മഅ്ദിന്‍ അക്കാദമി റമളാന്‍ ക്യാമ്പയിന്‍: വൈവിധ്യമാര്‍ന്ന പദ്ധതികളുമായി സ്വലാത്ത് നഗര്‍ ഒരുങ്ങി
വിശുദ്ധ റമളാനില്‍ വിശ്വാസികള്‍ക്ക് ആരാധനാ കര്‍മങ്ങളിലും വിജ്ഞാന സമ്പാദനത്തിലും സജീവമാകാനുള്ള വിപുലമായ സൗകര്യങ്ങളുമായി മഅ്ദിന്‍ അക്കാദമി റമളാന്‍ ക്യാമ്പയിന്‍ പ്രഖ്യാപിച്ചു. സ്വലാത്ത് നഗറിലും അനുബന്ധ കേന്ദ്രങ്ങളിലുമായി നിരവധി കര്‍മ പദ്ധതികളാണ് ഈ വര്‍ഷം വിഭാവനം ചെയ്തിരിക്കുന്നത്. റമളാന്‍ ഒന്ന് മുതല്‍ മുപ്പത് വരെ കാമ്പസില്‍ ഒരുക്കുന്ന ഇഫ്ത്വാര്‍ സംഗമങ്ങള്‍ പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള പരിസ്ഥിതി സൗഹൃദ പരിപാടികളായിരിക്കും. യാത്രക്കാര്‍, സമീപത്തെ ഹോസ്പിറ്റലുകളിലെ രോഗികള്‍, കൂട്ടിരിപ്പുകാര്‍ എന്നിവര്‍ക്കായി വിപുലമായ നോമ്പുതുറ സൗകര്യങ്ങളാണ് ഇവിടെ സജ്ജീകരിക്കുന്നത്. കൂടാതെ, റമസാന്‍ ഒന്ന് മുതല്‍ മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ ആരംഭിക്കുന്ന ഇഅ്തികാഫ് ജല്‍സയില്‍ പങ്കെടുക്കുന്നവര്‍ക്ക് താമസം, നോമ്പുതുറ, അത്താഴം എന്നിവ ലഭ്യമാക്കും. മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദിന് പുറമെ ഇത്തവണ പുതുതായി കൊളായില്‍ ഉദ്ഘാടനം നിര്‍വഹിച്ച മഅദിന്‍ ടെക്‌നോറിയം മസ്ജിദിലും വിവിധങ്ങളായ പരിപാടികള്‍ നടക്കും.
സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഭിന്നശേഷിക്കാരെ ചേര്‍ത്തുപിടിക്കുക എന്ന ലക്ഷ്യത്തോടെ റമസാനിലെ ആദ്യ വെള്ളിയാഴ്ചയിലെ ആരാധനാ കര്‍മ്മങ്ങള്‍ക്ക് ഭിന്നശേഷി പണ്ഡിതര്‍ നേതൃത്വം നല്‍കും. സ്ത്രീകള്‍ക്കായി പ്രത്യേകമായി സംഘടിപ്പിക്കുന്ന ‘ഇസ്ലാമിക് ഹോം സയന്‍സ്’ ക്ലാസിന് ശനിയാഴ്ച തുടക്കമാകും. രാവിലെ 10 മുതല്‍ 12വരെ നടക്കുന്ന വനിതാ ക്യാമ്പില്‍ പ്രീമാരിറ്റല്‍ കൗണ്‍സലിംഗ്, പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ്, കര്‍മശാസ്ത്ര പഠനം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ചരിത്ര പഠന രംഗത്ത് വലിയ പ്രാധാന്യമുള്ള ബദ്ര്‍ കിസ്സപ്പാട്ട് മാര്‍ച്ച് 01ന് നടക്കും. ഒരു പകല്‍ 12 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ ആവിഷ്‌കാരത്തോടൊപ്പം, പാടിപ്പറയല്‍ രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന കണ്ടമംഗലം ഹംസ മുസ്ലിയാരുടെ ബദ്ര്‍ പുസ്തക പ്രകാശനവും ചടങ്ങില്‍ നടക്കും.
വിജ്ഞാന ദാഹികള്‍ക്കായി വിപുലമായ പഠന ക്ലാസുകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരിയുടെ നേതൃത്വത്തില്‍ ദിവസവും ഉച്ചക്ക് ഒന്നിന് ചരിത്ര പഠന ക്ലാസും, ഇബ്റാഹീം ബാഖവി മേല്‍മുറിയുടെ നേതൃത്വത്തില്‍ കര്‍മശാസ്ത്ര പഠനവും നടക്കും. റമളാന്‍ മൂന്ന് മുതല്‍ മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ രാവിലെ 9മുതല്‍ സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫിയുടെ നേതൃത്വത്തില്‍ കര്‍മശാസ്ത്ര ഗ്രന്ഥമായ മിന്‍ഹാജ് ക്ലാസ്സും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി ലോകപ്രശസ്ത ഖാരിഉകളുടെ പാരായണം ശ്രവിക്കാനും പഠിക്കാനും ഖുര്‍ആന്‍ ഖൈമയൊരുക്കും. വൈകുന്നേരം 5.30ന് സയ്യിദന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന മജ്ലിസുല്‍ ബറക ആത്മീയ സംഗമവും പൊതുജനങ്ങള്‍ക്കായി വിവിധ സമയങ്ങളില്‍ നാട്ടുദര്‍സും ക്യാമ്പയിന്റെ ഭാഗമായി നടക്കും. റമളാന്‍ 16ന് ഉച്ചക്ക ഒന്ന് മുതല്‍ ബദ്ര്‍ അനുസ്മരണ സംഗമം നടക്കും, ബദ്ര്‍ സമരത്തില്‍ പോരാടിയ യോദ്ധാക്കളുടെ പേര് ഉച്ചരിച്ച് നടക്കുന്ന പ്രാര്‍ഥനയില്‍ ആയിരങ്ങള്‍ സംബന്ധിക്കും.
കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്ന ക്യാമ്പയിന്റെ ഭാഗമായി പിന്നോക്ക മേഖലകളില്‍ റിലീഫ് ക്യാമ്പുകള്‍, ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസ കിറ്റ് വിതരണം, വസ്ത്ര വിതരണം, ഈദ് മീറ്റ് എന്നിവ സംഘടിപ്പിക്കും. വിശുദ്ധ റമളാനില്‍ വിദേശരാജ്യങ്ങളിലും കേരളത്തിന് പുറത്തുമായി വിവിധ സ്ഥലങ്ങൡ നിസ്‌കാരങ്ങള്‍ക്കും മറ്റും നേതൃത്വം നല്‍കുന്നതിന് 150ലേറെ വിദ്യാര്‍ഥികള്‍ ഇന്നലെ യാത്രതിരിച്ചു.
ക്യാമ്പയിന്റെ സമാപനമായി റമളാന്‍ 27ാം രാവില്‍ ജനലക്ഷങ്ങള്‍ സംബന്ധിക്കുന്ന മഹാ പ്രാര്‍ത്ഥനാ സമ്മേളനം നടക്കും. ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണവും ലോക സമാധാനത്തിനായുള്ള പ്രാര്‍ഥനയും ചടങ്ങിലുണ്ടാകും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
മഅദിന്‍ അക്കാദമിക്ക് കീഴില്‍ വിശുദ്ധ റമളാനില്‍ കേരളത്തിനകത്തും പുറത്തുമായി നടക്കുന്ന വിവിധ പരിപാടികളുടെ ലോഗോ പ്രകാശനം ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വഹിച്ചു.
editor's pick
latest video
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
