Ma'din Bihar Centre Groundbreaking Ceremony established under the 'Ma'din Embrace Global' initiative, in Thakurganj, Bihar

മഅ്ദിന്‍ മുപ്പതാം വാര്‍ഷികം: ബീഹാറില്‍ മഅ്ദിന്‍ അക്കാദമിയുടെ സമഗ്ര വിദ്യാഭ്യാസ-സേവന പദ്ധതികള്‍ക്ക് തുടക്കം

കിഷന്‍ഗഞ്ച്/ബീഹാര്‍: മഅ്ദിന്‍ അക്കാദമി മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ (30th Anniversary Celebrations) ഭാഗമായി രാജ്യവ്യാപകമായി നടപ്പാക്കുന്ന വികസന മുന്നേറ്റങ്ങളുടെ തുടര്‍ച്ചയായി ബീഹാറില്‍ വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ, കാരുണ്യ, സാമൂഹിക സേവന പദ്ധതികള്‍ക്ക് തുടക്കമായി. മഅ്ദിന്റെ അന്താരാഷ്ട്ര, ദേശീയ വിഭാഗമായ ‘എംബ്രേസ് ഗ്ലോബലിന്റെ’ (Embrace Global) നേതൃത്വത്തിലാണ് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.

ദേശീയ പ്രചാരണ പര്യടനം നടത്തുന്ന ‘ഖോജ് സഫര്‍: ദി ഇന്ത്യ കണക്ട്’ (Qhoj Safar: The India Connect) പ്രതിനിധി സംഘത്തിന്റെ സാന്നിധ്യത്തില്‍, ബീഹാറിലെ കിഷന്‍ഗഞ്ച് ജില്ലയിലുള്ള ഠാക്കൂര്‍ഗഞ്ച് ബാര ജല്‍മിലിക് ജാമിഅ മുഹമ്മദിയ ശാഹി ഈദ്ഗാഹില്‍ മഅ്ദിന്‍ ബീഹാര്‍ സെന്ററിന്റെ (Ma’din Bihar Center) കുറ്റിയടിക്കല്‍ കര്‍മ്മം പ്രൗഢമായ ചടങ്ങില്‍ നിര്‍വഹിക്കപ്പെട്ടു. നാലായിരത്തോളം കുടുംബങ്ങള്‍ അധിവസിക്കുന്ന ഈ പിന്നാക്ക പ്രദേശത്ത് അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ കേന്ദ്രം ഉയരുന്നത്.

വിദ്യാഭ്യാസ-സാമൂഹിക മുന്നേറ്റം

ഗ്രാമപ്രദേശങ്ങളിലെ കുട്ടികളുടെയും യുവാക്കളുടെയും സമഗ്ര പുരോഗതി ലക്ഷ്യമാക്കി വിപുലമായ സംരംഭങ്ങളാണ് കേന്ദ്രത്തിന് കീഴില്‍ സജ്ജമാക്കുന്നത്:

  • ലേണിംഗ് സെന്റര്‍ & ഫൗണ്ടേഷന്‍ സ്‌കൂള്‍: അടിസ്ഥാന വിദ്യാഭ്യാസവും ഉന്നത പഠന പിന്തുണയും.

  • പേഴ്സണാലിറ്റി ഡെവലപ്മെന്റ് ഹബ്ബ്: വ്യക്തിത്വ വികസനത്തിനും നൈപുണി വികസനത്തിനുമുള്ള പ്രത്യേക പരിശീലനങ്ങള്‍.

  • ലാംഗ്വേജ് ട്രെയിനിങ് സെന്റര്‍: ഭാഷാ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിനുള്ള ട്രെയിനിങ്.

  • കമ്പ്യൂട്ടര്‍ ആന്‍ഡ് ഡിജിറ്റല്‍ ലിറ്ററസി അക്കാദമി: ആധുനിക സാങ്കേതികവിദ്യാ പഠന സൗകര്യം.

  • വൊക്കേഷണല്‍ ട്രെയിനിങ് സെന്റര്‍: തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങള്‍.

പ്രദേശത്തെ വിദ്യാഭ്യാസ-സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് മഅ്ദിന്‍ അക്കാദമി നേരിട്ട് പഠനം നടത്തുകയും, പ്രത്യേക സർവ്വേ സംഘം തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ സമഗ്ര പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Sayyid Ahmadul Kabir Al-Bukhari dedicates borewells across Bihar under Ma'din Embrace Global.

കുടിവെള്ള പദ്ധതി സമര്‍പ്പണം

പ്രദേശവാസികളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി എംബ്രേസ് ഗ്ലോബലിന് കീഴില്‍ ബീഹാറിലെ വിവിധ ഗ്രാമങ്ങളില്‍ നിര്‍മ്മിച്ച് നല്‍കിയ കുഴല്‍ക്കിണറുകളുടെ (Borewells) സമര്‍പ്പണവും ചടങ്ങില്‍ നടന്നു.

മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഓണ്‍ലൈനായി പങ്കെടുത്തു പ്രാര്‍ത്ഥനയും സന്ദേശവും നിര്‍വ്വഹിച്ചു.

ഖോജ് സഫര്‍ ക്യാപ്റ്റനും എംബ്രേസ് ഡയറക്ടറുമായ സയ്യിദ് അഹ്‌മദുല്‍ കബീര്‍ അല്‍ ബുഖാരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ജാമിഅ മുഹമ്മദിയ ശാഹി ഈദ്ഗാഹ് ഡയറക്ടര്‍ മൗലാന മുഹമ്മദ് മുസഫര്‍ ഹുസൈന്‍ റിസ്വി അധ്യക്ഷത വഹിച്ചു.

ഖോജ് സഫര്‍ വൈസ് ക്യാപ്റ്റന്‍ ബഷീര്‍ സഅദി വയനാട്, എംബ്രേസ് ഗ്ലോബല്‍ സെക്രട്ടറി മുഹമ്മദ് നസീം അദനി, ഖോജ് സഫര്‍ കണ്‍വീനര്‍ മുഹമ്മദ് ജുനൈദ് അദനി, എക്സിക്യൂട്ടീവ് അഫ്‌സല്‍ അദനി കുഴിയംപറമ്പ്, ആശിഖ് അദനി പറമ്പില്‍പീടിക, ഹാഫിള് ക്വാറി മൗലാന നൗഷാദ് അലി റിസ്വി എന്നിവര്‍ സംസാരിച്ചു.

എ.ഐ.എം.ഐ.എം ഇന്‍-ചാര്‍ജ് ഹുസൈന്‍, നിയാസ് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സ്ഥാപകന്‍ ഡോ. ആസിഫ് സഈദ്, ബ്ലോക്ക് മെമ്പര്‍ അജ്മല്‍ സാനി, ചെയര്‍മാന്‍ നസീര്‍ അഹമ്മദ്, മാസ്റ്റര്‍ ആസാദ്, ഹാജി അബ്ദുല്‍ ഖാദര്‍, ഹാജി ഇദ്രീസ്, ഹാജി അളീമുദ്ദീന്‍, റഫീഖ് ആലം, അന്‍സാര്‍ ആലം, മുജീബ്, സുല്‍ഫിഖര്‍ അഹമ്മദ്, സികന്ദര്‍ ആസം, നൗഷാദ് തുടങ്ങിയ സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പ്രദേശവാസികളും പരിപാടിയില്‍ സംബന്ധിച്ചു.