അഗത്തി ഉസ്താദ് ഒന്നാം ആണ്ടുനേർച്ച: സെമിനാറും ഓർമ പുസ്തക പ്രകാശനം ‘അഗത്തിയം’ എക്സ്പോയും ശ്രദ്ധേയമായി

സ്വലാത്ത് നഗർ: മഅ്ദിൻ അക്കാദമിയിലെ പ്രധാന മുദരിസും പ്രഗത്ഭ പണ്ഡിതനുമായിരുന്ന അബൂബക്കർ കാമിൽ സഖാഫി അഗത്തി ഉസ്താദിന്റെ ഒന്നാം ആണ്ടുനേർച്ചയോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറും ഓർമ പുസ്തക പ്രകാശനവും പ്രൗഢമായി നടന്നു. മഅ്ദിൻ കുല്ലിയ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി അധ്യക്ഷത വഹിച്ചു. അശ്റഫ് തങ്ങൾ ചെട്ടിപ്പടി അനുസ്മരണ പ്രഭാഷണം നടത്തി.

വിവിധ വിഷയങ്ങളിൽ സുലൈമാൻ സഅദി വാളാട്, ഡോ. നുഐമാൻ, ഡോ. സക്കീർ ഹുസൈൻ, മുനവ്വിർ അദനി അയിരൂർ, സ്വാലിഹ് അദനി കുമരംപുത്തൂർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

കർണാടക അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ ചെയർമാൻ ഡോ. യു.ടി. ഇഫ്തികാർ, സയ്യിദ് ഫാറൂഖ് ജമലുല്ലൈലി പെരുമുഖം, അബൂബക്കർ അഹ്സനി പറപ്പൂർ, ശിഹാബ് അലി അഹ്സനി മുണ്ടക്കോട്, ഖാലിദ് സഖാഫി സ്വലാത്ത്നഗർ, നാസർ അഹ്സനി കരേക്കാട്, ജലീൽ അസ്ഹരി മേൽമുറി, റിയാസ് സഖാഫി അറവങ്കര, സൈനുദ്ദീൻ ലത്വീഫി പൂക്കോട്ടൂർ, യാസിർ അഹ്സനി മൂന്നിയൂർ, ജുനൈദ് സേട്ട് മാന്നാർ, ഹാരിസ് ഹാജി മാന്നാർ, നാസിം ഹാജി പയ്യന്നൂർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ദുൽഫുക്കാറലി സഖാഫി മേൽമുറി സ്വാഗതവും രിള്ല്വാൻ അദനി നന്ദിയും പറഞ്ഞു.

വിജ്ഞാന ശേഖരമൊരുക്കി ‘അഗത്തിയം’ മെമോറിയൽ എക്സ്പോ

സെമിനാറിനോടനുബന്ധിച്ച് നടന്ന ‘അഗത്തിയം – ദ മെമോറിയൽ കളക്ഷൻ എക്സ്പോ’ സന്ദർശകർക്ക് വേറിട്ട അനുഭവമായി. കർണാടക അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ ചെയർമാൻ ഡോ. യു.ടി. ഇഫ്തികാർ എക്സ്പോ ഉദ്ഘാടനം ചെയ്തു.

അഗത്തി ഉസ്താദിന്റെ പഠനക്കുറിപ്പുകൾ, അപൂർവ ഗ്രന്ഥശേഖരങ്ങൾ, നോട്ടുപുസ്തകങ്ങൾ, അപൂർവ മഖ്തൂത്വാത്തുകൾ (കയ്യെഴുത്തുപ്രതികൾ), പഠനാവശ്യങ്ങൾക്കായി അദ്ദേഹം സ്വയം കണ്ടുപിടിച്ച ഉപകരണങ്ങൾ തുടങ്ങിയവ പ്രദർശനത്തിൽ ഒരുക്കിയിരുന്നു. ജീവിതം മുഴുവൻ അറിവിനായി വിനിയോഗിച്ച മഹദ് വ്യക്തിത്വത്തിന്റെ നേർസാക്ഷ്യമായി മാറിയ എക്സ്പോ സജ്ജീകരിച്ചത് മഅ്ദിൻ മോഡൽ അക്കാദമി വിദ്യാർഥികളാണ്.