സമസ്ത മലപ്പുറം ജില്ലാ പണ്ഡിത ക്യാമ്പ് മഅ്ദിൻ കാമ്പസിൽ സമാപിച്ചു

മലപ്പുറം: സമസ്ത ശതാബ്ദിയുടെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഅ്ദിൻ കാമ്പസിൽ സംഘടിപ്പിച്ച പണ്ഡിത ക്യാമ്പിന് ഉജ്ജ്വല സമാപനം. സമസ്ത കേന്ദ്ര സെക്രട്ടറിയും മഅ്ദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണവും കേന്ദ്ര മുശാവറ അംഗവും ജില്ലാ ജനറൽ സെക്രട്ടറിയുമായ പൊന്മള മൊയ്തീൻ കുട്ടി ബാഖവി അധ്യക്ഷതയും വഹിച്ചു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി, അലവി സഖാഫി കൊളത്തൂർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തു.

പൂരങ്ങളെ നേർച്ചകളാക്കാനുള്ള ശ്രമം അപലപനീയം

ആഭാസങ്ങളും സാംസ്കാരിക ച്യുതികളും നിറഞ്ഞതും മുൻകാലങ്ങളിൽ നിലച്ചുപോയതുമായ ചില പൂരങ്ങളെ നേർച്ചകളായി പുനരാവിഷ്കരിക്കാൻ ചില വഹാബി പ്രസ്ഥാനങ്ങൾ നടത്തുന്ന ശ്രമങ്ങളെ പണ്ഡിത സംഗമം ശക്തമായി അപലപിച്ചു. ശീഈ പശ്ചാത്തലത്തിൽ നടന്നിരുന്ന ഇത്തരം അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും സുന്നീ സമൂഹത്തിന് മേൽ വച്ചു കെട്ടാനുള്ള ഒളിയജണ്ടയുടെ ഭാഗമാണിത്. ഇത്തരം ദുരാചാരങ്ങളിൽ നിന്നും വഹാബി പ്രചാരണങ്ങളിൽ നിന്നും സുന്നീ പൊതുജനം ജാഗ്രത പാലിക്കണമെന്ന് സംഗമം ആഹ്വാനം ചെയ്തു.

സംഘടനാ സകാത്ത് ഇസ്ലാമിക വിരുദ്ധം

ഖുർആൻ കൃത്യമായി നിർണയിച്ച എട്ട് വിഭാഗങ്ങൾക്ക് അർഹതപ്പെട്ട ഇസ്ലാമിലെ സകാത്ത് സംവിധാനത്തെ സ്വന്തം സംഘടനാ താൽപ്പര്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നത് കൊടിയ ചതിയാണെന്ന് പണ്ഡിത സംഗമം പ്രഖ്യാപിച്ചു. അർഹരായ അവകാശികൾക്ക് നൽകാതെ തടഞ്ഞു വെക്കുകയും സകാത്ത് വിഹിതത്തിൽ നിന്ന് പലിശ ശേഖരിക്കുകയും ചെയ്യുന്ന പ്രവണത ഇസ്ലാമിക തത്ത്വങ്ങൾക്ക് നിരക്കാത്തതാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

ബുൾഡോസർ രാജിനെതിരെ കേന്ദ്രവും സുപ്രീം കോടതിയും ഇടപെടണം

രാജ്യത്തിന്റെ മതേതരത്വത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും സുപ്രീം കോടതി വിധികൾക്കും വിരുദ്ധമായി ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സംഘപരിവാർ ഭരണകൂടങ്ങൾ നടപ്പിലാക്കുന്ന ബുൾഡോസർ രാജ് രാജ്യത്തിന്റെ പൈതൃകത്തിന് കളങ്കമാണ്. മുസ്ലിം ആരാധനാലയങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമെതിരെ നടക്കുന്ന ഇത്തരം വ്യാപകമായ അക്രമങ്ങളിൽ നിന്ന് സംസ്ഥാനങ്ങളെ പിന്തിരിപ്പിക്കാൻ കേന്ദ്ര ഗവൺമെന്റും സുപ്രീം കോടതിയും അടിയന്തരമായി ഇടപെടണമെന്ന് സംഗമം ആവശ്യപ്പെട്ടു.