സയ്യിദ് ഖലീലുൽ ബുഖാരി തങ്ങളുടെ ബംഗാൾ യാത്രക്ക് പ്രൗഢോജ്ജ്വല സമാപനം; ‘റൂട്ട്ഡ് 2026’ ഇന്റേൺഷിപ്പ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
കൊൽക്കത്ത: ബംഗാളിലെ വിവിധ ഗ്രാമങ്ങളിലൂടെ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ നടത്തിയ വിപുലമായ ബംഗാൾ യാത്രക്ക് പ്രൗഢോജ്ജ്വല സമാപനം. യാത്രയുടെ ഭാഗമായി വിവിധ രാഷ്ട്രീയ പ്രതിനിധികൾ, മത പണ്ഡിതന്മാർ, വിദ്യാഭ്യാസ പ്രവർത്തകർ, വിവിധ സ്ഥാപന മേധാവികൾ എന്നിവരുമായി തങ്ങൾ കൂടിക്കാഴ്ച നടത്തി.
ഗ്രാമ സന്ദർശനങ്ങളിൽ നിന്ന് ലഭിച്ച നിർദേശങ്ങളും അനുഭവങ്ങളും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി ചർച്ച ചെയ്ത് നടപ്പിലാക്കുമെന്ന് ഖലീലുൽ ബുഖാരി തങ്ങൾ വ്യക്തമാക്കി. എസ്.എസ്.എഫ് നാഷണൽ ലീഡറും തൈബ ഗാർഡൻ ഡയറക്ടറുമായ സുഹൈറുദ്ധീൻ നൂറാനിയായിരുന്നു യാത്രയുടെ ഉപനായകൻ.
റൂട്ട്ഡ് 2026′ റമളാൻ ഇന്റേൺഷിപ്പ് ലോഞ്ച് ചെയ്തു
ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ സാമൂഹിക-സാംസ്കാരിക സാഹചര്യങ്ങൾ അടുത്തറിയാനും ദഅ്വാ-സാമൂഹിക സേവന രംഗങ്ങളിൽ വിദ്യാർത്ഥികളെ പ്രൊഫഷണലായി സജ്ജമാക്കാനുമായി തൈബ ഗാർഡൻ വെസ്റ്റ് ബംഗാൾ സംഘടിപ്പിക്കുന്ന 21 ദിവസത്തെ റെസിഡൻഷ്യൽ ഇന്റേൺഷിപ്പ് പ്രോഗ്രാം ‘റൂട്ട്ഡ് 2026’ (Rooted 2026) ലോഞ്ച് ഖലീലുൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്തു.

കൊൽക്കത്ത സിറ്റി എക്സ്പ്ലോറിങ്, ചരിത്രപ്രസിദ്ധമായ ഇസ്ലാമിക് ഹെറിറ്റേജ് സൈറ്റുകളിലേക്കുള്ള സന്ദർശനം, സാമൂഹ്യ സേവന മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളുമായുള്ള സംവാദങ്ങൾ, അനുഭവങ്ങൾ പങ്കുവെക്കൽ എന്നിവ ക്യാമ്പിന്റെ പ്രധാന ആകർഷണങ്ങളാണ്.
ഉത്തരേന്ത്യൻ ജനജീവിതം പഠിച്ച് സാമൂഹിക ഉന്നമനത്തിനായുള്ള പദ്ധതികൾ തയ്യാറാക്കാൻ സഹായിക്കുന്നതോടൊപ്പം, നേതൃത്വ ഗുണങ്ങൾ, സംഘാടന ശേഷി, സാംസ്കാരിക ബോധവൽക്കരണം എന്നിവയിലും പരിശീലനം നൽകും. സാമൂഹ്യ സേവനത്തിന്റെ ബാലപാഠങ്ങൾ, ഇൻസ്റ്റിറ്റ്യൂഷൻ രജിസ്ട്രേഷൻ മുതൽ നടത്തിപ്പ് വരെയുള്ള കാര്യങ്ങൾ കരിക്കുലത്തിന്റെ ഭാഗമാണ്. കേരളത്തിന് പുറത്ത് പ്രവർത്തിക്കുമ്പോൾ നേരിടുന്ന ഭാഷാപരമായ വെല്ലുവിളികളും കർമശാസ്ത്രപരമായ വ്യത്യാസങ്ങളും മറികടക്കാൻ ക്യാമ്പ് വിദ്യാർത്ഥികളെ പ്രാപ്തരാക്കും.
തദ്ദേശീയ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും. ഫെബ്രുവരി 25-ന് കൊൽക്കത്തയിൽ ആരംഭിക്കുന്ന ക്യാമ്പ്, തൈബ ഗാർഡനിലെ റമളാൻ 27-ാം രാവിന്റെ ആത്മീയ നിർഭരമായ ദുആ മജ്ലിസോടെ സമാപിക്കും.
-
പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക: 7025022812
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
