നബിയുടെ പലായന വഴികളെ അടുത്തറിയാന്‍ ആയിരങ്ങള്‍: ‘ഹിജ്‌റ എക്‌സ്‌പെഡിഷന്’ പ്രൗഢമായ സമാപനം

Published On: July 19, 2025Tags: ,

മലപ്പുറം: പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജീവിതത്തിലെ സുപ്രധാന അധ്യായമായ ഹിജ്‌റയുടെ ചരിത്രപരമായ സഞ്ചാരവഴികളിലൂടെയുള്ള യാത്രാനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് മഅ്ദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ച ‘ഹിജ്‌റ എക്‌സ്‌പെഡിഷന്‍’ പ്രസന്റേഷന്‍ പ്രൗഢമായി സമാപിച്ചു. ഇന്ത്യയിലാദ്യമായി സംഘടിപ്പിക്കപ്പെട്ട ഈ സവിശേഷ പ്രസന്റേഷന്‍ കാണാനും പലായന വഴികളെക്കുറിച്ച് അടുത്തറിയാനും കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് ആളുകളാണ് മഅ്ദിനിലേക്ക് ഒഴുകിയെത്തിയത്. പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ 1500-ാം ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ച് മഅ്ദിന്‍ അക്കാദമി ആവിഷ്‌കരിച്ച വിവിധ പരിപാടികളുടെ ഭാഗമായാണ് ഈ പ്രദര്‍ശനം സംഘടിപ്പിച്ചത്.

ഗവേഷണ യാത്രയുടെ ദൃശ്യാവിഷ്‌കാരം

നിരവധി ഗവേഷണങ്ങള്‍ക്കും ഗഹനമായ പഠനങ്ങള്‍ക്കും ഒടുവിലാണ് വിശുദ്ധ മക്കയില്‍ നിന്ന് മദീന വരെയുള്ള പ്രവാചകന്റെയും അനുചരന്മാരുടെയും പലായന പാതയിലൂടെ അന്താരാഷ്ട്ര തലത്തിലുള്ള ഗവേഷണ സംഘം യാത്ര പൂര്‍ത്തിയാക്കിയത്. സൗദി അറേബ്യ, മലേഷ്യ, ഇന്തോനേഷ്യ, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുത്ത പഠിതാക്കളാണ് ഈ ചരിത്ര യാത്രയില്‍ പങ്കാളികളായത്. ഈ ദൗത്യത്തിലെ അപൂര്‍വ്വ അനുഭവങ്ങളാണ് ദൃശ്യാവിഷ്‌കാരത്തിലൂടെ മഅ്ദിനില്‍ സാധാരണക്കാരിലേക്ക് എത്തിച്ചത്. ഈ ചരിത്ര യാത്രയില്‍ ഗവേഷണ സംഘത്തോടൊപ്പം പങ്കാളിയായ കേരളത്തിലെ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി കൊല്ലം പ്രസന്റേഷന് നേതൃത്വം നല്‍കി. 1446 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഹിജ്‌റ യാത്രയുടെ ത്യാഗോജ്ജ്വലമായ ചരിത്രത്തെ തികച്ചും ആധികാരികമായ പ്രമാണങ്ങളെ മാത്രം അവലംബമാക്കിയാണ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പരിപാടി ഉദ്ഘാടനം ചെയ്തു.

“പ്രവാചക പ്രഭുവും സഹചാരികളും സഹിച്ച ത്യാഗങ്ങളുടെയും അനുഭവിച്ച കഷ്ടപ്പാടുകളുടെയും നേര്‍ക്കാഴ്ചയാണ് ഹിജ്‌റ. ആ ചരിത്ര വഴികളിലൂടെയുള്ള പുനഃസഞ്ചാരം വിശ്വാസികള്‍ക്ക് ആത്മീയമായ വലിയൊരു അനുഭവമാണ് പ്രദാനം ചെയ്യുന്നത്.”
— സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി (മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍)

സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി പി. ഇബ്റാഹീം ബാഖവി മേല്‍മുറി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സയ്യിദ് ജലാലുദ്ധീന്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ഐ.പി.എഫ് സംസ്ഥാന ചെയര്‍മാന്‍ ഡോ. നൂറുദ്ധീന്‍ റാസി, എസ്.വൈ.എസ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം നാസര്‍ പാണ്ടിക്കാട്, എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി മുനീര്‍ പാഴൂര്‍, വൈസ് പ്രസിഡന്റ് ഇബ്റാഹീം ബാഖവി ഊരകം, ഐ.പി.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി സ്വഫ്വാന്‍ കോട്ടുമല, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, മൂസ ഫൈസി ആമപ്പൊയില്‍, ഡോ. അബ്ദുല്‍ അസീസ് ചാലിയം തുടങ്ങിയ പ്രമുഖ നേതാക്കളും പണ്ഡിതന്മാരും സന്നിഹിതരായിരുന്നു.