യുദ്ധപ്പുകയടങ്ങാത്ത ലോകത്തിന് ശാന്തിമന്ത്രമായി ‘ബദര് കിസ്സ’
മലപ്പുറം: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ യുദ്ധഭീതി നിഴലിക്കുകയും സമാധാനം ചോദ്യചിഹാമാവുകയും ചെയ്യുന്ന ആധുനിക സാഹചര്യത്തിൽ, മാനവികതയുടെയും ശാന്തിയുടെയും ശക്തമായ വിളംബരമായി മഅ്ദിൻ അക്കാദമിയുടെ ‘ബദർ കിസ്സ’ പാടിപ്പറയൽ വേദി മാറി. മഅ്ദിൻ അക്കാദമിയും ഓൾ കേരള കിസ്സപ്പാട്ട് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച 12 മണിക്കൂർ നീണ്ട പരിപാടി വെറുമൊരു ചരിത്രസ്മരണ മാത്രമല്ല, അധിനിവേശത്തിനെതിരെയുള്ള ഉണർത്തുപാട്ടായും സമാധാനത്തിനായുള്ള ആഹ്വാനമായും ശ്രദ്ധേയമായി.

വേദിയിൽ ഉയർന്ന യുദ്ധവിരുദ്ധ വരികൾ
പരിപാടിയുടെ ഭാഗമായി ആലപിക്കപ്പെട്ട യുദ്ധവിരുദ്ധ വരികൾ ആസ്വാദകരിൽ വലിയ വൈകാരിക ചലനമാണ് സൃഷ്ടിച്ചത്. യുദ്ധം ചോരയും കണ്ണീരും മാത്രമാണ് നൽകുന്നതെന്നും, നാളെയിലെ സുന്ദരമായ ഭാവി വെണ്ണീറാക്കുന്ന പോരാട്ടങ്ങൾ അവസാനിപ്പിക്കണമെന്നുമുള്ള സന്ദേശമായിരുന്നു പാട്ടിലുടനീളം.
“പുഞ്ചിരി മായരുതേ, ലോകത്തിൻ ശാന്തി മരിക്കരുതേ…”
“നാഥനില്ലാ മക്കൾ പെരുകുന്ന ലോകത്ത് രോഗികളാൽ നാം മടുക്കും”
യുദ്ധം വിതയ്ക്കുന്ന ദുരന്തങ്ങളുടെ നേർചിത്രമായി മാറിയ ഈ ഗാനം പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ് അബൂമുഫീദ താനാളൂർ രചിച്ച വരികളാണ്. ഈ അധിനിവേശ വിരുദ്ധഗാനം ഷമീം തിരൂരങ്ങാടി, മെഹജബീൽ വേങ്ങര, ജാസിം മൂന്നിയൂർ എന്നിവർ ചേർന്നാണ് അവതരിപ്പിച്ചത്.
തലമുറകളിലേക്ക് പകരുന്ന ചരിത്രവും മൂല്യങ്ങളും
രാവിലെ 6.30-ന് ആരംഭിച്ച് വൈകുന്നേരം 6.30 വരെ നീണ്ടുനിന്ന പരിപാടിയിൽ പ്രശസ്തരായ 16 കാഥികരും പിന്നണി ഗായകരും പങ്കെടുത്തു. റമളാൻ 17-ന്റെ ബദർ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലൂടെ അറബിമലയാള സാഹിത്യത്തിലെ കിസ്സപ്പാട്ടുകൾ മുൻതലമുറ കൈമാറിവന്ന മൂല്യങ്ങളും ചരിത്രവും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താൻ സാധിച്ചു.

ഉദ്ഘാടനവും പ്രമുഖരുടെ സാന്നിധ്യവും
പരിപാടിയുടെ ഉദ്ഘാടന കർമം പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ നിർവ്വഹിച്ചു. കലയുടെ ശക്തിയെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു:
“കലകൾക്ക് മനുഷ്യരെ ഒന്നിപ്പിക്കാനുള്ള മാസ്മരിക ശക്തിയുണ്ട്; വർണമോ വർഗമോ മാനദണ്ഡമാക്കിയല്ല കലാകാരനെ നിർവചിക്കേണ്ടത്. അധിനിവേശത്തെ കെട്ടുകെട്ടിക്കുന്നതിൽ കിസ്സപ്പാട്ടുകൾ ചരിത്രപരമായി വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.”
കിസ്സപ്പാട്ട് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. ഹംസ മുസ്ലിയാർ കണ്ടമംഗലം അധ്യക്ഷത വഹിച്ചു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണവും ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ് അബ്ബാസ് കൊണ്ടോട്ടി മുഖ്യാതിഥിയായും പങ്കെടുത്തു.
സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേൽമുറി, മഅ്ദിൻ അക്കാദമിക് ഡയറക്ടർ നൗഫൽ കോഡൂർ, മാനേജർ ദുൽഫുഖാർ അലി സഖാഫി, ജനറൽ സെക്രട്ടറി അബൂമുഫീദ താനാളൂർ, കെ.പി.എം. അഹ്സനി, പി.ടി.എം. ആനക്കര, സി.കെ. ഖാലിദ് സഖാഫി, ഹബീബ് സഅദി മൂന്നിയൂർ തുടങ്ങിയവർ സംബന്ധിച്ചു.
പുന്നത്ത് അശ്റഫ് സഖാഫി, കാവുംപടി ശിഹാബുദ്ധീൻ സഖാഫി, ടി.കെ.എം. കുട്ടി മൗലവി, ജഅഫർ സഖാഫി, റഷീദ് മുസ്ലിയാർ തൃശൂർ, കെ.പി.എം. അഹ്സനി കൈപ്പുറം, ഉമർ സഖാഫി മാവുണ്ടിരി, ഹുസൈൻ സഖാഫി കരിങ്കപ്പാറ, അബ്ദുൽ ഖാദിർ കാഫൈനി, ഇബ്രാഹീം ടി.എൻ. പുരം, സ്വാദിഖ് മുസ്ലിയാർ മണ്ണാർക്കാട്, അബൂ ആബിദ് മുർശിദി, ഡി.എം.എ. കുഞ്ഞി മദനി ആഡൂർ, അബൂ സാലിമ സി.കെ.എം. മൗലവി ഇടക്കര എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. പങ്കെടുത്തവർക്കായി നോമ്പ് തുറയും പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിരുന്നു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
