ഖോജ് സഫർ ദേശീയ പൈതൃക യാത്രക്ക് പ്രൗഢമായ തുടക്കം

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഖുർആൻ മത്സരമായ ഇന്ത്യാ ഹോളി ഖുർആൻ മത്സരത്തിന്റെ ഭാഗമായി മഅദിൻ അക്കാദമിയുടെ നേതൃത്വത്തിൽ കശ്മീർ മുതൽ കേരളം വരെ സംഘടിപ്പിക്കുന്ന ഖോജ് സഫറിന് പ്രൗഢ തുടക്കമായി.
യാത്രയുടെ ഫ്ലാഗ് ഓഫ് കർമം മഅ്ദിൻ അക്കാദമി ചെയർമാനും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ നിർവഹിച്ചു. സഫർ ക്യാപ്റ്റൻ സയ്യിദ് അഹ്മദുൽ കബീർ അൽ ബുഖാരിയുടെ നേതൃത്വത്തിലുള്ള യാത്രാ അംഗങ്ങൾ പതാക ഏറ്റുവാങ്ങി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഖുർആൻ പ്രതിഭകളെ കണ്ടെത്തുകയും അവരെ ദേശീയതലത്തിൽ പ്രോത്സാഹിപ്പിക്കുകയും ഖുർആൻ പഠനവും പാരായണവും മനഃപാഠവും യുവതലമുറയിൽ കൂടുതൽ വ്യാപകമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഖുർആൻ മത്സരം സംഘടിപ്പിക്കുന്നത്.

ഹിഫ്‌സ് (മനഃപാഠം), ഖുർആൻ പാരായണം (തജ്‌വീദും അവതരണവും) എന്നീ രണ്ട് പ്രധാന വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. ഹിഫ്‌സ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്ന മത്സരാർത്ഥിക്ക് ₹11,11,111 രൂപ ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും. പാരായണ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന് ₹3 ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഇരു വിഭാഗങ്ങളിലെയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്കും സംസ്ഥാനതല ജേതാക്കൾക്കും പ്രത്യേക പുരസ്കാരങ്ങളും പ്രോത്സാഹന സമ്മാനങ്ങളും നൽകും.

12 മുതൽ 30 വയസ്സ് വരെയുള്ള ഇന്ത്യയിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കും അധ്യാപകർക്കും മത്സരത്തിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ 2026 സെപ്‌തംബർ 30 വരെ തുടരും. രജിസ്ട്രേഷൻ പൂർണമായും സൗജന്യമാണ്. കൃത്യമായ സംഘാടനം ഉറപ്പാക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ വെബ്സൈറ്റ് മുഖേന മാത്രമായിരിക്കും രജിസ്ട്രേഷൻ സ്വീകരിക്കുക.

സ്കൂൾ, ജില്ലാ, സംസ്ഥാന തലങ്ങളിലായി രാജ്യത്തുടനീളം നൂറിലധികം കേന്ദ്രങ്ങളിൽ പ്രാഥമിക മത്സരങ്ങൾ നടക്കും. ദേശീയ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികൾക്കായി 2027 ഫെബ്രുവരിയിൽ മലപ്പുറത്ത് അന്തിമ മത്സരങ്ങൾ സംഘടിപ്പിക്കും. വിജയികൾക്കുള്ള അവാർഡുകൾ 2027 ഫെബ്രുവരിയിൽ മലപ്പുറം സ്വലാത്ത് നഗറിൽ നടക്കുന്ന അന്താരാഷ്ട്ര ഇസ്ലാമിക് പീസ് കോൺഫറൻസിൽ വിതരണം ചെയ്യും.

കശ്മീരിൽ നിന്ന് ആരംഭിച്ച് വിവിധ സംസ്ഥാനങ്ങളിലൂടെ കേരളത്തിലെത്തുന്ന യാത്രയുടെ ഭാഗമായി പ്രമുഖ സർവകലാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഖുർആൻ കോളേജുകൾ, മതപഠന കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കും. വിദ്യാഭ്യാസ-സാംസ്കാരിക രംഗത്തെ പ്രമുഖരുമായും വിവിധ സ്ഥാപനങ്ങളുടെ മേധാവികളുമായും പണ്ഡിതരുമായും ജനപ്രതിനിധികളുമായും യാത്രയുടെ ഭാഗമായി കൂടിക്കാഴ്ചകൾ നടത്തും.

ഫ്ലാഗ് ഓഫ് ചടങ്ങിൽ ദിൽഷാദ് അഹ്‌മദ് കശ്മീർ (ജന. സെക്രട്ടറി, എസ്. എസ്. എഫ് ഇന്ത്യ), നദീം ഫാറൂഖി (സെക്രട്ടറി, എസ്. എസ് എഫ് ഇന്ത്യ), മൗലാന ആരിഫ് അശ് ഫാഖി ഹരിയാന(പ്രിൻസിപ്പൽ മദ്‌റസ ഫുറുഗേ ഇസ്‌ലാമി), മൗലാന ഉമർ നഈമി വസീറാബാദ്, ഖ്വാജ സഫർ മദനി ഡൽഹി (സെക്രട്ടറിയേറ്റ് എസ് എസ് എഫ് ഇന്ത്യ), റഊഫ് നൂരി സഖാഫി റാംപൂർ (പ്രസിഡൻ്റ്, എസ് എസ് എഫ് വെസ്സ്), മുസഫ്ഫർ ഹുസൈൻ ബീഹാർ ( ഡയറക്ടർ, ജാമിഅ മുഹമ്മദിയ്യ), മഹ് മൂദ് ഗാസി അസ്ഹരി ( ഡയറക്ടർ, ജാമിഅ നിസാമുദ്ധീൻ ഔലിയ ഡൽഹി) ഡോ. ഖാലിദ് സൈഫുള്ള ഡൽഹി ( അസി.പ്രൊഫസർ, ഗാൽ ഗോട്ടിയസ് യൂണിവേഴ്‌സിറ്റി) ഡോ. സുബൈർ അംജദി ( അസി. പ്രൊഫസർ, അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി) ഇന്ത്യാ ഹോളി ഖുർആൻ അവാർഡ് ജനറൽ ഡയറക്ടർ അബ്‌ദുൽ ജലീൽ അസ്ഹരി എന്നിവർ പ്രസംഗിച്ചു.

Leave A Comment