മഅ്ദിൻ ഹറമൈൻ എക്സ്പോയ്ക്ക് ആയിരങ്ങൾ; അനുഭൂതി നിറച്ച് ‘ദ പിലിഗ്രമേജ്’

Published On: August 23, 2025Tags: , ,

മലപ്പുറം: പ്രവാചകൻ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഅ്ദിൻ അക്കാദമി മലപ്പുറത്ത് സംഘടിപ്പിക്കുന്ന ‘ഹറമൈൻ എക്സ്പോ’ കാണാൻ ആയിര ഒഴുകിയെത്തുന്നു. എക്സ്പോയിലെ വേറിട്ട കാഴ്‌ചയായ ‘ദ പിലിഗ്രമേജ്’ (The Pilgrimage) സന്ദർശകർക്ക് പുണ്യഭൂമിയിലൂടെയുള്ള തീർത്ഥാടനത്തിന്റെ നവ്യാനുഭൂതിയാണ് സമ്മാനിക്കുന്നത്.

പുരാതന കാലത്തെ ഹജ്ജ് തീർത്ഥാടന സഞ്ചാരപഥങ്ങളുടെ അപൂർവ്വ പുനരാവിഷ്കാരമാണ് ഈ സ്റ്റാളിനെ ശ്രദ്ധേയമാക്കുന്നത്. മഅ്ദിൻ വിദ്യാർത്ഥികളുടെ കരവിരുതിൽ വിരിഞ്ഞ ഈ പ്രദർശനം കാണാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടുംബസമേതമാണ് ആളുകൾ എത്തുന്നത്.

‘ദ പിലിഗ്രമേജ്’ – പ്രധാന ആകർഷണങ്ങൾ:

  • ചരിത്രവാതിലിലൂടെ പ്രവേശനം: 1967 വരെ നിലനിന്നിരുന്ന ബാബു ബനൂ ശൈബ എന്ന ആദ്യകാല കഅ്ബയുടെ കവാടത്തിന്റെ മാതൃകയിലൂടെയാണ് സന്ദർശകർ സ്റ്റാളിലേക്ക് പ്രവേശിക്കുന്നത്.
  • തീർത്ഥാടന പാത പുനരാവിഷ്കാരം: പുരാതന കച്ചവട തെരുവിലൂടെ കടന്ന് കഅ്ബ, സ്വഫാ-മർവ, മിന, അറഫ, മുസ്ദലിഫ, ജംറ തുടങ്ങിയ ഹജ്ജിന്റെ പ്രധാന ഘട്ടങ്ങളെല്ലാം അതേപടി കണ്ടറിഞ്ഞ്, ഒടുവിൽ മദീന സിയാറത്തോടുകൂടി പൂർത്തിയാകുന്ന രീതിയിലാണ് സ്റ്റാൾ ക്രമീകരിച്ചിരിക്കുന്നത്.
  • പഠനാനുഭവം: ഓരോ ഘട്ടത്തിന്റെയും ചരിത്രവും സവിശേഷതകളും വിദ്യാർത്ഥികൾ തന്നെ സന്ദർശകർക്ക് വിശദീകരിച്ചു നൽകുന്നു.

കാൽനടയായി തുടങ്ങി വിമാനം വരെ: ഹജ്ജ് യാത്രയുടെ പരിണാമം

  • ഹജ്ജ് യാത്രയുടെ ചരിത്രവഴികൾ വിവരിക്കുന്ന സ്റ്റാളാണ് എക്സ്പോയിലെ മറ്റൊരു പ്രധാന ആകർഷണം. 3D മോഡലുകളുടെ സഹായത്തോടെ തയ്യാറാക്കിയ ഈ ദൃശ്യവിസ്മയം ഹജ്ജ് യാത്രയിൽ നൂറ്റാണ്ടുകളായുണ്ടായ മാറ്റങ്ങൾ വ്യക്തമാക്കുന്നു:
  • ആദ്യകാല യാത്രകൾ: ആദം നബി മുതൽ മനുഷ്യർ കാൽനടയായി ഇന്ത്യ, പാകിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈത്ത് വഴി മക്കയിലെത്തിയിരുന്ന ചരിത്രം.
  • കപ്പൽ മാർഗ്ഗമുള്ള യാത്ര: അറബികളുമായുള്ള കച്ചവട ബന്ധത്തിന് പിന്നാലെ കേരളത്തിൽ നിന്ന് ഉൾപ്പെടെ കപ്പൽ മാർഗ്ഗം ആളുകൾ യാത്രയായി. 1927-ൽ ബോംബെ കേന്ദ്രമാക്കി ഔദ്യോഗികമായി ആരംഭിച്ച കപ്പൽ യാത്രകൾ 1995-ലാണ് പൂർണ്ണമായും നിർത്തിയത്.
  • ആധുനിക യുഗം: വിമാന സർവീസുകൾ സാർവത്രികമായതോടെ ഹജ്ജ് യാത്ര പൂർണ്ണമായും വ്യോമമാർഗ്ഗത്തിലേക്ക് മാറിയതിന്റെ ഘട്ടങ്ങൾ.