1500-ാം നബിദിനാഘോഷം: മലപ്പുറത്ത് ആവേശം വിതറി മഅ്ദിൻ നബിദിന സ്നേഹറാലി; ആയിരങ്ങൾ അണിനിരന്നു

Published On: September 4, 2025Tags: , ,

മലപ്പുറം: പ്രവാചകർ മുഹമ്മദ് നബിയുടെ 1500-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘തിരുവസന്തം 1500’ ആഘോഷങ്ങളുടെ ഭാഗമായി മഅ്ദിൻ അക്കാദമിയുടെയും വിവിധ സുന്നി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ മലപ്പുറത്ത് പ്രൗഢഗംഭീരമായ നബിദിന സ്നേഹറാലി നടന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ നബിദിന റാലിക്കാണ് മലപ്പുറം സാക്ഷ്യം വഹിച്ചത്. ജനസഞ്ചയം അണിനിരന്ന റാലി നഗരത്തെ ആവേശത്തിലാഴ്ത്തി.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ റാലിയുടെ ഉദ്ഘാടനം നിർവഹിച്ചു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ചടങ്ങിൽ നബിദിന സന്ദേശം നൽകി. മനുഷ്യസമൂഹത്തിന് നീതിയും സമത്വവും പകർന്നുനൽകിയ തുല്യതയില്ലാത്ത വ്യക്തിത്വമാണ് പ്രവാചകരെന്നും, സഹോദര സമുദായങ്ങളോട് സ്നേഹവും കരുതലും പുലർത്തി ജീവിച്ചു കാണിച്ച മാതൃകാപുരുഷനാണ് അവിടുത്തെന്നും തങ്ങൾ ഓർമിപ്പിച്ചു.

വർണാഭമായ കാഴ്ചകളും സന്ദേശങ്ങളും

വിവിധ ഭാഷകളിലുള്ള നബികീർത്തനങ്ങളും മദ്ഹ് ഗാനങ്ങളുമായി നീങ്ങിയ റാലിയിൽ പൊതുജനങ്ങളും വിദ്യാർത്ഥികളുമടക്കം ആയിരക്കണക്കിന് പ്രവാചകപ്രേമികൾ പങ്കെടുത്തു. മഅ്ദിൻ രിബാതുൽ ഖുർആൻ, തഹ്ഫീളുൽ ഖുർആൻ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച മെഗാ ദഫ് മുട്ടും ഫ്ലവർ ഷോയും റാലിയുടെ പ്രധാന ആകർഷണമായി. സ്‌കൗട്ട് ഗ്രൂപ്പുകളും റാലിയിൽ അണിനിരന്നു.

കേവലം ആഘോഷങ്ങൾക്കപ്പുറം സാമൂഹിക ബോധവൽക്കരണ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചതാണ് ഇത്തവണത്തെ റാലിയെ വേറിട്ടുനിർത്തിയത്. ലഹരിക്കെതിരെയുള്ള ബോധവൽക്കരണം, ബഹുസ്വര സമൂഹത്തിലെ വിശ്വാസിയുടെ ബാധ്യത, പരിസ്ഥിതി സംരക്ഷണം, പ്രവാചകന്റെ കാര്‍ഷിക അധ്യാപനങ്ങൾ, മതദർശനങ്ങളുടെ പേരിൽ സംഘർഷങ്ങളുണ്ടാക്കുന്നതിന്റെ നിരർത്ഥകത എന്നിവ വ്യക്തമാക്കുന്ന പ്രദർശനങ്ങളും റാലിയിലുണ്ടായിരുന്നു.

വിപുലമായ ചടങ്ങുകൾ

പുലർച്ചെ 4 മണിക്ക് മഅ്ദിൻ ഗ്രാൻഡ് മസ്ജിദിൽ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ നേതൃത്വത്തിൽ നടന്ന മൗലിദ് പാരായണത്തോടെയും പ്രത്യേക പ്രാർത്ഥനയോടെയുമാണ് ദിനാചരണങ്ങൾക്ക് തുടക്കമായത്. തുടർന്ന് ആയിരക്കണക്കിന് ആളുകൾക്ക് അന്നദാനവും ‘റബീഅ് കിറ്റ്’ വിതരണവും നടന്നു. വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച തഹ്ഫീസുൽ ഖുർആൻ കോളേജ് വിദ്യാർത്ഥികളുടെ ‘മീലാദ് പാട്ടുവണ്ടി’യും ശ്രദ്ധേയമായി.

സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ പൊന്മള മൊയ്തീൻ കുട്ടി ബാഖവി, അബൂ ഹനീഫൽ ഫൈസി തെന്നല, അലവി സഖാഫി കൊളത്തൂർ, അബ്ദുള്ള അഹ്സനി ചെങ്ങാനി, സയ്യിദ് സൈനുൽ ആബിദീൻ ജീലാനി മൂച്ചിക്കൽ, സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ധീൻ അൽ ഐദ്രൂസി കല്ലറക്കൽ, കേരള മുസ്ലിം ജമാഅത്ത് ഫിനാൻസ് സെക്രട്ടറി ചാലിയം എ.പി. അബ്ദുൽ കരീം ഹാജി, സംസ്ഥാന സെക്രട്ടറി മുസ്തഫ കോഡൂർ, ഊരകം അബ്ദുറഹ്മാൻ സഖാഫി, പി.കെ.എം. സഖാഫി ഇരിങ്ങല്ലൂർ, കെ.പി. ജമാൽ കരുളായി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ, ജില്ലാ ജനറൽ സെക്രട്ടറി ശാഫി വെങ്ങാട്, സൈനുദ്ധീൻ സഖാഫി ഇരുമ്പുഴി തുടങ്ങിയവർ നേതൃത്വം നൽകി.