സയ്യിദ് അഹ്‌മദുല്‍ ബുഖാരി അവാര്‍ഡ് തെന്നല അബൂഹനീഫല്‍ ഫൈസിക്ക് സമര്‍പ്പിച്ചു

Last Updated: February 19, 2026By

അറബി ഭാഷാ രംഗത്തും മത-സാംസ്‌കാരിക പ്രബോധന മേഖലകളിലും അരനൂറ്റാണ്ടിലേറെയായി നല്‍കിവരുന്ന നിസ്തുല സേവനങ്ങള്‍ പരിഗണിച്ച് മഅ്ദിന്‍ അക്കാദമി ഏര്‍പ്പെടുത്തിയ 2026-ലെ സയ്യിദ് അഹ്‌മദുല്‍ ബുഖാരി അവാര്‍ഡ് പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ തെന്നല അബൂഹനീഫല്‍ ഫൈസിക്ക് സമ്മാനിച്ചു. മലപ്പുറം മഅ്ദിന്‍ മഹബ്ബ സ്‌ക്വയറില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ ആയിരങ്ങളെ സാക്ഷിയാക്കി സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാരും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരിയും ചേര്‍ന്ന് പുരസ്‌കാരം കൈമാറി.

അറബി ഭാഷയുടെ സൗന്ദര്യവും വിജ്ഞാനവും ലോകത്തിന് പകര്‍ന്നുനല്‍കിയ മഹാമനീഷികള്‍ക്കുള്ള ആദരമാണ് മഅ്ദിന്‍ അക്കാദമി ഏര്‍പ്പെടുത്തിയ സയ്യിദ് അഹ്‌മദുല്‍ ബുഖാരി അവാര്‍ഡ്. ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരമാണ് കൈമാറിയത്.

1973-ല്‍ ഫൈസി ബിരുദം നേടി കര്‍മരംഗത്തിറങ്ങിയ അബൂഹനീഫല്‍ ഫൈസി കേരളത്തിലെ മദ്രസ വിദ്യാഭ്യാസത്തിന്റെ ചാലകശക്തിയായ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീനെ ഇന്നത്തെ കരുത്തുറ്റ രൂപത്തിലേക്ക് വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കൊണ്ടോട്ടി ബുഖാരി സ്ഥാപനങ്ങളുടെ ജനറല്‍ സെക്രട്ടറിയായും പ്രിന്‍സിപ്പലായും സേവനം ചെയ്യുന്ന അദ്ദേഹം, അറബി ഭാഷാ പ്രചാരണത്തിന് നല്‍കിയ ആജീവനാന്ത സംഭാവനകള്‍ക്കും മത-സാംസ്‌കാരിക പ്രബോധന മേഖലകളിലും അംഗീകാരമായാണ് ഈ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത്.

നൂറുക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയും സ്വാഗതഗാനത്തോടെയുമാണ് അബൂഹനീഫല്‍ ഫൈസിയെ വേദിയിലേക്ക് ആനയിച്ചത്. സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ മൂച്ചിക്കല്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മുന്‍ വര്‍ഷങ്ങളില്‍ കോടമ്പുഴ ബാവ മുസ്ലിയാര്‍, എ കെ അബ്ദുര്‍റഹ്‌മാന്‍ മുസ്ലിയാര്‍, ഇ സുലൈമാന്‍ മുസ്ലിയാര്‍,ചിത്താരി ഹംസ മുസ്ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍, കൊമ്പം കെ പി മുഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയ പ്രഗത്ഭര്‍ക്ക് ലഭിച്ച ഈ ജ്ഞാനപരമ്പരയിലേക്കാണ് ഇപ്പോള്‍ തെന്നല ഉസ്താദിന്റെ പേരും ചേര്‍ക്കപ്പെടുന്നത്.

സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ബാഖിര്‍ ശിഹാബ്, സയ്യിദ് കെ വി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍, സയ്യിദ് സല്‍മാന്‍ മംഗലാപുരം, സയ്യിദ് പൂക്കോയ തങ്ങള്‍ വെളിമുക്ക്, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ ക്ലാരി,സയ്യിദ് പൂക്കോയ തങ്ങള്‍ മോങ്ങം, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, സയ്യിദ് അഹ്‌മദുല്‍ കബീര്‍ അല്‍ ബുഖാരി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, പ്രൊഫ. എ .കെ. ഹമീദ് സാഹിബ്, സി കെ യു മൗലവി, മൂസ ഫൈസി ആമപ്പൊയില്‍, ബഷീര്‍ ഹാജി ഉള്ളണം, ശരീഫ് കാരശ്ശേരി സംബന്ധിച്ചു.

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment