ഒരു പകല്‍ മുഴുവന്‍ ആത്മീയതയിലലിഞ്ഞ് സ്വലാത്ത് നഗര്‍; മഅദിന്‍ മുഹറം സമ്മേളനത്തിന് ആയിരങ്ങള്‍

Last Updated: September 10, 2024By Tags: ,

വിശ്വാസികള്‍ക്ക് ആത്മനിര്‍വൃതിയേകി സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച മുഹര്‍റം ആശൂറാ സമ്മേളനത്തിന് പ്രൗഢ സമാപനം. ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന ആരാധനാ കര്‍മങ്ങളില്‍ പങ്കുകൊള്ളാന്‍ സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് സ്വലാത്ത് നഗറിലേക്കൊഴുകിയത്. മാനവിക ചരിത്രത്തില്‍ ഒട്ടേറെ സുപ്രധാന സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ഒരു പകല്‍ മുഴുവന്‍ ദിക്റുകളും പ്രാര്‍ത്ഥനകളുമുരുവിട്ട് അവര്‍ സ്വലാത്ത് നഗറില്‍ സംഗമിച്ചു. ജീവിതത്തില്‍ വന്നുപോയ അവിവേകങ്ങള്‍ക്ക് നാഥനോട് മാപ്പിരന്ന്് അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ചും ജീവിതത്തിന്റെ സുഖ ദുഃഖങ്ങളേറ്റെടുക്കാന്‍ തയ്യാറായുമാണ് വിശ്വാസികള്‍ പുതുവര്‍ഷത്തെ വരവേറ്റത്.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇസ്ലാമിക ചരിത്രത്തിലെ കറുത്ത അധ്യായമായ കര്‍ബലയെ മുന്‍നിര്‍ത്തി മുഹര്‍റം പത്തിന് വേദനയുടെയും വെറുപ്പിന്റെയും പരിവേഷമണിയിക്കുന്നത് സ്രഷ്ടാവിന്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നതിന് തുല്യമാണെന്നും ഇത്തരം പുണ്യദിനങ്ങളില്‍ ദുഃഖാചരണത്തിന്റെ ഭാഗമായി നടക്കുന്ന ആഭാസങ്ങള്‍ക്ക് ഇസ്ലാമിന്റെ പിന്തുണയില്ലെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ നിര്‍മാര്‍ജനം പ്രാവര്‍ത്തികമാക്കുന്നതിന് വിശ്വാസികള്‍ പ്രതിജ്ഞയെടുത്തു.
മുഹറം ആത്മീയ സംഗമത്തില്‍ സംബന്ധിക്കാനായി നിരവധി വിശ്വാസികള്‍ ചൊവ്വാഴ്ച രാത്രി തന്നെ മഅദിന്‍ അക്കാദമിയില്‍ എത്തിയിരുന്നു.

ആശൂറാഅ് സംഗമത്തിനെത്തിയ വിശ്വാസികള്‍ക്ക് വിഭവ സമൃദ്ധമായ നോമ്പ്തുറയും ഒരുക്കി. നോമ്പുതുറക്കുള്ള പലഹാരങ്ങള്‍ പരിസര പ്രദേശങ്ങളിലെ ഉമ്മമാരാണ് തയ്യാറാക്കിയത്. നിരവധി സയ്യിദന്മാരും പണ്ഡിതന്മാരും സംബന്ധിച്ച പരിപാടിയില്‍ പ്രവാചക പൗത്രന്‍ സയ്യിദ് ഹുസൈന്‍(റ) ആണ്ടുനേര്‍ച്ചയും നടന്നു. ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, ഇഖ്ലാസ് പാരായണം, മുഹര്‍റം പത്തിലെ പ്രത്യേക ദിക്റുകള്‍, പ്രാര്‍ത്ഥനകള്‍, ചരിത്ര സന്ദേശപ്രഭാഷണം, തഹ്ലീല്‍, തൗബ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. രാവിലെ എട്ടിന് മഅ്ദിന്‍ ഗ്രാന്റ്് മസ്്ജിദില്‍ ആരംഭിച്ച ആശൂറാഅ് സമ്മേളനം നോമ്പുതുറയോടെയാണ് സമാപിച്ചത്. പരിപാടിയില്‍ സംബന്ധിക്കുന്നതിന് സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. പരിപാടികള്‍ അലോസരങ്ങളില്ലാതെ കാണുന്നതിനും കേള്‍ക്കുന്നതിനും എല്‍.ഇ.ഡി വാള്‍ അടക്കമുള്ള സൗകര്യങ്ങളുമുണ്ടായിരുന്നു.
മുഹര്‍റം ഒന്ന് മുതല്‍ മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ നടന്നുവരുന്ന വിവിധ പരിപാടികളുടെ സമാപന സംഗമം കൂടിയായിരുന്നു സമ്മേളനം.

സയ്യിദ് ഹബീബ് കോയ തങ്ങള്‍ പൊന്മുണ്ടം, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ഹുസൈന്‍ അസ്സഖാഫ് കുറ്റ്യാടി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ബാകിര്‍ ശിഹാബ് തങ്ങള്‍, സയ്യിദ് ഖാസിം സ്വാലിഹ് ഐദ്രൂസി, സയ്യിദ് അഹ്മദുല്‍കബീര്‍ ബുഖാരി, സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്റാഹീം ബാഖവി, കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി ചാലിയം എ.പി അബ്ദുല്‍ കരീം ഹാജി, സംസ്ഥാന സെക്രട്ടറിമാരായ എ. സൈഫുദ്ദീന്‍ ഹാജി തിരുവനന്തപുരം, പി.എം മുസ്തഫ കോഡൂര്‍, കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, ഹുസൈന്‍ നൈബാരി, അബ്ദുസലാം ഫൈസി കൊല്ലം, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സഫറുള്ള ഹാജി എന്നിവര്‍ സംബന്ധിച്ചു.

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment