മഅ്ദിൻ ഗ്രാൻഡ് മസ്ജിദ് മുറ്റത്ത് സമഭാവനയുടെ ഇഫ്ത്വാർ സംഗമം; ഐക്യത്തിന്റെ സന്ദേശവുമായി ഖലീൽ ബുഖാരി തങ്ങൾ

സ്വലാത്ത് നഗർ: നാനാതുറകളിൽപ്പെട്ട ആയിരക്കണക്കിന് മനുഷ്യർക്ക് സമഭാവനയുടെയും സ്നേഹത്തിന്റെയും സന്ദേശം പകർന്ന് മഅ്ദിൻ അക്കാദമി ഗ്രാൻഡ് മസ്ജിദ് അങ്കണത്തിലെ ഇഫ്ത്വാർ സംഗമം ശ്രദ്ധേയമാകുന്നു. വേഷപ്പകർച്ചകളില്ലാതെ, പരസ്പര സ്നേഹത്തോടെയും ഒത്തൊരുമയോടെയും ജനങ്ങൾ ഇവിടെ നോമ്പുതുറ പങ്കിടുന്നു.

ജീവിത മാർഗ്ഗങ്ങൾക്കായി ഓട്ടപ്രദക്ഷിണം നടത്തുന്ന സാധാരണക്കാർക്കും, വീടുകളിലെത്തും മുമ്പ് മലപ്പുറം നഗരത്തിൽ അകപ്പെട്ടുപോകുന്ന യാത്രക്കാർക്കും വലിയ ആശ്വാസമാണ് ഈ സംഗമം പകരുന്നത്. രണ്ടു പതിറ്റാണ്ടിലധികമായി മഅ്ദിൻ കാമ്പസിൽ മുടങ്ങാതെ തുടരുന്ന ഈ വിപുലമായ ഇഫ്ത്വാർ സംഗമം ഇത്തവണയും ഏറെ ആകർഷകമായാണ് സംഘടിപ്പിച്ചിട്ടുള്ളത്.

മഅ്ദിൻ ഗ്രാൻഡ് മസ്ജിദിന്റെ വിശാലമായ മുറ്റത്ത് ഒരുക്കുന്ന ഈ ജനകീയ നോമ്പുതുറയിൽ, പരിസരത്തെ വിവിധ ആശുപത്രികളിൽ രോഗികൾക്ക് കൂട്ടിരിപ്പിനെത്തിയവർ, വിവിധ തുറകളിലെ ഉദ്യോഗസ്ഥർ, തൊഴിലാളികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കാളികളാകുന്നു. ദിവസവും ആയിരത്തിലധികം ആളുകൾക്കാണ് സ്വലാത്ത് നഗറിൽ ബിരിയാണിയും വിഭവസമൃദ്ധമായ പലഹാരങ്ങളും ഉൾപ്പെടെയുള്ള നോമ്പുതുറ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. റമളാൻ 27-ാം രാവിൽ ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന ചരിത്ര പ്രസിദ്ധമായ വിപുലമായ ഇഫ്ത്വാർ സംഗമത്തിനുള്ള തയ്യാറെടുപ്പുകളും കാമ്പസിൽ പൂർത്തിയായി വരുന്നു.

വിദ്വേഷങ്ങൾ വെടിഞ്ഞ് ഒത്തൊരുമിക്കണം: സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി

ചെറിയ കാര്യങ്ങളുടെ പേരിൽ പരസ്പരം കലഹിക്കുന്നവർക്കും സമൂഹത്തിൽ വിഭാഗീയത വളർത്തുന്നവർക്കും മഅ്ദിനിലെ സ്നേഹസംഗമങ്ങൾ വലിയൊരു സന്ദേശമാണെന്ന് മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പ്രസ്താവിച്ചു.

“ഗൾഫ് നാടുകളിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളും പട്ടിണിയും ഭീതിയും നമ്മെ ഒരുപോലെ വേദനിപ്പിക്കുന്നുണ്ട്. സഹജീവിയുടെ സുഖദുഃഖങ്ങളിൽ പങ്കാളികളായി വിശുദ്ധ റമളാനിന്റെ പവിത്രമായ ദിനരാത്രങ്ങളെ നാം പ്രയോജനപ്പെടുത്തണം. സ്നേഹമാണ് ഈ ഇഫ്ത്വാർ സംഗമങ്ങളുടെ ആകെത്തുക. ഒത്തൊരുമയിലൂടെ മാത്രമേ പ്രയാസങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യാൻ സാധിക്കൂ,” – ഖലീൽ ബുഖാരി തങ്ങൾ കൂട്ടിച്ചേർത്തു.