മഅ്ദിന്‍ സംസ്ഥാനതല ഹജ്ജ് ക്യാമ്പിന് ആയിരങ്ങള്‍; തല്‍ബിയത്തിന്റെ മന്ത്ര ധ്വനികളുമായി സ്വലാത്ത്‌നഗര്‍

Last Updated: September 10, 2024By

ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്കായി മഅ്ദിന്‍ അക്കാദമി സംഘടിപ്പിച്ച 23-ാമത് സംസ്ഥാനതല ഹജ്ജ് ക്യാമ്പിന് പ്രൗഢമായ സമാപനം. മഅദിന്‍ കാമ്പസില്‍ നടന്ന പരിപാടി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. ഹജ്ജ് നല്‍കുന്നത് മാനവികതയുടെ സന്ദേശമാണ്. യഥാര്‍ത്ഥ ഹജ്ജ് നിര്‍വ്വഹിച്ചവന് സഹജീവിയോട് വിദ്വേഷത്തിന്റെയോ വെറുപ്പിന്റെയോ ഭാഷയില്‍ പെരുമാറാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ഹജ്ജ് പണ്ഡിതന്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ക്ലാസ് നയിച്ചു. മാതൃകാ കഅബയുടെ സഹായത്തോടെയുള്ള അവതരണം ഹാജിമാര്‍ക്ക് ഏറെ ഉപകാരപ്രദമായി. ഇബ്‌റാഹീം ബാഖവി മേല്‍മുറി സംശയ നിവാരണത്തിന് നേതൃത്വം നല്‍കി. സംസ്ഥാന ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി എന്‍. മുഹമ്മദലി, സംസ്ഥാന ഹജ്ജ് കോ-ഓര്‍ഡിനേറ്റര്‍ അഷ്‌റഫ് അരയങ്കോട്, മാസ്റ്റര്‍ ട്രെയ്‌നര്‍ പി പി മുജീബുര്‍റഹ്മാന്‍, അശ്‌റഫ് സഖാഫി പൂപ്പലം, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ പ്രസംഗിച്ചു.

ഹജ്ജിന് അവസരം ലഭിച്ചവരില്‍ ഏറ്റവും കൂടുതല്‍ മലബാര്‍ ഏരിയയില്‍ നിന്നാണ്. കരിപ്പൂര്‍ വിമാനത്താവളത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി പരിഗണിക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയിലാക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ അടിയന്തിര ഇടപെടലുകള്‍ നടത്തണമെന്നും ഹജ്ജ് ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ആശ്രയിക്കുന്ന വിമാനത്താവളം എന്ന നിലയില്‍ എയര്‍പോര്‍ട്ടിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിലെ കാലതാമസം ആശങ്കപ്പെടുത്തുന്നതാണ്. വിവിധ തടസ്സങ്ങള്‍ പറഞ്ഞ് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ സര്‍വ്വീസ് പുനസ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാവണം. വൃദ്ധരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങളാണ് ഓരോ ദിവസവും ഇതിന്റെ പ്രയാസങ്ങളനുഭവിക്കുന്നത്. ഇത് പരിഹരിക്കാനുള്ള അടിയന്തിര നടപടികളുണ്ടാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയായിരുന്നു ക്യാമ്പ്. സര്‍ക്കാര്‍ ഹജ്ജ് കമ്മിറ്റി മുഖേനയും സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും ഹജ്ജിന് പുറപ്പെടുന്ന ആയിരങ്ങള്‍ ക്യാമ്പില്‍ സംബന്ധിച്ചു. ക്യാമ്പില്‍ പങ്കെടുത്ത ഹാജിമാര്‍ക്ക് സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയതു. ക്യൂആര്‍ കോഡ് സംവിധാനത്തിലുള്ള ഹജ്ജ് ഉംറ: കര്‍മം, ചരിത്രം, അനുഭവം എന്ന പുസ്തകവും ചടങ്ങില്‍ വിതരണം ചെയ്തു.

ഹാജിമാര്‍ക്കുള്ള സേവനത്തിന് ഹജ്ജ് ഹെല്‍പ് ലൈനും മിംഹാര്‍ ശുശ്രൂഷാ കൗണ്ടറും നഗരിയില്‍ സജ്ജീകരിച്ചിരുന്നു. ക്യാമ്പിനെത്തിയ സ്ത്രീകളടക്കമുള്ളവര്‍ക്ക് ഒരേസമയം പരിപാടി വീക്ഷിക്കുന്നതിന് സ്‌ക്രീന്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. വിദൂരങ്ങളില്‍ നിന്നുള്ളവര്‍ തലേദിവസം തന്നെ സ്വലാത്ത് നഗറിലെത്തി. സ്ത്രീകള്‍ക്ക് പ്രാഥമിക കര്‍മങ്ങള്‍, നിസ്‌കാരം എന്നിവ നിര്‍വ്വഹിക്കുന്നതിന് മഅദിന്‍ ഓഡിറ്റോറിയം, പബ്ലി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കി.

ഹാജിമാര്‍ക്ക് വേണ്ട സേവനങ്ങള്‍ ചെയ്ത് കര്‍മ്മ രംഗത്ത് സജീവമായ സന്നദ്ധ സേവക സംഘം ഹാജിമാരുടെ പ്രശംസ പിടിച്ചു പറ്റി. വൈകുന്നേരം മൂന്നിന് അനാഥ, ഹിഫ്‌ള്, സാദാത്ത് വിദ്യാര്‍ത്ഥികളുടെ സാന്നിധ്യത്തില്‍ ഹാജിമാര്‍ക്ക് പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment