പാത്ത് വേ സമ്മിറ്റും വിജയികളെ ആദരിക്കലും സംഘടിപ്പിച്ചു

Published On: July 3, 2026Tags: ,

മലപ്പുറം: മഅദിന്‍ പബ്ലിക് സ്‌കൂളിന് കീഴില്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ‘പാത്ത് വേ’ സമ്മിറ്റ് സംഘടിപ്പിച്ചു. പാത്ത് വേ സ്‌കോളര്‍ഷിപ്പ് പരീക്ഷയിലെ വിജയികളെയും സബ്ജക്ട് മെഗാ ടെസ്റ്റ് വിജയികളെയും ആദരിക്കല്‍ ചടങ്ങും പരിപാടിയില്‍ നടന്നു.

നീറ്റ്, ജെ.ഇ.ഇ തുടങ്ങിയ പ്രവേശന പരീക്ഷകള്‍ക്കായി വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനായി സ്‌കൂള്‍ നടപ്പിലാക്കുന്ന ഫൗണ്ടേഷന്‍ കോഴ്സിന്റെ ഭാഗമായാണ് പാത്ത് വേ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പരിപാടിയുടെ ഉദ്ഘാടനം മഅദിന്‍ ഗ്ലോബല്‍ റിലേഷന്‍ ഡയറക്ടര്‍ ഉമര്‍ മേല്‍മുറി നിര്‍വഹിച്ചു. അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ സൈതലവി കോയ, വൈസ് പ്രിന്‍സിപ്പാള്‍ നൂറുല്‍ അമീന്‍, മാനേജര്‍ അബ്ദുറഹ്‌മാന്‍, പാത്ത് വേ കോഡിനേറ്റര്‍ വസീം, വിനോദ് എന്നിവര്‍ സംസാരിച്ചു.

പാത്ത് വേ സബ്ജക്ട് മെഗാ ടെസ്റ്റില്‍ മുഹമ്മദ് അമീന്‍ കൂട്ടിലങ്ങാടി ഒന്നാം സ്ഥാനവും ഫാത്തിമ സഹ്‌ല സി.കെ സ്വലാത്ത് നഗര്‍ രണ്ടാം സ്ഥാനവും മുഹമ്മദ് ഫാരിസ് വെസ്റ്റ് കോഡൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.