മഅ്ദിൻ അക്കാദമിയിൽ സ്കൂൾ വാഹന പരിശോധനയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
മലപ്പുറം: പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്നതിനായി മലപ്പുറം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ (RTO) നേതൃത്വത്തിൽ മേൽമുറി മഅ്ദിൻ അക്കാദമി കാമ്പസിൽ വച്ച് സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
പരിശോധനയ്ക്കായി ഹാജരാക്കിയ 153 വാഹനങ്ങളിൽ പൂർണ്ണമായും പ്രവർത്തനക്ഷമമായ 121 വാഹനങ്ങൾക്ക് അനുമതി നൽകുന്ന സ്റ്റിക്കറുകൾ പതിച്ചു നൽകി. ചില സാങ്കേതിക തകരാറുകൾ കണ്ടെത്തിയ 32 വാഹനങ്ങളോട് ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പുനഃപരിശോധനയ്ക്ക് ഹാജരാകാൻ നിർദ്ദേശിച്ചു.

ഇതോടനുബന്ധിച്ച് സ്കൂൾ വാഹന ഡ്രൈവർമാർക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസും നടന്നു. വിദ്യാർത്ഥികളെ സുരക്ഷിതമായി സ്കൂളുകളിലും തിരികെ വീടുകളിലും എത്തിക്കുന്നതിന് പാലിക്കേണ്ട സുരക്ഷാ നടപടികൾ, ഡിഫൻസീവ് ഡ്രൈവിംഗ് രീതികൾ, കുട്ടികളോട് പാലിക്കേണ്ട ശരിയായ പെരുമാറ്റരീതികൾ എന്നിവയെക്കുറിച്ച് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിലീപ് കുമാർ കെ.ജി വിശദമായി ക്ലാസെടുത്തു.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ജയരാജ്, അയ്യപ്പദാസ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഹരിലാൽ, ദീപക്, ശ്രീകാന്ത്, സജീവ്, ഷമീർ എന്നിവർ വാഹന പരിശോധനയ്ക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുമെന്ന് ആർ.ടി.ഒ ഷഫീക്ക് അറിയിച്ചു.
മോട്ടോർ വാഹന വകുപ്പിന്റെ സുപ്രധാനമായ ഈ സുരക്ഷാ പരിശോധനയ്ക്കും ബോധവൽക്കരണ പരിപാടിക്കും ആതിഥേയത്വം വഹിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മഅ്ദിൻ അക്കാദമി ഭാരവാഹികൾ വ്യക്തമാക്കി.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
