അറിവിന്റെ ആഴങ്ങളില്‍ സഞ്ചരിച്ച അസ്‌ലം അഹ്സനിക്ക് ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.

Published On: April 23, 2026Tags: , ,

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ജൈത്രയാത്രയിലെ ഓരോ ചുവടുവെപ്പും ഒരു നിധിപോലെ സൂക്ഷിച്ചുവെച്ച അസ്ലം അഹ്സനി തലക്കടത്തൂര്‍ ഇനി ഓര്‍മ. കഴിഞ്ഞ 23 വര്‍ഷക്കാലം മഅ്ദിനുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ വാര്‍ത്തകള്‍,സപ്ലിമെന്റുകള്‍,മാഗസിനുകള്‍,കലണ്ടറുകള്‍, പോസ്റ്ററുകള്‍, കവറുകള്‍ തുടങ്ങി ഓരോ കുറിപ്പും അദ്ദേഹം ജീവനുതുല്യം സംരക്ഷിച്ചിരുന്നു. മഅ്ദിന്‍ 27ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഈ ശേഖരം പ്രദര്‍ശനത്തിന് ഒരുക്കിയതിന്  പിന്നാലെയാണ് അദ്ദേഹത്തിന്റെ വേര്‍പാട്.

സേവനത്തിന് മുമ്പേ തുടങ്ങിയ സ്നേഹം

മഅ്ദിന്‍ കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസില്‍ മുദര്‍രിസായി സേവനമനുഷ്ഠിക്കുന്നതിനും എത്രയോ മുമ്പ്, ഒരു വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ അസ്ലം അഹ്സനി ഈ ശേഖരണം തുടങ്ങിയിരുന്നു. 2000മാണ്ടിലെ ഒരു മഴയുള്ള സ്വലാത്ത് നഗരിയില്‍ നിന്നാണ് ഇതിന്റെ തുടക്കം. താജുല്‍ ഉലമ പങ്കെടുത്ത ആ സ്വലാത്ത് കഴിഞ്ഞ് കിലോമീറ്ററുകളോളം നടന്നുപോകുമ്പോഴും തന്റെ കൈയിലുണ്ടായിരുന്ന ആത്മീയ സന്ദേശങ്ങളുടെ ലഘുലേഖകള്‍ അദ്ദേഹം നനയാതെ സൂക്ഷിച്ചു. പിന്നീട് ഓരോ സ്വലാത്ത് സമ്മേളനങ്ങളും വാര്‍ഷികങ്ങളും കടന്നുപോകുമ്പോള്‍ പുറത്തിറങ്ങിയ ചരിത്രരേഖകള്‍ അദ്ദേഹം കൃത്യമായി ഫയല്‍ ചെയ്തു.

ഉസ്താദുമാരുടെ ഇഷ്ട ശിഷ്യന്‍

ഇഹ്യാഉസുന്നയുടെ പഴയ വരാന്തകളില്‍ ഇപ്പോഴും ആ പാദമുദ്രകള്‍ പതിഞ്ഞുകിടപ്പുണ്ടാകണം. അല്‍പം വേഗതയില്‍, ചുറുചുറുക്കോടെ നടന്നുനീങ്ങുന്ന ആ രൂപം ഇന്നും സുഹൃത്തുക്കളുടെ കണ്ണുകളില്‍ ഒരു മിന്നലാട്ടം പോലെ കടന്നുപോകുന്നു. അസ്ലം അഹ്സനി  കേവലം ഒരു സുഹൃത്തോ സഹപാഠിയോ ആയിരുന്നില്ല അദ്ദേഹം; സ്നേഹത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഉത്തമ ഉദാഹരണമായിരുന്നു.

അസ്ലം അഹ്സനിയുടെ ജീവിതം മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള ചെറിയ ചെറിയ കരുതലുകളുടെ വലിയൊരു സമാഹാരമായിരുന്നു.’മിഷ്‌ക്കാത്തി’ലെ ആ വട്ടത്തില്‍ അബ്ദുള്ള അഹ്സനി ഉസ്താദ് എത്തിയില്ലെങ്കില്‍, ബാക്കിയുള്ള ഉസ്താദുമാരെല്ലാം ഭക്ഷണം കഴിച്ചു പിരിഞ്ഞാലും അസ്ലം അവിടെത്തന്നെയുണ്ടാകും. ഒന്നുകില്‍ പോയി വിളിക്കും, അല്ലെങ്കില്‍ സ്നേഹത്തോടെ ആ പൊതിക്കെട്ട് ഉസ്താദിന്റെ റൂമിലെത്തിക്കും. തന്റെ ചുറ്റുമുള്ളവരുടെ വിശപ്പറിയുന്ന മനസ്സിനുടമയായിരുന്നു അദ്ദേഹം.

വൈലത്തൂര്‍ ബാവ ഉസ്താദിന്റെ നോമ്പുദിവസങ്ങളില്‍ അത്താഴത്തിനുള്ള വിഭവങ്ങള്‍ എത്തിക്കാന്‍ കാണിച്ചിരുന്ന ആ വേഗതയും ജാഗ്രതയും ഒരു ശിഷ്യന്റെ കടമയ്ക്കപ്പുറം ആഴത്തിലുള്ള ആത്മബന്ധത്തിന്റെ അടയാളമായിരുന്നു. റഈസുല്‍ ഉലമ ഇ സുലൈമാന്‍ ഉസ്താദിന്റെ ഔദ്യോഗിക സേവകന്‍ എന്ന വലിയ ഉത്തരവാദിത്തം തോളിലേറ്റുമ്പോഴും, മറ്റു ഉസ്താദുമാരുടെ ചെറിയ ആവശ്യങ്ങള്‍ പോലും കണ്ടറിഞ്ഞ് സേവനഹസ്തം നീട്ടാന്‍ അസ് ലം അഹ്സനി ഒരിക്കലും മടിച്ചിരുന്നില്ല. കിതാബുകളുടെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കാണിച്ച ആവേശവും, ഓതിപ്പഠിക്കുമ്പോഴുള്ള ആ ശബ്ദവും ഇഹ് യാഉസ്സുന്നയുടെ ഇടനാഴികളില്‍ ഇന്നും മാറ്റൊലികൊള്ളുന്നുണ്ടാകും.

ഇല്‍മിന്റെ വഴിയില്‍ അന്ത്യയാത്ര

‘ഫഇന്നല്‍ ഇശ്തിഗാല ബില്‍ ഇല്‍മി…’ (വിജ്ഞാനത്തില്‍ വ്യാപൃതനാകുന്നത് മറ്റെന്തിനേക്കാളും ഉത്തമമാണ്)  അസ് ലം അഹ്സനിയുടെ ഏതൊരു പ്രഭാഷണത്തിന്റെയും തുടക്കം ഈ വരികളായിരിക്കും. ഇല്‍മിനോടുള്ള (അറിവ്) അദ്ദേഹത്തിന്റെ അനുരാഗം വാക്കുകളില്‍ മാത്രമല്ല, പ്രവൃത്തിയിലും പ്രകടമായിരുന്നു. മഅ്ദിനിലെ എല്ലാ വൈജ്ഞാനിക, ആത്മീയ മജ് ലിസുകളിലും മുന്‍പന്തിയിലുണ്ടാകുമായിരുന്നു. സമസത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്്ലിയാരുടെ ഖാദിമും പ്രിയപ്പെട്ട ശിഷ്യനായിരുന്ന അസ് ലം അഹ്സനി അറിവിന്റെ ലോകത്ത്മുഴുകിയിരിക്കുന്നത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമെന്ന് അദ്ദേഹം വിശ്വസിച്ചു. ആ വിശ്വാസത്തെ ശരിവെക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വിയോഗവും. എല്ലാ ബുധനാഴ്ചയും മഅ്ദിനില്‍ നടക്കാറുള്ള തന്റെ ഗുരുവര്യര്‍ കൂടിയായ അബ്ദുള്ള അഹ്സനി ചെങ്ങാനിയുടെ സബ്ഖിലേക്ക് (പാഠ്യക്ലാസ്) പോകുമ്പോഴാണ് മരണം അദ്ദേഹത്തെ തേടിയെത്തിയത്. പഠിക്കാനും പഠിപ്പിക്കാനുമുള്ള ആ യാത്രക്കിടയിലുണ്ടായ വിയോഗം, അദ്ദേഹം എപ്പോഴും പറയുന്ന ആ വരികളുടെ അന്വര്‍ത്ഥമായ സാക്ഷ്യമായി മാറി. അറിവിനെ പ്രണയിച്ച ഒരു പണ്ഡിതന് ഇതിലും വലിയൊരു യാത്രാമൊഴി ലഭിക്കാനില്ല.

മഅദിന്‍ അക്കാദമിയിലെ അധ്യാപകരും വിദ്യാര്‍ഥികളുമടക്കം ആയിരങ്ങളാണ് അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കിയത്.മര്‍കസില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, തലക്കടത്തൂര്‍ ജുമുഅ മസ്ജിദില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ് ലിയാര്‍, മെഡിക്കല്‍ കോളേജ് സാന്ത്വനം കേന്ദ്രത്തില്‍ അബ്ദുല്ല അഹ്‌സനി ചെങ്ങാനി, താനൂര്‍ മോര്യ ജുമുഅ മസ്ജിദില്‍ സയ്യിദ് ഇസ്മാഈല്‍ അല്‍ ബുഖാരി കടലുണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.