അറഫാദിന പുണ്യം തേടി ജനസഞ്ചയം; മഅ്ദിൻ ആത്മീയ സംഗമം പ്രൗഢമായി

Published On: June 6, 2025Tags: , ,

സ്വലാത്ത് നഗർ: അറഫാദിനത്തിന്റെ പുണ്യവും പ്രാർത്ഥനാ നിർവൃതിയും തേടി ആയിരക്കണക്കിന് വിശ്വാസികൾ സംഗമിച്ച മഅ്ദിൻ അറഫാദിന ആത്മീയ സംഗമം ഭക്തിസാന്ദ്രമായി. മഅ്ദിൻ ഗ്രാന്റ് മസ്ജിദിൽ ഉച്ചക്ക് 1 മണിക്ക് ആരംഭിച്ച സംഗമം സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്തു.

സഹജീവിയോടുള്ള സ്നേഹമാണ് ആഘോഷത്തിന്റെ കാതൽ: സയ്യിദ് ഖലീലുൽ ബുഖാരി

മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി മക്കയിൽ നിന്ന് ഓൺലൈനായി പ്രാർത്ഥനക്ക് നേതൃത്വം നൽകുകയും പെരുന്നാൾ സന്ദേശം കൈമാറുകയും ചെയ്തു. ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാൾ മുന്നോട്ടുവെക്കുന്നതെന്നും സഹജീവിയോട് സ്നേഹവും കരുണയും പ്രകടമാക്കുന്നതാണ് ആഘോഷങ്ങളുടെ കാതലായ വശമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പ്രാർത്ഥനാനിർഭരമായി മഅ്ദിൻ ഗ്രാന്റ് മസ്ജിദ്

പരിപാടിയുടെ ഭാഗമായി ഖുർആൻ പാരായണം, തഹ്‌ലീൽ, അദ്കാർ, സ്വലാത്ത് എന്നിവയും വിശുദ്ധ ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കുന്ന ഹാജിമാർക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും നടന്നു. തുടർന്ന് നടന്ന വൈകുന്നേരത്തെ നോമ്പുതുറയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ചടങ്ങിൽ ഇഫ്താർ കിറ്റുകളുടെ വിതരണവും നിർവ്വഹിച്ചു.

എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് അഹ്മദുൽ കബീർ അൽ ബുഖാരി, സയ്യിദ് ഖാസിം സ്വാളിഹ് അൽ ഐദ്രൂസി, സയ്യിദ് സൈനുൽ ആബിദീൻ ജിദ്ദ, അബ്ദുന്നാസിർ അഹ്സനി കരേക്കാട്, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ്, അബ്ദുറസാഖ് ലത്വീഫി ചെമ്മലശ്ശേരി, ദുൾഫുഖാർ അലി സഖാഫി, യൂസുഫ് സഖാഫി സ്വലാത്ത് നഗർ, ബഷീർ അശ്റഫി കൊളപ്പറമ്പ്, ശിഹാബ് അലി അഹ്സനി, മുഹമ്മദ് റിയാസ് സഖാഫി പൂക്കോട്ടൂർ, അബ്ദുൽ ജലീൽ അസ്ഹരി, അഷ്കർ സഅദി താനാളൂർ തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരും നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.

ശ്രദ്ധേയമായി വനിതാ വിജ്ഞാന വേദി

ആത്മീയ സംഗമത്തിന് മുന്നോടിയായി രാവിലെ 9 മണിക്ക് മഅ്ദിൻ കാമ്പസിൽ നടന്ന വനിതാ വിജ്ഞാന വേദിയിൽ മഅ്ദിൻ സ്‌കൂൾ ഓഫ് ഖുർആൻ ഡയറക്ടർ അബൂബക്കർ സഖാഫി അരീക്കോട് സന്ദേശപ്രഭാഷണം നടത്തി. സയ്യിദ് അഹ്മദുൽ കബീർ അൽ ബുഖാരി പ്രാർത്ഥനക്ക് നേതൃത്വം നൽകി.