യുദ്ധപ്പുകയടങ്ങാത്ത ലോകത്തിന് ശാന്തിമന്ത്രമായി ‘ബദര്‍ കിസ്സ’; സമാധാനത്തിന്റെ ഉണര്‍ത്തുപാട്ടുമായി സ്വലാത്ത്നഗര്‍
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ യുദ്ധഭീതി നിഴലിക്കുകയും സമാധാനം ചോദ്യചിഹ്നമാവുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ചരിത്രകഥകളുടെ പാടിപ്പറയല്‍ വേദി മാനവികതയുടെയും സമാധാനത്തിന്റെയും വിളംബരമായി മാറി. മഅ്ദിന്‍ അക്കാദമിയും ഓള് കേരള കിസ്സപ്പാട്ട് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ‘ബദര്‍ കിസ്സ’ പാടിപ്പറയല്‍ പരിപാടിയാണ് വേറിട്ടൊരു യുദ്ധവിരുദ്ധ സന്ദേശമായി ശ്രദ്ധേയമായത്.
മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍ കിസ്സപ്പാട്ടിലെ ഇശലുകള്‍ പന്ത്രണ്ട് മണിക്കൂര്‍ നീണ്ട പരിപാടി വെറുമൊരു ചരിത്രസ്മരണ മാത്രമല്ല അധിനിവേശത്തിനെതിരെയുള്ള ഉണര്ത്തുപാട്ടായും സമാധാനത്തിനായുള്ള ആഹ്വാനമായും മാറി. പരിപാടിയുടെ ഭാഗമായി ആലപിക്കപ്പെട്ട ‘പുഞ്ചിരി മായരുതേ, ലോകത്തിന് ശാന്തി മരിക്കരുതേ… എന്ന് തുടങ്ങുന്ന യുദ്ധവിരുദ്ധ വരികള്‍ ആസ്വാദകരുടെ കണ്ണുതുറപ്പിക്കുന്നതായിരുന്നു. യുദ്ധം ചോരയും കണ്ണീരും മാത്രമാണ് നല്‍കുന്നതെന്നും, നാളെയിലെ സുന്ദരമായ ഭാവി വെണ്ണീറാക്കുന്ന ഈ പോരാട്ടങ്ങള്‍ അവസാനിപ്പിക്കണമെന്നുമുള്ള സന്ദേശമായിരുന്നു പാട്ടിലുടെനീളം. ‘നാഥനില്ലാ മക്കള്‍ പെരുകുന്ന ലോകത്ത് രോഗികളാല്‍ നാം മടുക്കും’ എന്ന വരികള്‍ യുദ്ധം വിതയ്ക്കുന്ന ദുരന്തങ്ങളുടെ നേര്‍ചിത്രമായി മാറി. പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ് അബൂമുഫീദ താനാളൂര്‍ രചിച്ച അധിനിവേശ വിരുദ്ധഗാനം ഷമീം തിരൂരങ്ങാടി, മെഹജബീല് വേങ്ങര, ജാസിം മൂന്നിയൂര്‍ എന്നിവരാണ് ആലപിച്ചത്
രാവിലെ 6.30ന് ആരംഭിച്ച് വൈകുന്നേരം 6.30 വരെ നീണ്ടുനിന്ന പരിപാടിയില്‍ പ്രശസ്തരായ 16 കാഥികരും പിന്നണി ഗായകരും പങ്കെടുത്തു. അറബിമലയാള സാഹിത്യത്തിലെ കിസ്സപ്പാട്ടുകള്‍ എങ്ങനെയാണ് പഴയ തലമുറയില്‍ നിന്നും പുതിയ തലമുറയിലേക്ക് ചരിത്രവും മൂല്യങ്ങളും കൈമാറിയിരുന്നതെന്ന് പരിപാടി വിളിച്ചോതി.
കിസ്സപ്പാട്ടിനെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുക വഴി ഈ മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിപ്പിക്കുന്നതിനും റമസാന്‍ 17ന് നടന്ന ബദര്‍ സമരത്തെ അനുസ്മരിക്കുന്നതിനുമാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഉദ്ഘാടന കര്‍മം പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകന് ഫൈസല്‍ എളേറ്റില്‍ നിര്‍വ്വഹിച്ചു.കലകള്‍ക്ക് മനുഷ്യരെ ഒന്നിപ്പിക്കാനുള്ള മാസ്മരിക ശക്തിയുണ്ടെന്നും വര്‍ണമോ വര്‍ഗമോ മാനദണ്ഡമാക്കിയല്ല കലാകാരനെ നിര്‍വചിക്കേണ്ടതെന്നും അധിവേശത്തെ കെട്ടുകെട്ടിക്കുന്നതില്‍ കിസ്സപ്പാട്ടുകള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കിസ്സപ്പാട്ട് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ.കെ ഹംസ മുസ്്ലിയാര്‍ കണ്ടമംഗലം അദ്ധ്യക്ഷത വഹിച്ചു. മഅദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. ഈ വര്‍ഷത്തെ ഫോക്ലോര് അക്കാദമി അവാര്‍ഡ് ജേതാവ് അബ്ബാസ് കൊണ്ടോട്ടി മുഖ്യാതിഥിയായി.
സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി, മഅദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, മാനേജര്‍ ദുല്‍ഫുഖാര്‍ അലി സഖാഫി, കിസ്സപ്പാട്ട് അസോസിയേഷന്ജന: സെക്രട്ടറി അബൂമുഫീദ താനാളൂര്‍, കെ.പി.എം അഹ്സനി, പി.ടി.എം ആനക്കര , സി കെ ഖാലിദ് സഖാഫി, ഹബീബ് സഅദി മൂന്നിയൂര്‍ എന്നിവര്‍ സംബന്ധിച്ചു.
കിസ്സപാടിപ്പറയല്‍ പരിപാടിയില്‍ പുന്നത്ത് അശ്റഫ് സഖാഫി, കാവുംപടി ശിഹാബുദ്ധീന്‍ സഖാഫി, ടി കെ എം കുട്ടി മൌലവി, ജഅഫര്‍ സഖാഫി, റഷീദ് മുസ്ലിയാര് തൃശ്ശൂര്‍, കെ പി എം അഹ്സനി കൈപ്പുറം, ഉമര്‍ സഖാഫി മാവുണ്ടിരി, ഹുസൈന് സഖാഫി കരിങ്കപ്പാറ, അബ്ദുല്‍ ഖാദിര്‍ കാഫൈനി, ഇബ്രാഹീം ടി എന്‍ പുരം, സ്വാദിഖ് മുസ്ലിയാര് മണ്ണാര്‍ക്കാട്, അബൂ ആബിദ് മുര്‍ശിദി, ഡി എം എ കുഞ്ഞി മദനി ആഡൂര്, അബൂ സാലിമ സി കെ എം മൌലവി എടക്കര എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു.
editor's pick
latest video
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
