സി.ബി.എസ്.ഇ ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്: മഅദിൻ പബ്ലിക് സ്കൂളിന് ഉജ്ജ്വല വിജയം

മലപ്പുറം: സി.ബി.എസ്.ഇ മലപ്പുറം ജില്ലാ അണ്ടർ 17 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം മഅദിൻ പബ്ലിക് സ്കൂൾ ജേതാക്കളായി. മോങ്ങം ലിറ്റിൽ ഇന്ത്യ പബ്ലിക് സ്കൂളിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ തിരൂർ എം.ഇ.എസ് സ്കൂളിനെ കീഴടക്കിയാണ് മഅദിൻ ടീം കിരീടം ചൂടിയത്. ചാമ്പ്യൻഷിപ്പിൽ ചെറുകര എം.ഐ.സി സ്കൂൾ മൂന്നാം സ്ഥാനം നേടി.

ലിറ്റിൽ ഇന്ത്യ ടർഫ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ജനറൽ കൺവീനറും സ്കൂൾ പ്രിൻസിപ്പലുമായ റസിന ലത്തീഫ് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. സഹോദയ ട്രഷറർ ആമിന ജഹാൻ ആണ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തത്.

കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച് വിദ്യാലയത്തിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച ടീം അംഗങ്ങളെയും കായിക അധ്യാപകരെയും മഅദിൻ അക്കാദമി മാനേജ്‌മെന്റും അധ്യാപകരും അഭിനന്ദിച്ചു.