വയനാട് പുനരധിവാസം: കേരള മുസ്‌ലിം ജമാഅത്തിന്റെ 2 കോടി രൂപയുടെ ധനസഹായം മുഖ്യമന്ത്രിക്ക് കൈമാറി

Published On: September 22, 2025Tags: ,

തിരുവനന്തപുരം: വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കേരള മുസ്ലിം ജമാഅത്ത് സമാഹരിച്ച രണ്ട് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. നേരത്തെ പ്രഖ്യാപിച്ച പുനരധിവാസ സഹകരണത്തിന്റെ ഭാഗമായാണ് തുക നൽകിയത്. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീൽ അൽ ബുഖാരി തുകയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സംസ്ഥാന സെക്രട്ടറി എൻ. അലി അബ്ദുള്ള, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ. സൈഫുദ്ദീൻ ഹാജി, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ദീഖ് സഖാഫി നേമം എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. പ്രസ്ഥാന ബന്ധുക്കളുടെയും കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, ഐ.സി.എഫ്, ആർ.എസ്.സി തുടങ്ങിയ ഘടകങ്ങളുടെയും സജീവ പങ്കാളിത്തത്തോടെയാണ് ഫണ്ട് സമാഹരിച്ചത്.

“ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാറുമായി പൂർണമായി സഹകരിക്കുമെന്ന സംഘടനയുടെ വാഗ്ദാനത്തിന്റെ ഭാഗമായാണ് ഈ ധനസഹായം കൈമാറിയത്.“

ആദ്യഘട്ടം മുതൽ സജീവമായി എസ് വൈ എസ് സാന്ത്വനം

ദുരന്തമുണ്ടായ സമയം മുതൽ കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ എസ്.വൈ.എസ്. സാന്ത്വനം വളണ്ടിയർമാർ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തുപോരുന്നു. താത്കാലിക പുനരധിവാസം, അടിയന്തര സാമ്പത്തിക സഹായം, വീട്ടുപകരണങ്ങൾ എത്തിച്ചുനൽകൽ തുടങ്ങി നിരവധി സേവനങ്ങളാണ് സംഘടന പ്രദേശത്ത് നടപ്പിലാക്കിയത്. ഇതിന്റെ തുടർച്ചയായി, 2019-ലെ പ്രകൃതിദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി 13 വീടുകളും മുസ്‌ലിം ജമാഅത്ത് നിർമിച്ചു നൽകിയിരുന്നു. ദുരിതബാധിതർക്കുള്ള ചെക്ക് കൈമാറ്റ ചടങ്ങിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ. അലി അബ്ദുല്ല, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ. സൈഫുദ്ദീൻ ഹാജി, എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ദീഖ് സഖാഫി നേമം എന്നിവർ പങ്കെടുത്തു.