ഹ്രസ്വ ഹജ്ജ് പാക്കേജ് ശ്ലാഘനീയം: സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി; മഅ്ദിനിൽ ഹജ്ജ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

സ്വലാത്ത് നഗർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി നടപ്പാക്കുന്ന 20 ദിവസം ദൈർഘ്യമുള്ള ഹ്രസ്വ ഹജ്ജ് പാക്കേജ് ഏറെ സ്വാഗതാർഹവും ശ്ലാഘനീയവുമാണെന്ന് മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ പ്രസ്താവിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിക്കുന്ന തീർത്ഥാടകരെ സഹായിക്കുന്നതിനായി മഅ്ദിൻ അക്കാദമിക്ക് കീഴിൽ സ്വലാത്ത് നഗറിൽ ആരംഭിച്ച ഹജ്ജ് ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നീണ്ട അവധിയെടുക്കാൻ സാധിക്കാത്ത ഉദ്യോഗസ്ഥർക്കും വ്യാപാരികൾക്കും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് കർമ്മങ്ങൾ പൂർത്തിയാക്കി മടങ്ങാൻ സഹായിക്കുന്ന ഈ ഹ്രസ്വ പാക്കേജ് ഏറെ അനുഗ്രഹപ്രദമാണ്. ഹജ്ജ് നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കാൻ ഇനിയും നടപടികളുണ്ടാകണം.”

— സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി

സൗജന്യ സേവനങ്ങളുമായി മഅ്ദിൻ ഹെൽപ്പ് ഡെസ്ക്

ഹജ്ജ് അപേക്ഷകർക്ക് പൂർണ്ണമായും സൗജന്യ സേവനങ്ങളാണ് മഅ്ദിൻ ഹെൽപ്പ് ഡെസ്കിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ഓൺലൈൻ അപേക്ഷാ സമർപ്പണം, രേഖകളുടെ വെരിഫിക്കേഷൻ, കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ, സംശയനിവാരണം തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.

  • പ്രവർത്തന സമയം: രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ.

  • ആവശ്യമായ രേഖകൾ: അപേക്ഷിക്കാൻ താല്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം സ്വലാത്ത് നഗറിലെ മഅ്ദിൻ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.

  • ഹെൽപ്പ് ലൈൻ നമ്പറുകൾ: 9633396001, 8089396001

ഫിഖ്ഹ് ഡെസ്കും ഹജ്ജ് ക്യാമ്പും

ഹാജിമാരുടെ കർമ്മശാസ്ത്രപരമായ സംശയങ്ങൾ ദൂരീകരിക്കുന്നതിനായി പ്രത്യേക ‘ഫിഖ്ഹ് ഡെസ്കും’ മഅ്ദിൻ അക്കാദമിയിൽ പ്രവർത്തിക്കും. കൂടാതെ, ഗവൺമെന്റ് – സ്വകാര്യ ഗ്രൂപ്പുകൾ വഴി ഹജ്ജ്, ഉംറ തീർത്ഥാടനത്തിന് പോകുന്നവർക്കായി എല്ലാവർഷവും സംഘടിപ്പിക്കാറുള്ള സംസ്ഥാനതല ഹജ്ജ് പഠന ക്യാമ്പ് ഈ വർഷവും വിപുലമായി സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി സംസ്ഥാന അസിസ്റ്റന്റ് ട്രെയിനിംഗ് ഓർഗനൈസർ പി.പി. മുജീബുർറഹ്മാൻ ഹജ്ജ് അപേക്ഷാ പരിശീലനത്തിന് നേതൃത്വം നൽകി. ദുൾഫുഖാറലി സഖാഫി മേൽമുറി, ഉമർ മേൽമുറി, മഅ്ദിൻ ഹെൽപ്പ് ഡെസ്ക് കോ-ഓർഡിനേറ്റർമാരായ അബ്ദുൽ ജലീൽ എളങ്കൂർ, അനീർ മോങ്ങം, സഫീർ കുറ്റിപ്പാല, ആബിദ് പള്ളിപ്പുറം, ജുനൈദ് ആനമങ്ങാട് തുടങ്ങിയവർ സംബന്ധിച്ചു.