സംസ്ഥാന ഹജ്ജ് ക്യാമ്പ് നാളെ സ്വലാത്ത് നഗറിൽ; പതിനായിരത്തോളം ഹാജിമാരെ സ്വീകരിക്കാൻ മഅ്ദിൻ കാമ്പസ് സജ്ജം

Published On: April 20, 2025Tags: , ,

മലപ്പുറം: ഗവൺമെന്റ്, സ്വകാര്യ ഗ്രൂപ്പുകൾ മുഖേന ഈ വർഷത്തെ വിശുദ്ധ ഹജ്ജ്-ഉംറ തീർത്ഥാടനത്തിന് പുറപ്പെടുന്ന പതിനായിരത്തോളം ഹാജിമാർക്കായി അറിവനുഭവങ്ങളുടെ വേദിയൊരുക്കി മഅ്ദിൻ അക്കാദമി. ഇരുപത്തിയാറാമത് സംസ്ഥാന തല ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. നാളെ (ചൊവ്വാഴ്ച) സ്വലാത്ത് നഗർ പ്രധാന കാമ്പസിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ക്യാമ്പ് നടക്കുക.

കേരള ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കേരള ഹജ്ജ് കമ്മിറ്റി ചെയർമാർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യാതിഥിയാകും. മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ചടങ്ങിൽ അധ്യക്ഷത വഹിക്കും.

പ്രായോഗിക പരിശീലനവും മാതൃകാ കഅ്ബയും

പ്രമുഖ ഹജ്ജ് പണ്ഡിതൻ കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി ഹജ്ജ്-ഉംറ പ്രായോഗിക പരിശീലന ക്ലാസിന് നേതൃത്വം നൽകും. നിർമ്മാണം പൂർത്തിയായ മാതൃകാ കഅ്ബയുടെ സഹായത്തോടെ മഖാമു ഇബ്‌റാഹീം, സ്വർണ്ണപ്പാത്തി, കഅ്ബയുടെ മൂലകൾ, ഹിജ്ർ ഇസ്മാഈൽ, ഹജറുൽ അസ് വദ് തുടങ്ങിയ കഅ്ബയുടെ വിവിധ ഭാഗങ്ങൾ തീർത്ഥാടകർക്ക് നേരിട്ട് പരിചയപ്പെടുത്തും.

തീർത്ഥാടകരുടെ സംശയങ്ങൾക്ക് ഇബ്‌റാഹീം ബാഖവി മേൽമുറി, അബൂശാക്കിർ സുലൈമാൻ ഫൈസി കിഴിശ്ശേരി എന്നിവർ മറുപടി നൽകും.

വിപുലമായ സൗകര്യങ്ങൾ

കേരളത്തിലെ വിവിധ ജില്ലകൾക്ക് പുറമെ ലക്ഷദ്വീപ്, നീലഗിരി, മംഗലാപുരം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള പതിനായിരത്തോളം തീർത്ഥാടകരെ ഉൾക്കൊള്ളാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്.

  • ജർമൻ പന്തലും എൽ.ഇ.ഡി വാളും: എല്ലാവർക്കും തടസ്സമില്ലാതെ ക്ലാസുകൾ വീക്ഷിക്കുന്നതിനായി കൂറ്റൻ ജർമൻ പന്തലും എൽ.ഇ.ഡി വാളുകളും.
  • 1001 അംഗ സന്നദ്ധസേന: ഹാജിമാരുടെ സേവനത്തിനായി 1001 അംഗ വളണ്ടിയർമാരും വനിതാ തീർത്ഥാടകർക്കായി പ്രത്യേക വനിതാ വളണ്ടിയർമാരും.
  • ഹെൽപ് കൗണ്ടറും താമസവും: വിദൂരങ്ങളിൽ നിന്നെത്തുന്നവർക്ക് താമസ സൗകര്യവും സംശയങ്ങൾ പരിഹരിക്കാൻ പ്രത്യേക ഹെൽപ് കൗണ്ടറും.
  • സൗജന്യ ഹജ്ജ് കിറ്റും ഭക്ഷണവും: പങ്കെടുക്കുന്ന മുഴുവൻ ഹാജിമാർക്കും സൗജന്യ ഹജ്ജ് കിറ്റുകൾ വിതരണം ചെയ്യും. കൂടാതെ നാസ്ത, കഞ്ഞി, ഫ്രൂട്ട്‌സ്, ഉച്ചഭക്ഷണം, ചായ, ലഘുകടികൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
  • മെഡിക്കൽ സെന്റർ: മഅ്ദിൻ ഹോസ്പിസിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സേവനമടങ്ങുന്ന മെഡിക്കൽ സെന്ററും സജ്ജമാണ്.

പുസ്തക ഓഫറും പ്രത്യേക പ്രാർത്ഥനാ മജ്‌ലിസും

ഖാലിദ് സഖാഫി സ്വലാത്ത് നഗർ രചിച്ച ‘ഹജ്ജ്-ഉംറ കർമ്മം ചരിത്രം അനുഭവം’ എന്ന മാർഗ്ഗദർശി ഗ്രന്ഥം ക്യാമ്പിൽ പ്രത്യേക ഹജ്ജ് ഓഫർ നിരക്കിൽ ലഭ്യമാകും. ക്യു.ആർ (QR) കോഡ് വഴി ദുആകളും ദിക്റുകളും കേൾക്കാവുന്ന സംവിധാനവും ഈ ഗ്രന്ഥത്തിലുണ്ട്.

വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന ചടങ്ങിൽ നൂറുകണക്കിന് യതീം കുട്ടികൾ, സാദാത്തുക്കൾ, ഹിഫ്ള് വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ ഹാജിമാർക്കായി പ്രത്യേക പ്രാർത്ഥന നടക്കും. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പ്രാർത്ഥനക്ക് നേതൃത്വം നൽകും.

രജിസ്‌ട്രേഷനും വിവരങ്ങൾക്കും ബന്ധപ്പെടുക:
📞 9072310111 | 9072310222