ലോക സമാധാന പ്രാര്‍ഥനയോടെ മഅദിന്‍ ബദര്‍ അനുസ്മരണ സംഗമം സമാപിച്ചു

Published On: March 6, 2026Tags: , ,

സ്വലാത്ത് നഗർ: വിശുദ്ധ റമളാൻ 17-ാം രാവിനോടനുബന്ധിച്ച് മഅ്ദിൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സ്വലാത്ത് നഗറിൽ സംഘടിപ്പിച്ച ബദർ അനുസ്മരണ-ആത്മീയ സംഗമത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു. ജുമുഅ നിസ്കാരത്തോടെ ആരംഭിച്ച ചടങ്ങുകളിൽ അനുസ്മരണ പ്രഭാഷണം, ബദ്രീങ്ങളുടെ നാമങ്ങൾ ഉരുവിട്ടുള്ള പ്രാർത്ഥന, മഹ്ളറതുൽ ബദ്‌രിയ്യ, മൗലിദ് പാരായണം, ബദർ ബൈത്ത്, യാസീൻ പാരായണം, നാരിയത്ത് സ്വലാത്ത്, സമൂഹ നോമ്പുതുറ എന്നിവ നടന്നു.

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ലോക സമാധാനത്തിനും മാനവിക ഐക്യത്തിനുമായി സംഗമത്തിൽ പ്രത്യേക പ്രാർത്ഥന നിർവ്വഹിച്ചു. മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ഓൺലൈനായി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

ചടങ്ങ് സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചരിത്ര പണ്ഡിതൻ സുലൈമാൻ ഫൈസി കിഴിശ്ശേരി ബദർ ചരിത്ര പ്രഭാഷണം നടത്തി. സയ്യിദ് സ്വാലിഹ് ഖാസിം അൽ ഐദ്രൂസി, സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്രാഹീം ബാഖവി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, മൂസ ഫൈസി ആമപ്പോയിൽ, അബൂബക്കർ സഖാഫി അരീക്കോട്, അബ്ദുറസാഖ് ലത്വീഫി ചെമ്മലശ്ശേരി, ദുൽഫുഖാർ അലി സഖാഫി, യൂസഫ് സഖാഫി സ്വലാത്ത് നഗർ, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ്, അഷ്കർ സഅദി താനാളൂർ, റിയാസ് സഖാഫി പൂക്കോട്ടൂർ, ഹാഫിള് നഈം അദനി, ഹാഫിള് മിദ്‌ലാജ് അദനി ഒതളൂർ എന്നിവർ സംബന്ധിച്ചു.

ഇന്ന് വനിതാ വിജ്ഞാന വേദിയും മൗലിദ് സദസ്സും

ബദർ ദിനമായ ഇന്ന് (റമളാൻ 17) രാവിലെ 10 മണിക്ക് മഅ്ദിൻ കാമ്പസിൽ വനിതാ വിജ്ഞാന വേദിയും മൗലിദ് പാരായണ സദസ്സും നടക്കും. സ്കൂൾ ഓഫ് ഖുർആൻ ഡയറക്ടർ അബൂബക്കർ സഖാഫി അരീക്കോട് വിഷയപ്രഭാഷണം നടത്തും.