ബംഗാളിന് പ്രത്യേക വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കണം: സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ

ബംഗാൾ ഗ്രാമങ്ങളെ ഹൃദയത്തോടു ചേർത്ത് മഅ്ദിൻ ചെയർമാന്റെ പര്യടനം ജനശ്രദ്ധ നേടുന്നു

കൊൽക്കത്ത: ഉൾനാടൻ ഗ്രാമങ്ങളുടെ വിദ്യാഭ്യാസ-സാമൂഹിക പുരോഗതി ലക്ഷ്യമാക്കി മഅ്ദിൻ അക്കാദമി ചെയർമാനും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ബംഗാളിൽ നടത്തുന്ന പര്യടനം വൻ ജനശ്രദ്ധ നേടുന്നു. ഗ്രാമീണ ജനതയുടെ ജീവിതസാഹചര്യങ്ങൾ നേരിട്ടറിഞ്ഞ് അവരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനാണ് അദ്ദേഹം സന്ദർശനം നടത്തുന്നത്.

പ്രത്യേക വിദ്യാഭ്യാസ പാക്കേജ് അനിവാര്യം

പര്യടനത്തിന്റെ ഭാഗമായി ശരീഫാബാദ്, ബനേശ്വർഭാടി, ടപ്പൻ, ബഗോയിട്ട്, ചൊമ്നി, ദറാൾ തുടങ്ങിയ ഗ്രാമങ്ങളിൽ തങ്ങൾ സന്ദർശനം നടത്തി. ഗ്രാമവാസികളുമായി നേരിട്ട് സംവദിച്ച അദ്ദേഹം, പ്രദേശത്തെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയെക്കുറിച്ച് ചർച്ച ചെയ്തു. പ്രദേശത്തെ ജനപ്രതിനിധികൾ, സർവകലാശാലാ പ്രതിനിധികൾ, വിദ്യാഭ്യാസ പ്രവർത്തകർ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ബംഗാളിലെ വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കണമെന്ന് സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ ആവശ്യപ്പെട്ടു. പിന്നാക്കം നിൽക്കുന്ന ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ അടിയന്തര സർക്കാർ ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൈബ ഗാർഡനിൽ മുഅല്ലിം പ്രതിനിധി സമ്മേളനം

പര്യടനത്തിനിടെ തൈബ ഗാർഡനിൽ നടന്ന മുഅല്ലിം പ്രതിനിധി സമ്മേളനവും സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്തു. ജാർഖണ്ഡ്, മണിപ്പൂർ, ബീഹാർ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരത്തഞ്ഞൂറോളം പ്രതിനിധികളാണ് സമ്മേളനത്തിൽ സംബന്ധിച്ചത്.

ചടങ്ങിൽ കുറ്റൂർ അബ്ദുറഹ്മാൻ ഹാജി, സയ്യിദ് അബ്ദുൽ ഫത്താഹ് ബുഖാരി, മുഫ്തി ഫഖീഹുൽ ഖമർ സഖാഫി, ഡോ. സുബൈർ അംജദി (അസി. പ്രൊഫസർ, അലിഗഡ് സർവകലാശാല), മുഷ്താഖ് അസ്ഹരി (ചീഫ്, മോറൽ അക്കാദമി), പ്രൊഫ. റഫീദലി (റീജിയണൽ ഡയറക്ടർ, MANUU), പ്രൊഫ. ഇഷ്തിയാഖ് ഹുസൈൻ (HOD, ആലിയ യൂണിവേഴ്സിറ്റി), ഷമായിൽ സുഹ്‌രി, മുഹമ്മദ് സാലിം അദനി, അലി നൂറാനി, സുഹൈറുദ്ധീൻ നൂറാനി, സയ്യിദ് മുർതളാ സഖാഫി, ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ, അഷ്റഫ് സഖാഫി പൂപ്പലം, ഖാലിദ് സഖാഫി സ്വലാത്ത് നഗർ, ശരീഫ് നൂറാനി, മുഹമ്മദ് ഇബ്രാഹീം സഖാഫി, മുബശ്ശിർ മുഈനി കൽക്കത്ത, അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി, ഉമർ പൂമോൻ, മഹ്മൂദ് ഹാജി കൂത്തുപറമ്പ്, എഞ്ചിനീയർ അബ്ദുൽ വഹാബ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.