രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ ആത്മീയ സംഗമം ഏപ്രില്‍ 06 ശനിയാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍

Last Updated: September 10, 2024By

ആയിരം മാസങ്ങളുടെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങള്‍ സംഗമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ പ്രാര്‍ത്ഥനാസംഗമം ഏപ്രില്‍ 6ന് ശനിയാഴ്ച മലപ്പുറം ജില്ലയിലെ സ്വലാത്ത് നഗറില്‍ നടക്കും. ലൈലത്തുല്‍ ഖദ്‌റ് (വിധി നിര്‍ണയ രാത്രി) പ്രതീക്ഷിക്കപ്പെടുന്ന റംസാന്‍ 27-ാം രാവിലാണ് വിശ്വാസി ലക്ഷങ്ങളുടെ ആത്മീയ കൂട്ടായ്മ.
ആത്മീയ-വൈജ്ഞാനിക-കാരുണ്യരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ അക്കാദമിയാണ് വര്‍ഷങ്ങളായി ആത്മീയ സംഗമം സംഘടിപ്പിക്കുന്നത്. ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുന്ന ഈ രാത്രിയില്‍ രാജ്യത്ത് തന്നെ ഏറ്റവുമധികം വിശ്വാസികള്‍ ഒരുമിച്ചുകൂടുന്ന പ്രാര്‍ത്ഥനാവേദികൂടിയാണിത്.
മഅ്ദിന്‍ കാമ്പസില്‍ എല്ലാമാസവും സംഘടിപ്പിച്ചുവരുന്ന സ്വലാത്ത് പ്രാര്‍ത്ഥനാ സംഗമത്തിന്റെ വാര്‍ഷിക വേദി കൂടിയാണ് റംസാന്‍ പ്രാര്‍ത്ഥനാ സമ്മേളനം.

റമളാന്‍ ഒന്ന് മുതല്‍ തന്നെ വിവിധ ആത്മീയ-വൈജ്ഞാനിക സംഗമങ്ങളുമായി മഅ്ദിന്‍ റമസാന്‍ ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ ആത്മീയ വേദികള്‍, വൈജ്ഞാനിക സദസ്സുകള്‍, റിലീഫ്, പഠന ക്യാമ്പുകള്‍, ഇഫ്താര്‍ സംഗമങ്ങള്‍, ഓണ്‍ലൈന്‍ സെഷനുകള്‍, അനുസ്്മരണ വേദികള്‍ എന്നിവ നടന്നുവരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സംഗമിക്കാനെത്തും.
സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി എന്നിവര്‍ പ്രഭാഷണം നടത്തും.
പ്രാര്‍ത്ഥനാ സമ്മേളനത്തിനെത്തുന്നവര്‍ക്ക് സ്വലാത്ത് നഗറില്‍ സമൂഹ ഇഫ്താര്‍ ഒരുക്കും. രാജ്യത്തു തന്നെ ഏറ്റവുമധികം പേര്‍ ഒരുമിക്കുന്ന നോമ്പു തുറയായിരിക്കും ഇത്. ഇസ്ലാമിന്റെ സമഭാവനയുടെ സന്ദേശം നല്‍കുന്ന ഇഫ്താര്‍ പൂര്‍ണമായും ഹരിത നിയമാവലി പാലിച്ചായിരിക്കും സജ്ജീകരിക്കുക. ഇഫ്ത്വാറിന് ശേഷം തസ്ബീഹ് നിസ്‌കാരം, അവ്വാബീന്‍ നിസ്‌കാരം, തറാവീഹ്, വിത്റ് നിസ്‌കാരം എന്നിവ മഅദിന്‍ ഗ്രാന്റ് മസ്ജിദ്, ഓള്‍ഡ് മസ്ജിദ്, പ്രധാന ഗ്രൗണ്ട് എന്നിവിടങ്ങളില്‍ നടക്കും.

രാത്രി ഒമ്പതിന് മുഖ്യവേദിയില്‍ പ്രാര്‍ത്ഥനാസമ്മേളനത്തിന്റെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. പ്രവാചകരുടെ പ്രകീര്‍ത്തനമായ സ്വലാത്ത്, പാപമോചന പ്രാര്‍ത്ഥന, പുണ്യപുരുഷന്മാരുടെയും മഹത്തുക്കളുടേയും അനുസ്മരണം, കണ്ണീരണിഞ്ഞ സമാപന പ്രാര്‍ത്ഥന എന്നിവയാണ് ഈ വിശുദ്ധസംഗമത്തിലെ മുഖ്യ ഇനങ്ങള്‍. സമ്മേളനത്തിനെത്തുന്ന വിശ്വാസികളുടെ സൗകര്യാര്‍ത്ഥം സമ്മേളന നഗരിയിലും പരിസരത്തും വിശാലമായ പന്തലുകളും ഓഡിറ്റോറിയങ്ങളും തയ്യാര്‍ ചെയ്തിട്ടുണ്ട്. പോലീസ്, ഫയര്‍ ഫോഴ്സ്, മെഡിക്കല്‍ വിംഗുകള്‍ ഉള്‍പ്പെടെ നഗരിയിലും പരിസരങ്ങളിലുമായി നൂറിലധികം ഹെല്‍പ്പ് ലൈന്‍ കൗണ്ടറുകള്‍ സജ്ജീകരിക്കുന്നുണ്ട്.
സ്വലാത്ത് നഗറിലെ പ്രധാന നഗരിക്കു പുറമെ വിവിധ ഗ്രൗണ്ടുകളില്‍ വിപുലമായ ശബ്ദ-വെളിച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഇവിടങ്ങളിലെല്ലാം നോമ്പ്തുറ, അത്താഴ സൗകര്യങ്ങളും സജ്ജീകരിക്കും. മഅ്ദിന്‍ വെബ് സൈറ്റ് വഴി വെബ്കാസ്റ്റിനുള്ള സംവിധാനങ്ങളും ഒരുക്കും. പ്രവാസികള്‍ക്കായി പ്രത്യേക ഗള്‍ഫ് കൗണ്ടറും വിദൂരങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അത്താഴ സൗകര്യവും പ്രത്യേകം ഒരുക്കും.
ഭരണകൂടത്തിന്റെയും പോലീസിന്റെയും സഹകരണത്തോടെയാണ് ലക്ഷക്കണക്കിനു വിശ്വാസികള്‍ക്കു വേണ്ട സൗകര്യങ്ങള്‍ സ്വലാത്ത് നഗറില്‍ ഒരുക്കുന്നത്. അടിയന്തിരാവശ്യങ്ങള്‍ക്ക് സൂപ്പര്‍സ്പെഷ്യാലിറ്റി ഇന്റന്‍സീവ് കെയര്‍ യൂനിറ്റ് നഗരിയില്‍ ക്യാമ്പ് ചെയ്യും. കൂടാതെ ഫയര്‍ഫോഴ്സിന്റെയും 5555 അംഗ വളണ്ടിയര്‍ കോറിന്റെയും സേവനവുമുണ്ടാകും.
പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായി ഏപ്രില്‍ 1 തിങ്കളാഴ്ച രാവിലെ 9 മുതല്‍ പൈതൃക യാത്ര സംഘടിപ്പിക്കും. മണ്‍മറഞ്ഞ് പോയവരെ സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തും. തിങ്കളാഴ്ച വൈകുന്നേരം 4ന് പതാക ഉയര്‍ത്തല്‍ കര്‍മം നടക്കും. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കും. ചൊവ്വാഴ്ച ഉച്ചക്ക് 2 ന് ജല്‍സതുല്‍ ബറക സദസ്സ് നടക്കും. ബുധനാഴ്ച വൈകുന്നേരം 4 ന് വളണ്ടിയേഴ്സ് സംഗമവും ഇഫ്ത്വാര്‍ മീറ്റും നടക്കും. വ്യാഴാഴ്ച ഉച്ചക്ക് 3ന് വിഭവ സമാഹരണ യാത്രക്ക് സ്വീകരണം നല്‍കും. വെള്ളിയാഴ്ച വൈകുന്നേരം 4 ന് പ്രാര്‍ത്ഥനാ സമ്മേളന പരിപാടികള്‍ക്ക് തുടക്കം കുറിക്കും.
പരിപാടിയുടെ സംഘാടകരായ മഅ്ദിന്‍ അക്കാദമിക്കു കീഴില്‍ പോളിടെക്നിക്, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, ബി ഫാം, എം.ബി.എ, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മത-ഭൗതിക സമന്വയ വിദ്യാഭ്യാസ കേന്ദ്രം, സ്ത്രീകള്‍ക്ക് പ്രത്യേകമായി ക്യൂ ലാന്റ് ഖുര്‍ആന്‍ പഠന കേന്ദ്രം, ഹിയ അക്കാദമി, ഷീ കാമ്പസ്, ദാറു സഹ്റ, സയന്‍സ് സെന്റര്‍, ഓര്‍ഫനേജ്, കാഴ്ച-കേള്‍വി പരിമിതര്‍, ബുദ്ദിപരമായ വെല്ലുവിളി നേരിടുന്നവര്‍, ഭിന്ന ശേഷിക്കാര്‍ക്കുള്ള ഏബ്ള്‍ വേള്‍ഡ്, ലഹരി മുക്തി കേന്ദ്രം, ലൈഫ് ഷോര്‍ തെറാപ്പി സെന്റര്‍ തുടങ്ങി 51 സ്ഥാപനങ്ങളിലായി മുപ്പതിനായിരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ ന്യൂനപക്ഷ പദവിയും ആസ്ട്രേലിയ, യു.കെ, മലേഷ്യ, സ്പെയിന്‍, യു എസ് തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്ത യൂനിവേഴ്സിറ്റികളുടെയും അക്കാദമിക് സ്ഥാപനങ്ങളുടെയും സഹകരണവുമുണ്ട്.

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment