കാഴ്ചാപരിമിതിയുള്ള വിദ്യാർഥികൾക്ക് വിശുദ്ധ ഹറമൈൻ തൊട്ടറിയാൻ അവസരമൊരുക്കി മഅ്ദിൻ അക്കാദമി; തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഉംറ തീർഥാടനത്തിന് അവസരം

സ്വലാത്ത് നഗർ:പ്രവാചകർ മുഹമ്മദ് നബി (സ്വ) തങ്ങളുടെ 1500-ാം മീലാദ് ആഘോഷങ്ങളുടെ ഭാഗമായി മഅ്ദിൻ അക്കാദമിക്ക് കീഴിൽ സംഘടിപ്പിക്കുന്ന ‘ഹറമൈൻ എക്സ്പോ’യിൽ ഹൃദയം തൊടുന്ന ഏടുകൾ.അക്കാദമിക്ക് കീഴിൽ പഠനം നടത്തുന്ന കാഴ്ചാപരിമിതിയുള്ള വിദ്യാർഥികൾക്ക് വിശുദ്ധ കഅ്ബ,മഖാമു ഇബ്റാഹീം,ഹജറുൽ അസ് വദ് എന്നിവയുടെ മാതൃകകൾ തൊട്ടറിഞ്ഞ് അനുഭവിച്ചറിയാൻ എക്സ്പോയിൽ പ്രത്യേക സൗകര്യമൊരുങ്ങി.

വിശുദ്ധ മക്കയും മദീനയും നേരിൽ കാണാൻ ആഗ്രഹിച്ച ഈ വിദ്യാർഥികൾക്ക് മക്കയെക്കുറിച്ചുള്ള അറിവിന്റെ പുതിയ വാതിലുകളാണ് എക്സ്പോ തുറന്നുനൽകിയത്.എക്സ്പോയിൽ പങ്കെടുത്തവരിൽ നിന്ന് പ്രകടന മികവ് പുലർത്തിയ മൂന്ന് വിദ്യാർഥികൾക്ക് വിശുദ്ധ ഉംറയും സിയാറത്തും നിർവഹിക്കാനുള്ള പൂർണ്ണ ചെലവുകൾ മഅ്ദിൻ അക്കാദമി വഹിക്കും.പ്രശസ്ത വ്ലോഗർ കൊണ്ടോട്ടി ബാപ്പുട്ടിയാണ് ഈ യാത്രയ്ക്കുള്ള സാമ്പത്തിക സഹായം നൽകുന്നത്.

ഹാഫിള് ശബീർ അലി അദനി, ഹാഫിള് സിനാൻ,ഹാഫിള് ഉമറുൽ അഖ്സം എന്നിവർക്കാണ് ആദ്യഘട്ടത്തിൽ മക്ക-മദീന തീർഥാടനത്തിന് അവസരം ലഭിച്ചത്.

“കുഞ്ഞുന്നാൾ മുതൽ മനസ്സിൽ താലോലിച്ച സ്വപ്നമാണ് ഇപ്പോൾ പൂവണിയുന്നത്. കാഴ്ച പരിമിതി കാരണം ഒരിക്കലും സാധ്യമാകില്ലെന്ന് കരുതിയ ഈ വിശുദ്ധ യാത്രയ്ക്ക് അവസരമൊരുക്കിയതിലൂടെ,ഞങ്ങളെപ്പോലുള്ളവർ സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടേണ്ടവരല്ലെന്ന മഹത്തായ സന്ദേശമാണ് മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ നൽകുന്നത്,”എന്ന് യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഹാഫിള് ശബീർ അലി അദനി വികാരഭരിതനായി പറഞ്ഞു.

പ്രമുഖരുടെ സന്ദർശനം തുടരുന്നു

മൂന്നാം ദിനത്തിലേക്ക് കടന്ന ഹറമൈൻ എക്സ്പോ കാണാൻ ആയിരക്കണക്കിന് ആളുകളാണ് സ്വലാത്ത് നഗറിലേക്ക് ഒഴുകിയെത്തുന്നത്.സാമൂഹിക-സാംസ്കാരിക-അക്കാദമിക് രംഗത്തെ പ്രമുഖർ എക്സ്പോ സന്ദർശിച്ചു.

എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ ഡോ.മുഹമ്മദ് ഫാറൂഖ് നഈമി,പ്രമുഖ ചരിത്രകാരൻ കെ.കെ.എൻ.കുറുപ്പ്,തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല രജിസ്ട്രാർ ഡോ.കെ.എൻ. ഭരതൻ,അസിസ്റ്റന്റ് പ്രൊഫസർ ഡോ.കെ.വി.സാജിദ,അശ്വതി രാജ്,ഡോ. മുഹമ്മദ് കുഞ്ഞി,കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറി കെ.കെ.ജമാൽ കരുളായി,മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി വി.പി.നിസാർ തുടങ്ങിയവർ കഴിഞ്ഞ ദിവസം എക്സ്പോ കാണാനെത്തിയിരുന്നു.

എക്സ്പോ ഇന്ന് സമാപിക്കും

എക്സ്പോ ഇന്ന് കൂടി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.രാവിലെ 11 മണി മുതൽ വൈകുന്നേരം 6 മണി വരെ സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും എക്സ്പോ സന്ദർശിക്കാവുന്നതാണ്.

എക്സ്പോയോടനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി നിർവഹിക്കും.