സംസ്ഥാന തല ഹജ്ജ് ക്യാമ്പ് ഇന്ന് സ്വലാത്ത് നഗറിൽ; ഹാജിമാരെ സ്വീകരിക്കാൻ മഅ്ദിൻ കാമ്പസ് സജ്ജം
മലപ്പുറം: ഗവൺമെന്റ്, സ്വകാര്യ ഗ്രൂപ്പുകൾ വഴി ഈ വർഷത്തെ വിശുദ്ധ ഹജ്ജ്-ഉംറ തീർത്ഥാടനത്തിന് പുറപ്പെടുന്നവർക്കായി മഅ്ദിൻ അക്കാദമി സംഘടിപ്പിക്കുന്ന സംസ്ഥാന തല ഹജ്ജ് ക്യാമ്പ് ഇന്ന് (ചൊവ്വാഴ്ച) സ്വലാത്ത് നഗർ പ്രധാന കാമ്പസിൽ നടക്കും. രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ നീളുന്ന ക്യാമ്പ് കേരള ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.
മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ചടങ്ങിൽ അധ്യക്ഷത വഹിക്കും. വിദൂര സ്ഥലങ്ങളിൽ നിന്നും ഇന്നലെ രാത്രിയോടെ എത്തിയ തീർത്ഥാടകരുടെ ആദ്യ സംഘത്തിന് മഅ്ദിൻ ഭാരവാഹികളുടെ നേതൃത്വത്തിൽ ഉഷ്മളമായ സ്വീകരണം നൽകി.
പ്രായോഗിക പരിശീലനവും മാതൃകാ കഅ്ബയും
പ്രമുഖ ഹജ്ജ് പണ്ഡിതൻ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ഹജ്ജ്-ഉംറ പ്രായോഗിക പരിശീലനത്തിന് നേതൃത്വം നൽകും. തീർത്ഥാടകർക്ക് ഹജ്ജ് കർമ്മങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുന്നതിനായി തയ്യാറാക്കിയ മാതൃകാ കഅ്ബയുടെ സഹായത്തോടെ മഖാമു ഇബ്റാഹീം, സ്വർണ്ണപ്പാത്തി, കഅ്ബയുടെ മൂലകൾ, ഹിജ്ർ ഇസ്മാഈൽ, ഹജറുൽ അസ് വദ് തുടങ്ങിയ ഭാഗങ്ങൾ നേരിട്ട് പരിചയപ്പെടുത്തും.
തീർത്ഥാടകരുടെ സംശയങ്ങൾക്ക് സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്റാഹീം ബാഖവി മേൽമുറി, അബൂശാക്കിർ സുലൈമാൻ ഫൈസി കിഴിശ്ശേരി എന്നിവർ മറുപടി നൽകും. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ എം.എസ്. അനസ് ഹാജി, അഡ്വ. മൊയ്തീൻ കുട്ടി, പി.ടി. അക്ബർ, അഷ്കർ കോറാട്, ഹജ്ജ് കമ്മിറ്റി സംസ്ഥാന ട്രെയിനിംഗ് ഓർഗനൈസർ പി.പി. മുജീബ് റഹ്മാൻ വടക്കേമണ്ണ തുടങ്ങിയവർ സംസാരിക്കും.
വിപുലമായ സൗകര്യങ്ങൾ
കേരളത്തിലെ വിവിധ ജില്ലകൾക്ക് പുറമെ ലക്ഷദ്വീപ്, നീലഗിരി, മംഗലാപുരം, കോയമ്പത്തൂർ, ചെന്നൈ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി ആയിരക്കണക്കിന് തീർത്ഥാടകരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളാൻ വിശാലമായ പന്തലും ക്ലാസുകൾ തടസ്സമില്ലാതെ വീക്ഷിക്കാൻ എൽ.ഇ.ഡി വാളുകളും ഒരുക്കിയിട്ടുണ്ട്.
- ഗതാഗതം: ക്യാമ്പ് ദിവസമായ ഇന്ന് കെ.എസ്.ആർ.ടി.സി ബസുകൾക്ക് സ്വലാത്ത് നഗറിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
- സേവനങ്ങൾ: ക്ലോക്ക് റൂം, വാഷ്റൂമുകൾ, നിസ്കാര സൗകര്യം, സൗജന്യ ഹജ്ജ് കിറ്റ് വിതരണം എന്നിവ ലഭ്യമാണ്.
- ഭക്ഷണം: നാസ്ത, കഞ്ഞി, ഫ്രൂട്ട്സ്, ഉച്ചഭക്ഷണം, ചായ, ലഘുകടികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
- ആരോഗ്യ സേവനം: മഅ്ദിൻ ഹോസ്പിസിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനമടങ്ങുന്ന മെഡിക്കൽ സെന്റർ കാമ്പസിൽ പ്രവർത്തിക്കും.
പുസ്തക പ്രകാശനവും പ്രാർത്ഥനാ മജ്ലിസും
ഖാലിദ് സഖാഫി സ്വലാത്ത് നഗർ രചിച്ച ‘ഹജ്ജ്-ഉംറ കർമ്മം ചരിത്രം അനുഭവം’ എന്ന ഗ്രന്ഥത്തിന്റെ ഏഴാം പതിപ്പ് ചടങ്ങിൽ പ്രകാശനം ചെയ്യും. ഹജ്ജ് യാത്രയുടെ തുടക്കം മുതൽ ഒടുക്കം വരെയുള്ള വഴികാട്ടിയായ വിവരങ്ങളും ക്യു.ആർ (QR) കോഡ് വഴി കേൾക്കാവുന്ന ദിക്റുകളും ദുആകളും ഉൾക്കൊള്ളുന്നതാണ് ഈ പുസ്തകം.
സമാപനത്തോടനുബന്ധിച്ച് നൂറുകണക്കിന് യതീം കുട്ടികൾ, സാദാത്തുക്കൾ, ഹിഫ്ള് വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ ഹാജിമാർക്കായി പ്രത്യേക പ്രാർത്ഥന നടക്കും. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി പ്രാർത്ഥനക്ക് നേതൃത്വം നൽകും.
രജിസ്ട്രേഷനും വിവരങ്ങൾക്കും ബന്ധപ്പെടുക:
📞 9072310111 | 9072310222
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
