Sayyid Ibrahimul Khaleel Al-Bukhari, State General Secretary of Kerala Muslim Jama’ath and Chairman of Ma’din Academy, speaking at a press conference held in Thiruvananthapuram to explain the prayer conference programmes to be held on the 27th night of Ramadan at Malappuram Swalath Nagar.

രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ ആത്മീയ സംഗമം മാര്‍ച്ച് 16ന് മലപ്പുറത്ത്

Last Updated: March 14, 2026By

വിശുദ്ധ റംസാന്‍ 27-ാം രാവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ ഒരുമിക്കുന്ന പ്രാര്‍ത്ഥനാസംഗമം മാര്‍ച്ച് 16ന് തിങ്കളാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കും. ആയിരം മാസങ്ങളുടെ പുണ്യം ഒരു രാവില്‍ ഒരുമിക്കുന്ന ലൈലത്തുല്‍ ഖദ്‌റിന്റെ (വിധി നിര്‍ണയ രാത്രി) പ്രതീക്ഷയിലാണ് വിശ്വാസി ലക്ഷങ്ങളുടെ ആത്മീയ കൂട്ടായ്മ.

ആത്മീയ-വൈജ്ഞാനിക-കാരുണ്യ രംഗത്ത് മൂന്നു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് പ്രാര്‍ത്ഥനാ സമ്മേളനം. മലപ്പുറം മഅ്ദിന്‍ കാമ്പസില്‍ എല്ലാമാസവും സംഘടിപ്പിച്ചുവരുന്ന സ്വലാത്ത് പ്രാര്‍ഥനാ സംഗമത്തിന്റെ വാര്‍ഷിക വേദി കൂടിയാണിത്. അക്കാദമിയുടെ മുപ്പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ പ്രഖ്യാപനവും പരിപാടിയില്‍ നടക്കും.

റമളാന്‍ ഒന്ന് മുതല്‍ തന്നെ വിവിധ ആത്മീയ-വൈജ്ഞാനിക സംഗമങ്ങളുമായി മഅദിന്‍ റമസാന്‍ ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ ആത്മീയ വേദികള്‍, വൈജ്ഞാനിക സദസ്സുകള്‍, റിലീഫ്, പഠന ക്യാമ്പുകള്‍, ഇഫ്താര്‍ സംഗമങ്ങള്‍, അനുസ്്മരണ വേദികള്‍ എന്നിവ നടന്നുവരുന്നു.

മാര്‍ച്ച് 13 മുതല്‍ പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികള്‍ ആരംഭിക്കും. വൈകുന്നേരം നാലിന് സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന വിഭവസമാഹരണത്തിന് സ്വീകരണം നല്‍കും. മാര്‍ച്ച് 14 രാവിലെ 10ന് പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഭാഗമായുള്ള ഇഅ്തികാഫ് (പള്ളിയില്‍ ഭജനമിരുന്ന് ആരാധനാ കര്‍മങ്ങളില്‍ ഏര്‍പ്പെടുക) സംഗമം ആരംഭിക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.

മാര്‍ച്ച് 16ന് തിങ്കളാഴ്ച രാവിലെ 10മുതല്‍ വിവിധ ആത്മീയ പരിപാടികള്‍ നടക്കും. രാവിലെ 10ന് ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനാ സംഗമം, ഉച്ചക്ക് ഒന്നിന് ബദ്ര് മൗലിദ് സദസ്സ്, വൈകുന്നേരം നാലിന് അസ്മാഉല്‍ ഹുസ്‌നാ റാതീബ് എന്നിവ നടക്കും. തുടര്‍ന്ന് ഒരുലക്ഷം പേര്‍ സംബന്ധിക്കുന്ന ഗ്രാന്‍ഡ് ഇഫ്ത്വാര്‍ സംഗമവും സംഘടിപ്പിക്കും. പൂര്‍ണമായും ഹരിത നിയമാവലി പാലിച്ചായിരിക്കും സജ്ജീകരിക്കുക. ഇഫ്താറിന് ശേഷം തസ്ബീഹ് നിസ്‌കാരം, അവ്വാബീന്‍ നിസ്‌കാരം, തറാവീഹ്, വിത്‌റ് നിസ്‌കാരം എന്നിവ മഅദിന്‍ ഗ്രാന്റ് മസ്ജിദ്, ഓള്‍ഡ് മസ്ജിദ്, പ്രധാന ഗ്രൗണ്ട്, വിവിധ ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കും.

രാത്രി ഒമ്പതിന് മുഖ്യവേദിയില്‍ പ്രാര്‍ഥനാസമ്മേളനത്തിന്റെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. പ്രവാചകരുടെ പ്രകീര്‍ത്തനമായ സ്വലാത്ത്, പാപമോചന പ്രാര്‍ത്ഥന, പുണ്യപുരുഷന്മാരുടെയും മഹത്തുക്കളുടേയും അനുസ്മരണം, കണ്ണീരണിഞ്ഞ സമാപന പ്രാര്‍ഥന എന്നിവയാണ് ഈ വിശുദ്ധസംഗമത്തിലെ മുഖ്യ ഇനങ്ങള്‍. പുലര്‍ച്ചെ 3വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ഉദ്ഘാടന കര്‍മം സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമാ ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വ്വഹിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുര്‍റഹ്‌മാന്‍ സഖാഫി, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സി മുഹമ്മദ് ഫൈസി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ കാസര്‍ഗോഡ് എന്നിവര്‍ പ്രഭാഷണം നടത്തും.

സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി സമ്മേളനത്തിനെത്തുന്ന വിശ്വാസികളുടെ സൗകര്യാര്‍ത്ഥം സമ്മേളന നഗരിയിലും പരിസരത്തും വിശാലമായ പന്തലുകളും ഓഡിറ്റോറിയങ്ങളും ഒരുക്കുന്നുണ്ട്. പോലീസ്, ഫയര്‍ ഫോഴ്സ്, മെഡിക്കല്‍ വിംഗുകള്‍ ഉള്‍പ്പെടെ നഗരിയിലും പരിസരങ്ങളിലുമായി നൂറിലധികം ഹെല്‍പ്പ് ലൈന്‍ കൗണ്ടറുകള്‍ സജ്ജീകരിക്കുന്നുണ്ട്. സ്വലാത്ത് നഗറിലെ പ്രധാന നഗരിക്കു പുറമെ വിവിധ ഗ്രൗണ്ടുകളില്‍ വിപുലമായ ശബ്ദ-വെളിച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഇവിടങ്ങളിലെല്ലാം നോമ്പ്തുറ, അത്താഴ സൗകര്യങ്ങളും സജ്ജീകരിക്കും. പ്രവാസികള്‍ക്കായി പ്രത്യേക ഗള്‍ഫ് കൗണ്ടറും വിദൂരങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അത്താഴ സൗകര്യവും ഒരുക്കും.
ഭരണകൂടത്തിന്റെയും പോലീസിന്റെയും സഹകരണത്തോടെയാണ് ലക്ഷക്കണക്കിനു വിശ്വാസികള്‍ക്കു വേണ്ട സൗകര്യങ്ങള്‍ സ്വലാത്ത് നഗറില്‍ ഒരുക്കുന്നത്. അടിയന്തിരാവശ്യങ്ങള്‍ക്ക് സൂപ്പര്‍സ്പെഷ്യാലിറ്റി ഇന്റന്‍സീവ് കെയര്‍ യൂനിറ്റ് നഗരിയില്‍ ക്യാമ്പ് ചെയ്യും. കൂടാതെ ഫയര്‍ഫോഴ്‌സിന്റെയും 5555 അംഗ വളണ്ടിയര്‍ കോറിന്റെയും സേവനവുമുണ്ടാകും.

മഅദിന്‍ അക്കാദമിക്കു കീഴില്‍ പോളിടെക്നിക്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, ബി ഫാം, എം.ബി.എ, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മത-ഭൗതിക സമന്വയ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, സ്ത്രീകള്‍ക്ക് പ്രത്യേകമായി ക്യൂ ലാന്റ് , ഹിയ അക്കാദമി, ഷീ കാമ്പസ്, ദാറു സഹ്‌റ, സയന്‍സ് സെന്റര്‍, ഓര്‍ഫനേജ്, കാഴ്ച-കേള്‍വി പരിമിതര്‍, ബുദ്ദിപരമായ വെല്ലുവിളി നേരിടുന്നവര്‍, ഭിന്ന ശേഷിക്കാര്‍ക്കുള്ള ഏബ്ള്‍ വേള്‍ഡ്, ലഹരി മുക്തി കേന്ദ്രം, ലൈഫ് ഷോര്‍ തെറാപ്പി സെന്റര്‍ തുടങ്ങി 55 സ്ഥാപനങ്ങളിലായി മുപ്പത്തിമുവ്വായിരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ ന്യൂനപക്ഷ പദവിയും ആസ്ട്രേലിയ, യു.കെ, മലേഷ്യ, സ്‌പെയിന്‍, യു.എസ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ പ്രശസ്ത യൂനിവേഴ്സിറ്റികളുടെ അക്കാദമിക് സഹകരണവുമുണ്ട്. പ്രാര്‍ഥനാ സമ്മേളനത്തിനുള്ള പതാക കാല്‍നാട്ടല്‍ കര്‍മം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറിയും സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായ എ പി അബ്ദുല്‍ കരീം ഹാജി ചാലിയം നിര്‍വഹിച്ചു. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്ഥഫ കോഡൂര്‍, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, എസ് വൈ എസ് സാന്ത്വനം ഡയറക്ടര്‍ പി പി മുജീബ്റഹ്‌മാന്‍, പരി മാനുപ്പ ഹാജി, ദുല്‍ഫുഖാര്‍ അലി സഖാഫി, സൈനുദ്ധീന്‍ നിസാമി കുന്ദമംഗലം എന്നിവര്‍ സംബന്ധിച്ചു.

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment