അന്താരാഷ്ട്ര അംഗീകാരം: ‘തുര്‍ക്കിയെ ബര്‍സ്‌ലാറി’ സ്‌കോളര്‍ഷിപ്പ് നേടി മഅ്ദിന്‍ മാജിക്‌സ് വിദ്യാര്‍ത്ഥി മുഹമ്മദ് സ്വാലിഹ്

Published On: August 27, 2025Tags: ,

മലപ്പുറം: തുര്‍ക്കി സര്‍ക്കാറിന്റെ അഭിമാനകരമായ ‘തുര്‍ക്കിയെ ബര്‍സ്‌ലാറി’ (Türkiye Bursları) ഫുള്‍ ഫണ്ടഡ് അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്പിന് അര്‍ഹനായി മഅ്ദിന്‍ അക്കാദമി വിദ്യാര്‍ത്ഥി. മഅ്ദിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാജിക്‌സ് (MAGICS) സിവില്‍ സര്‍വീസ് അക്കാദമിയിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് സ്വാലിഹാണ് ഈ നേട്ടം കൈവരിച്ചത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് അപേക്ഷകരില്‍ നിന്ന് പഠന മികവും സമഗ്രമായ കഴിവുകളും പരിഗണിച്ചാണ് സ്വാലിഹിനെ തിരഞ്ഞെടുത്തിരിക്കുന്നത്. തുര്‍ക്കിയിലെ പ്രശസ്തമായ നെജ്മത്തിന്‍ എര്‍ബകാന്‍ (Necmettin Erbakan) സര്‍വ്വകലാശാലയിലാണ് സ്വാലിഹ് സാമ്പത്തിക ശാസ്ത്രത്തില്‍ (Economics) ബിരുദ പഠനം നടത്തുക.

ഒരു വര്‍ഷത്തെ തുര്‍ക്കിഷ് ഭാഷാ പഠനം ഉള്‍പ്പെടെ അഞ്ച് വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. മുഴുവന്‍ ട്യൂഷന്‍ ഫീസ്, സൗജന്യ താമസം, ഭക്ഷണം, ആരോഗ്യ ഇന്‍ഷുറന്‍സ്, വിമാന ടിക്കറ്റ് ചെലവുകള്‍ എന്നിവയ്‌ക്കൊപ്പം പ്രതിമാസ സ്‌റ്റൈപ്പന്റും അടങ്ങുന്നതാണ് സ്‌കോളര്‍ഷിപ്പ്.

മഅ്ദിന്‍ മാജിക്‌സ് അക്കാദമിയില്‍ നിന്ന് ലഭിച്ച ചിട്ടയായ പരിശീലനവും വഴികാട്ടലുമാണ് ഈ അന്താരാഷ്ട്ര നേട്ടത്തിലേക്ക് വഴിതുറന്നതെന്ന് സ്വാലിഹ് പറഞ്ഞു. വയനാട് കല്‍പ്പറ്റ സ്വദേശികളായ അബ്ദുല്‍ അസീസ് – റൈഹാനത്ത് ദമ്പതിമാരുടെ മകനാണ്.