക്ക് ആശ്വാസ കിറ്റ് വിതരണം, ഖുര്‍ആന്‍ ഹിഫ്ള്, പാരായണ, ബാങ്ക് വിളി മത്സരം, മദ്രസാ അധ്യാപകര്‍ക്കും മഹല്ല് നേതൃത്വത്തിനും ഭിന്നശേഷി മേഖലയെ പരിചയപ്പെടുത്താനുള്ള ക്യാമ്പ്, പ്രാദേശിക കൂട്ടായ്മകള്‍, ഭിന്നശേഷിക്കാര്‍ക്ക് ശാക്തീകരണ സംഗമം, ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സ്നേഹ സംഗമം, ഇഫ്ത്വാര്‍ മീറ്റ്, വസ്ത്ര വിതരണം, വര്‍ക്ക് ഷോപ്പ്, ഈദ് മീറ്റ് എന്നിവയും സംഘടിപ്പിക്കും. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി മഅ്ദിന്‍ പബ്ലിക്കേഷന്‍സ് വിഭാഗം ഉറവക്ക് കീഴില്‍ റമസാന്‍ സ്പെഷ്യല്‍ പുസ്തക ചന്ത പ്രവര്‍ത്തിക്കും.
റമസാന്‍ 21 മുതല്‍ 25 വരെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്ന വിഭവ സമാഹരണ യാത്രക്ക് സ്വീകരണം നല്‍കും.
റമസാന്‍ 27-ാം രാവില്‍ ജനലക്ഷങ്ങള്‍ സംബന്ധിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനം നടക്കും. ലഹരിക്കെതിരെയുള്ള പ്രതിജ്ഞയും ബോധവല്‍ക്കരണവും ലോക സമാധാനത്തിനുള്ള പ്രാര്‍ത്ഥനയും നടക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.
സ്വലാത്ത് നഗറിലെ റമസാന്‍ പരിപാടികള്‍ മഅ്ദിന്‍ വെബ്സൈറ്റ് വഴിയും മറ്റ് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴിയും വെബ്കാസ്റ്റ് ചെയ്യുന്നുണ്ട്. പ്രാര്‍ത്ഥനാ സമ്മേളന പരിപാടികളുടെ നടത്തിപ്പിനായി 5555 അംഗ സ്വാഗതസംഘം രൂപവത്കരിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനാ സമ്മേളന സ്വാഗതസംഘ രൂപവത്കരണ കണ്‍വെന്‍ഷന്‍ മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്റാഹീം ബാഖവി അദ്ധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി.എം മുസ്തഫ കോഡൂര്‍, എസ്.വൈ.എസ് ജില്ലാ സെക്രട്ടറിമാരായ എം. ദുല്‍ഫുഖാര്‍ അലി സഖാഫി, സൈദ് മുഹമ്മദ് അസ്ഹരി, സുല്‍ഫീക്കര്‍ അരീക്കോട്, കേരള മുസ്്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് പി.സുബൈര്‍ കോഡൂര്‍, സിദ്ദീഖ് മുസ്്ലിയാര്‍ മക്കരപ്പറമ്പ്, എഞ്ചിനീയര്‍ അഹ്‌മദ് അലി എന്നിവര്‍ സംബന്ധിച്ചു.
റമസാന്‍ പരിപാടികളുടെ ഭാഗമായി മഅ്ദിന്‍ അക്കാദമിയില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും: 9645338343, 9633677722

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment