മഅ്ദിന്‍ സ്വലാത്ത് നഗര്‍ ഇരുപത്തിയേഴാം രാവ്: പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശ്വാസിസാഗരമൊഴുകിയെത്തി

Published On: March 16, 2026Tags: , ,

മലപ്പുറം: ആയിരം മാസങ്ങളെക്കാള്‍ പുണ്യമേറിയ ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന റമളാന്‍ 27-ാം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ പാപമോചനം തേടി വിശ്വാസി ലക്ഷങ്ങളെത്തി. “പ്രസവിക്കപ്പെട്ട കുഞ്ഞ് പാപമുക്തനായ പോലെ എന്നെയും പാപമുക്തനാക്കണേ” എന്ന അകം തൊടുന്ന പ്രാര്‍ഥനകളോടെ ആയിരക്കണക്കിന് വിശ്വാസികൾ പുതിയൊരു ജീവിതത്തിലേക്ക് കാൽവെച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥക്കെതിരെ രാജ്യത്തെ ഏറ്റവും വലിയ സമാധാന സംഗമത്തിനും ലഹരിക്കെതിരെയുള്ള കൂട്ട പ്രതിജ്ഞയ്ക്കും സ്വലാത്ത് നഗര്‍ വേദിയായി.

പുലര്‍ച്ചെ മുതല്‍ തന്നെ ചെറു സംഘങ്ങളായും അല്ലാതെയുമുള്ള വിശ്വാസികളുടെ ഒഴുക്കായിരുന്നു സ്വലാത്ത് നഗറിലേക്ക്. മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ പ്രഭാതം മുതല്‍ വിവിധ ആത്മീയ സദസ്സുകള്‍ നടന്നു. ഉച്ചയ്ക്ക് ഒന്നിന് അസ്മാഉല്‍ ബദ്രിയ്യീന്‍ മജ്ലിസോടുകൂടി പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ഗ്രാന്‍‍ഡ് മസ്ജിദിലും ഗ്രൗണ്ടിലുമായി പതിനായിരങ്ങള്‍ പങ്കെടുത്ത വിപുലമായ സമൂഹ ഇഫ്ത്വാര്‍ നടന്നു. മഗ്രിബ്, ഇശാഅ്, തറാവീഹ് തുടങ്ങിയ നിസ്‌കാരങ്ങളിലും പ്രാര്‍ത്ഥനാ സംഗമങ്ങളിലും പങ്കെടുക്കാനായി വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്.

സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാരംഭ പ്രാര്‍ത്ഥനയോടെ സമാപന പരിപാടികള്‍ക്ക് തുടക്കമായി. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്്ലിയാര്‍ അധ്യക്ഷത വഹിച്ചു. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രതിജ്ഞക്കും സമാപന പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കി.

പ്രധാന സന്ദേശങ്ങളും പ്രഭാഷണങ്ങളും

ആത്മീയ ഉത്തരവാദിത്തം വീണ്ടെടുക്കണം: സയ്യിദ് ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍

മനുഷ്യവംശം നേരിടുന്ന ആത്മീയ പ്രതിസന്ധികളെ മറികടക്കാന്‍‍ മനുഷ്യന്‍ തന്റെ ആത്മീയ ഉത്തരവാദിത്തം വീണ്ടെടുക്കണമെന്ന് സയ്യിദ് ഇബ്റാഹീമുല്‍‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ വ്യക്തമാക്കി. സാങ്കേതികമായും സാമ്പത്തികമായും വലിയ പുരോഗതി നേടിയെങ്കിലും അതിനൊത്ത ധാര്‍മ്മിക വളര്‍ച്ച കൈവരിക്കാന്‍ മനുഷ്യന് സാധിച്ചിട്ടില്ല. നീതിയും കാരുണ്യവുമാണ് ഇസ്ലാമിന്റെ ധാര്‍മ്മിക ചട്ടക്കൂടിന്റെ അടിസ്ഥാനം. ഗോത്ര-ദേശീയ അതിരുകള്‍ക്കപ്പുറം സര്‍വലൗകികമായ നീതിബോധം വളര്‍ത്തിയെടുക്കാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

തിരഞ്ഞെടുപ്പ്: ആരോഗ്യകരമായ സംസ്‌കാരം പുലര്‍ത്തണം

നിലവിലെ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ സമാധാനവും ഐക്യവും സംരക്ഷിക്കുന്ന ഉന്നത രാഷ്ട്രീയ സംസ്‌കാരം നിലനിര്‍ത്താന്‍ എല്ലാവരും തയ്യാറാകണമെന്ന് ഖലീല്‍ തങ്ങള്‍ ആഹ്വാനം ചെയ്തു. സമൂഹത്തില്‍ വൈരാഗ്യവും വിഭജനവും വിതയ്ക്കുന്ന പ്രചാരണങ്ങള്‍ ഒഴിവാക്കണം. വോട്ട് വെറുമൊരു അവകാശമല്ല, മറിച്ച് സമൂഹത്തിന്റെ ഭാവിയും രാജ്യത്തിന്റെ ദിശയും നിര്‍ണ്ണയിക്കുന്ന വലിയൊരു അമാനത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പശ്ചിമേഷ്യയിലെ സംഘര്‍ഷം അപലപനീയം: കാന്തപുരം എ.പി അബൂബക്കര്‍ മുസ്്ലിയാര്‍

പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ അതിഭീകരമാണെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്്ലിയാര്‍‍ വ്യക്തമാക്കി. യുദ്ധം മനുഷ്യരാശിക്ക് ഒട്ടും ഗുണം ചെയ്യില്ല. സമാധാനത്തിനു വേണ്ടി വിശ്വാസി സമൂഹം നിരന്തരം പ്രാര്‍ത്ഥിക്കേണ്ട സമയമാണിത്. ജനാധിപത്യ പ്രക്രിയയില്‍ സക്രിയമായി ഇടപെടാനും രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാനും അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.

മാതൃകാപരമായ സേവനങ്ങളും ക്രമീകരണങ്ങളും

  • സാന്ത്വനം വളണ്ടിയര്‍മാര്‍: ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും സഹകരണത്തോടെ 5555 അംഗ വളണ്ടിയര്‍ കോറും പ്രത്യേകം തിരഞ്ഞെടുത്ത 250-ഓളം സാന്ത്വനം വളണ്ടിയര്‍മാരും സേവന രംഗത്ത് സജീവമായി രംഗത്തുണ്ടായിരുന്നു.
  • ആരോഗ്യ സേവനം: അടിയന്തിരാവശ്യങ്ങള്‍ക്കായി സൂപ്പര്‍ സ്പെഷ്യാലിറ്റി ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, മൊബൈല്‍‍ ടെലി മെഡിസിന്‍ യൂണിറ്റ്, സൗജന്യ ചികിത്സാ സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിരുന്നു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.
  • വിപുലമായ നോമ്പ് തുറ: എടവണ്ണപ്പാറ, കരേക്കാട് തുടങ്ങി മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വീടുകളില്‍‍ നിന്ന് എത്തിച്ച വിഭവങ്ങളുള്‍പ്പെടെ പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഹരിതചട്ടം പാലിച്ച് വിഭവസമൃദ്ധമായ സമൂഹ ഇഫ്ത്വാര്‍ യാഥാര്‍ത്ഥ്യമാക്കി.