51 ഹാഫിളുകളെ സമര്‍പ്പിച്ചു; മഅദിന്‍ ഖത്മുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം

Last Updated: September 10, 2024By

മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 51 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഖത്മുല്‍ ഖുര്‍ആന്‍ പരിപാടിക്ക്് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വിശുദ്ധ ഖുര്‍ആന്‍ ലോകത്തിന് വഴികാട്ടിയാണെന്നും സമൂഹത്തിനാവശ്യമായ സമാധാന സന്ദേശങ്ങളാണ് ഖുര്‍ആനിലെ പ്രമേയങ്ങളെന്നും അദ്ദേഹം പറഞ്ഞു. ആഗോള തലത്തില്‍ ഖുര്‍ആനിനെ ദുര്‍വ്യാഖ്യാനം ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്നതിനായി ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും വിശുദ്ധ ഖുര്‍ആനിനെ ശരിയായി പഠിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിഫ്ള് പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചു. സ്‌കൂള്‍ പഠനത്തോടൊപ്പമാണ് ഇവര്‍ ഖുര്‍ആന്‍ മനപ്പാഠമാക്കിയത്. സ്പാനിഷ്, ഫ്രഞ്ച്, ഇംഗ്ലീഷ്, ഉര്‍ദു, അറബിക് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്.
ഓസ്‌ട്രേലിയ ലാട്രോബ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണ പഠനത്തിനായി 92 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നേടിയ മുഹമ്മദ് റാഷിദിനെയും ഷാര്‍ജയില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ നാലാം സ്ഥാനം നേടിയ ഹാഫിള് ശബീറിനെയും ആദരിച്ചു.

സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, ബഷീര്‍ ഫൈസി വെണ്ണക്കോട്, ഇബ്റാഹീം ബാഖവി മേല്‍മുറി, അലവിക്കുട്ടി ഫൈസി എടക്കര, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, സൈതലവി സഅദി, ദുല്‍ഫുഖാര്‍ അലി സഖാഫി, ബഷീര്‍ സഅദി വയനാട്, അബ്ദുള്ള അമാനി പെരുമുഖം, വില്ലേജ് ഇബ്‌റാഹീം ഹാജി എന്നിവര്‍ പ്രസംഗിച്ചു.

Leave A Comment