ഖലീല്‍ തങ്ങളുടെ ജീവിതകഥ വലിയ പാഠം -കാന്തപുരം ജീവിതം ഇതുവരെ ആത്മകഥ പ്രകാശനം ചെയ്തു

Last Updated: February 19, 2025By

പ്രതിസന്ധികളെ ഒരാള്‍ എങ്ങനെയാണ് അവസരങ്ങളാക്കി മാറ്റുന്നതെന്ന, നിസ്സഹായാതകളെ പ്രതീക്ഷകളാക്കി പരിവര്‍ത്തിപ്പിക്കുന്നതെന്ന വലിയ പാഠമാണ് സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ ജീവിതകഥയുടെ മര്‍മ്മമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. വിപുലമായ യാത്രകളിലൂടെയും തീക്ഷ്ണമായ പരീക്ഷണങ്ങളിലൂടെയും അദ്ദേഹം നേടിയെടുത്ത അനുഭവങ്ങളുടെ ഗുണഫലങ്ങള്‍ വലിയൊരു സമൂഹത്തിനു കൂടി അനുഭവിക്കാന്‍ സഹായിക്കുന്നതാണ് ‘ജീവിതം ഇതുവരെ’ എന്ന ആത്മകഥയെന്നും അദ്ദേഹം പറഞ്ഞു.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ ഖലീല്‍ ബുഖാരിയുടെ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ആത്മകഥ ‘ജീവിതം ഇതുവരെ’ കാരന്തൂര്‍ മര്‍ക്കസ് വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ഗ്രാന്‍ഡ് ഖത്മുല്‍ ബുഖാരിയില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. യെമനില്‍നിന്നുള്ള ലോകപ്രശസ്ത പണ്ഡിതന്‍ അല്‍ ഹബീബ് ഉമര്‍ ബിന്‍ ഹഫീസ് പുസ്തകം ഏറ്റുവാങ്ങി. മാതൃഭൂമി മലപ്പുറം ന്യൂസ് എഡിറ്റര്‍ ആര്‍. ഗിരീഷ് കുമാറാണ് പുസ്തകത്തിന്റെ രചന നിര്‍വഹിച്ചത്.

കടലുണ്ടിയില്‍നിന്ന് ഇന്ത്യന്‍ മുസ്ലിം നേതൃനിരയിലേക്കുള്ള ഖലീല്‍ അല്‍ ബുഖാരി തങ്ങളുടെ വളര്‍ച്ചയുടെ ചരിത്രം വലിയൊരര്‍ഥത്തില്‍ തന്റെ പ്രാസ്ഥാനിക ചരിത്രത്തിന്റെ കൂടി ഭാഗമാണെന്ന് കാന്തപുരം പറഞ്ഞു. കേരളത്തിലെ മറ്റു പല മുസ്ലിം നേതാക്കളില്‍ നിന്നും വ്യത്യസ്തമായ ഒട്ടേറെ ഘടകങ്ങള്‍ ആ വളര്‍ച്ചയിലുണ്ട്. പുതു തലമുറയ്ക്ക് അതില്‍ ധാരാളം പാഠങ്ങളും ഉണ്ട്. വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ മുസ്ലിം മുഖ്യധാരയിലെ ശ്രദ്ധേയമായ സാന്നിധ്യമായി മാറാന്‍ അദ്ദേഹത്തിനു കഴിഞ്ഞതിനു പിന്നിലെ പ്രധാന കാരണം പിന്നാക്ക സാമൂഹിക വിഭാഗങ്ങളുടെ പുരോഗതിക്കായി മുന്‍ മാതൃകകകളില്ലാത്ത പുതിയ മേഖലകളും പദ്ധതികളും കണ്ടെത്തി അവതരിപ്പിക്കാനും അവ നടപ്പില്‍ വരുത്താനുമുള്ള അദ്ദേഹത്തിന്റെ മിടുക്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിപാടിയില്‍ ഡോ. ഉമര്‍ മഹ്മൂദ് ഹുസൈന്‍ സാമ്രായി ബഗ്ദാദ്, ശൈഖ് റഹ്മത്തുല്ല തിര്‍മിദി താഷ്‌കന്റ്,ശൈഖ് ബിലാല്‍ ഹലാഖ് കാലിഫോര്‍ണിയ, ശൈഖ് രിള്വാന്‍ ഇബ്റാഹീം മോഫ് റഷ്യ,ഹബീബ് ജിന്‍ഡാല്‍ ബിന്‍ നൗഫല്‍ ഇന്തോനേഷ്യ, മര്‍കസ് ഡയറക്ടര്‍ സി മുഹമ്മദ് ഫൈസി, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ.അബ്ദുല്‍ ഹകീം അസ്ഹരി എന്നിവര്‍ പങ്കെടുത്തു.

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment