സ്വരൂപിച്ച നാണയത്തുട്ടുകളിലൂടെ പുണ്യഭൂമിയിലേക്ക്; 45 മഅ്ദിന്‍ ദഅ്‌വ വിദ്യാര്‍ഥികളുടെ ആഗ്രഹം സഫലമാകുന്നു

Published On: September 2, 2025Tags: , ,

സ്വലാത്ത് നഗർ: ആഗ്രഹങ്ങള്‍ക്കായി പണം ദുര്‍വ്യയം ചെയ്യുന്ന പുതിയ കാലത്ത് സേവിംഗ്സ് ശീലമാക്കിക്കൊണ്ട് മാതൃക സൃഷ്ടിക്കുകയാണ് മഅ്ദിന്‍ ദഅ്‌വ കോളേജ് വിദ്യാര്‍ഥികള്‍. പഠനത്തോടൊപ്പം വിവിധ മാര്‍ഗങ്ങളിലൂടെ സ്വരൂപിച്ച ചെറിയ തുകകളും നാണയത്തുട്ടുകളും ഉപയോഗിച്ച് വിശുദ്ധ മക്കയിലേക്കും മദീനയിലേക്കും യാത്രതിരിക്കാനൊരുങ്ങുകയാണ് 45 ദഅ്‌വ വിദ്യാര്‍ഥികള്‍. പ്രവാചക തിരുമേനിയുടെ (സ) 1500-ാം ജന്മവാര്‍ഷിക നബിദിന വേളയിലാണ് ഈ പുണ്യയാത്രയെന്നത് ഏറെ സവിശേഷതയർഹിക്കുന്നു.

മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുൽ ബുഖാരി തങ്ങളുടെ ആശീര്‍വാദത്തോടെയും മേല്‍നോട്ടത്തിലുമാണ് വിദ്യാര്‍ഥികള്‍ ഈ സദുദ്യമം പൂര്‍ത്തിയാക്കിയത്. ചെറുപ്പത്തിലേ സാമ്പത്തിക അച്ചടക്കവും സമ്പാദ്യശീലവും വളര്‍ത്തിയെടുക്കുന്നത് സുരക്ഷിതമായ ഭാവി കെട്ടിപ്പടുക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുമെന്ന് തങ്ങൾ ആശംസാ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

സമസ്ത ജില്ലാ സെക്രട്ടറിയും മഅ്ദിന്‍ ദഅ്‌വ കോളേജ് പ്രിന്‍സിപ്പളുമായ ഇബ്റാഹീം ബാഖവി മേല്‍മുറി, ഹജ്ജ്-ഉംറ കോര്‍ഡിനേറ്റര്‍ അശ്റഫ് സഖാഫി പൂപ്പലം എന്നിവരുടെ നേതൃത്വത്തിലാണ് സംഘം യാത്ര തിരിക്കുന്നത്.

മഅ്ദിൻ ക്യാമ്പസിൽ സംഘടിപ്പിച്ച യാത്രയയപ്പ് സംഗമം സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സയ്യിദ് നിയാസ് അല്‍ ബുഖാരി, ഇബ്റാഹീം ബാഖവി മേല്‍മുറി, മഅദിന്‍ അക്കാദമി മാനേജര്‍ ദുല്‍ഫുഖാര്‍ അലി സഖാഫി, പബ്ലിക് റിലേഷന്‍സ് കോര്‍ഡിനേറ്റര്‍ ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ജംഷീര്‍ അംജദി ഉള്ളണം, ഇര്‍ഫാന്‍ സഖാഫി വേങ്ങര, ഖാസിം അദനി കുറ്റിച്ചിറ എന്നിവര്‍ പങ്കെടുത്തു.