റംസാൻ 27-ാം രാവിൽ രാജ്യത്തെ ഏറ്റവും വലിയ ആത്മീയ സംഗമം മാർച്ച് 16-ന് മഅ്ദിൻ സ്വലാത്ത് നഗറിൽ; ലഹരിക്കെതിരെ ജനലക്ഷങ്ങൾ പ്രതിജ്ഞയെടുക്കും
സ്വലാത്ത് നഗർ: വിധിനിർണയ രാവായ ലൈലത്തുൽ ഖദ്റിന്റെ പ്രതീക്ഷിത രാത്രിയായ റംസാൻ 27-ാം രാവിൽ (മാർച്ച് 16, തിങ്കൾ) രാജ്യത്തെ ഏറ്റവും വലിയ പ്രാർത്ഥനാ സംഗമത്തിന് മഅ്ദിൻ സ്വലാത്ത് നഗർ സാക്ഷിയാകും. ആത്മീയ-വൈജ്ഞാനിക-കാരുണ്യ രംഗത്ത് മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കുന്ന മഅ്ദിൻ അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന വാർഷിക സ്വലാത്ത് പ്രാർത്ഥനാ സമ്മേളനത്തിലും മുപ്പതാം വാർഷിക പദ്ധതികളുടെ പ്രഖ്യാപനത്തിലും ജനലക്ഷങ്ങൾ അണിനിരക്കും.
പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ ജനലക്ഷങ്ങൾ അണിനിരക്കുന്ന പ്രതിജ്ഞയും നടക്കും.
മാർച്ച് 13 മുതൽ വൈവിധ്യമാർന്ന പരിപാടികൾ
പ്രാർത്ഥനാ സമ്മേളനത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ മാർച്ച് 13 വൈകുന്നേരം 4 മണിക്ക് സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പതാക ഉയർത്തുന്നതോടെ ആരംഭിക്കും. തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിഭവസമാഹരണ സ്വീകരണം നടക്കും.
- മാർച്ച് 14 (രാവിലെ 10.00): ഇഅ്തികാഫ് സംഗമം. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും.
- മാർച്ച് 16 (രാവിലെ 10.00 മുതൽ): ഖത്മുൽ ഖുർആൻ പ്രാർത്ഥനാ സംഗമം.
- ഉച്ചക്ക് 1.00: ബദ്ര് മൗലിദ് സദസ്സ്.
- വൈകുന്നേരം 4.00: അസ്മാഉൽ ഹുസ്നാ റാതീബ്.
- വൈകുന്നേരം: പൂർണമായും ഹരിത നിയമാവലി പാലിച്ചുകൊണ്ട് ഒരു ലക്ഷം പേർ പങ്കെടുക്കുന്ന ഗ്രാൻഡ് ഇഫ്താർ സംഗമം.
ഇഫ്താറിന് ശേഷം തസ്ബീഹ്, അവ്വാബീൻ, തറാവീഹ്, വിത്റ് നിസ്കാരങ്ങൾ മഅ്ദിൻ ഗ്രാന്റ് മസ്ജിദ്, ഓൾഡ് മസ്ജിദ്, പ്രധാന ഗ്രൗണ്ട്, വിവിധ ഓഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിൽ നടക്കും.
മുഖ്യ ചടങ്ങുകൾ രാത്രി 9 മുതൽ
രാത്രി 9 മണിക്ക് മുഖ്യവേദിയിൽ സമാപന പ്രാർത്ഥനാ സമ്മേളനത്തിന്റെ പ്രധാന ചടങ്ങുകൾ ആരംഭിക്കും. പ്രവാചക പ്രകീർത്തന സ്വലാത്ത്, പാപമോചന പ്രാർത്ഥന, മഹത്തുക്കളുടെ അനുസ്മരണം, സമാപന പ്രാർത്ഥന എന്നിവയാണ് പ്രധാന ഇനങ്ങൾ. പുലർച്ചെ 3 മണി വരെ നീണ്ടുനിൽക്കുന്ന ചടങ്ങ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് റഈസുൽ ഉലമാ ഇ. സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിക്കും.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും മഅ്ദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി സന്ദേശ പ്രഭാഷണം നടത്തും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർത്ഥന നിർവ്വഹിക്കും. പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, പേരോട് അബ്ദുർറഹ്മാൻ സഖാഫി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സി. മുഹമ്മദ് ഫൈസി, ഡോ. അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് മുനീറുൽ അഹ്ദൽ കാസർഗോഡ് എന്നിവർ പ്രഭാഷണം നടത്തും.

വിപുലമായ സൗകര്യങ്ങൾ
വിശ്വാസികളുടെ സൗകര്യാർത്ഥം പന്തലുകളും ഓഡിറ്റോറിയങ്ങളും വിപുലമായ ശബ്ദ-വെളിച്ച സംവിധാനങ്ങളും സജ്ജീകരിക്കും.
- ഹെൽപ്പ് ലൈൻ & വോളന്റിയർ സേവനം: പോലീസ്, ഫയർഫോഴ്സ്, മെഡിക്കൽ വിംഗുകൾ എന്നിവയുടെ സഹകരണത്തോടെ നൂറിലധികം ഹെൽപ്പ് ലൈൻ കൗണ്ടറുകളും 5555 അംഗ വോളന്റിയർ കോറും സേവനരംഗത്തുണ്ടാകും.
- മറ്റു സൗകര്യങ്ങൾ: നോമ്പ് തുറ, അത്താഴ സൗകര്യങ്ങൾ, ഗൾഫ് പ്രവാസികൾക്കായി പ്രത്യേക കൗണ്ടർ, അടിയന്തിര വൈദ്യസഹായത്തിന് സൂപ്പർ സ്പെഷ്യാലിറ്റി ഐ.സി.യു യൂണിറ്റ് എന്നിവയും സജ്ജമാണ്.
ഏബ്ൾ വേൾഡ്, ഹിയ അക്കാദമി, ലഹരിമുക്തി കേന്ദ്രം തുടങ്ങി 55 സ്ഥാപനങ്ങളിലായി 33,000 വിദ്യാർത്ഥികൾ പഠിക്കുന്ന മഅ്ദിൻ അക്കാദമിയുടെ മൂപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗം കൂടിയാണ് ഈ പ്രാർത്ഥനാ സംഗമം.
പതാക ഉയർത്തൽ കർമ്മം സ്വാഗതസംഘം ജനറൽ കൺവീനർ എ.പി. അബ്ദുൽ കരീം ഹാജി ചാലിയം നിർവ്വഹിച്ചു. വാർത്താസമ്മേളനത്തിൽ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, സ്വാഗതസംഘം ഭാരവാഹികളായ സിദ്ദീഖ് സഖാഫി നേമം, ഉമർ മേൽമുറി, സൈനുദ്ധീൻ നിസാമി കുന്ദമംഗലം, ഖാലിദ് സഖാഫി സ്വലാത്ത് നഗർ എന്നിവർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക് (Helpline): 9633158822, 9633677722 | Website: www.madin.edu.in
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
