വിജയത്തിളക്കവുമായി വീണ്ടും മഅ്ദിൻ ക്യൂലാന്റ്: പ്ലസ് ടു, പത്താം ക്ലാസ്സ് മദ്റസാ പൊതുപരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികൾക്കും ഫുൾ മാർക്ക്
മലപ്പുറം: ഇസ്ലാമിക് എജ്യുക്കേഷൻ ബോർഡ് ഓഫ് ഇന്ത്യ (IEBI) നടത്തിയ പ്ലസ് ടു, പത്താം ക്ലാസ്സ് മദ്റസാ പൊതുപരീക്ഷയിൽ മഅ്ദിൻ ക്യൂലാന്റ് വിദ്യാർത്ഥികൾക്ക് വൻ വിജയം. പത്താം ക്ലാസ് പരീക്ഷ എഴുതിയ 29 പേരും പ്ലസ് ടു പരീക്ഷ എഴുതിയ 6 പേരും മുഴുവൻ വിഷയങ്ങളിലും ഫുൾ മാർക്ക് നേടി മഅ്ദിന്റെ പെരുമ ഉയർത്തി. കഴിഞ്ഞ വർഷവും പത്താം ക്ലാസ് പൊതുപരീക്ഷയിൽ 27 വിദ്യാർത്ഥിനികൾ ഫുൾ മാർക്ക് നേടി മർക്കസിൽ വെച്ച് നടന്ന ചടങ്ങിൽ പ്രത്യേക ആദരവ് നേടിയിരുന്നു. ഇതിൽ 6 പേർ ഖുർആൻ പൂർണ്ണമായി മനഃപാഠമാക്കിയ (ഹിഫ്ള്) വിദ്യാർത്ഥിനികളായിരുന്നു.
ലക്ഷ്യം ജനറൽ പരീക്ഷകളിലും ഫുൾ എ പ്ലസ്
മദ്റസാ പരീക്ഷകളിലെ തകർപ്പൻ വിജയത്തിന് പുറമെ വരാനിരിക്കുന്ന പൊതുപരീക്ഷകളിലും ഉന്നത വിജയം കൊയ്യാനുള്ള ഒരുക്കത്തിലാണ് ക്യൂലാന്റ് ക്യാമ്പസ്.
“മദ്റസാ പൊതുപരീക്ഷയിൽ ഫുൾ മാർക്ക് നേടിയ സന്തോഷത്തിന് പുറമെ, വരാനിരിക്കുന്ന ജനറൽ എസ്.എസ്.എൽ.സി, പ്ലസ് ടു പൊതുപരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും ഫുൾ എ പ്ലസ് ഉറപ്പാക്കാനുള്ള തീവ്ര പരിശീലനത്തിലാണ് ഞങ്ങളുടെ 35 വിദ്യാർത്ഥികളും.”
— സൈനുദ്ദീൻ നിസാമി കുന്ദമംഗലം (ഡയറക്ടർ, മഅ്ദിൻ ക്യൂലാന്റ്)
മത-ഭൗതിക വിദ്യാഭ്യാസരംഗത്ത് വേറിട്ട മാതൃക
പെൺകുട്ടികളുടെ ഹിഫ്ള്, മത, ഭൗതിക പഠനങ്ങൾക്കായി പ്രത്യേക കരിക്കുലത്തോടെ മഞ്ചേരി പുൽപറ്റയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. നാലാം ക്ലാസ് മുതൽ പ്ലസ് ടു വരെ മികച്ച അന്തരീക്ഷത്തിൽ പഠനസൗകര്യമൊരുക്കുന്ന ഈ സ്ഥാപനം ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഒട്ടേറെ പ്രതിഭകളെയാണ് വാർത്തെടുത്തത്. ചരിത്രവിജയം നേടിയ വിദ്യാർത്ഥികളെ മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ അഭിനന്ദിച്ചു.
“മത-ഭൗതിക വിദ്യാഭ്യാസ രംഗത്ത് മഅ്ദിൻ ക്യൂലാന്റ് കാഴ്ചവെക്കുന്ന മികവും കൃത്യമായ ആസൂത്രണവുമാണ് തുടർച്ചയായ ഈ മികച്ച വിജയങ്ങൾക്ക് കാരണം. വിജയികളായ മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അനുമോദനങ്ങൾ.”
— സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി (ചെയർമാൻ, മഅ്ദിൻ അക്കാദമി)
ക്യൂലാന്റ് ഡയറക്ടർ സൈനുദ്ധീൻ നിസാമി കുന്ദമംഗലം, മൊയ്തീൻ മുസ്ലിയാർ പള്ളിപ്പുറം, സൈദലവി സഅദി, ദുൽഫുഖാറലി സഖാഫി, അബ്ദുള്ള മുസ്ലിയാർ, നൗഫൽ മാസ്റ്റർ കോഡൂർ, ഖാലിദ് സഖാഫി സ്വലാത്ത് നഗർ തുടങ്ങിയവർ പങ്കെടുത്തു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua