തൈ്വബ ഗാർഡൻ ‘ബിഷാറ’ മുഅല്ലിം കോൺഫറൻസിന് പ്രൗഢോജ്ജ്വല സമാപനം; തൈബ പബ്ലിക് സ്കൂൾ സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ സമർപ്പിച്ചു

കൊൽക്കത്ത: വെസ്റ്റ് ബംഗാൾ, ബീഹാർ, ജാർഖണ്ഡ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ-സാമൂഹിക മുന്നേറ്റത്തിന് പുത്തൻ കരുത്തുപകർന്ന് തൈ്വബ ഗാർഡൻ സംഘടിപ്പിച്ച രണ്ട് ദിവസത്തെ ‘ബിഷാറ’ മുഅല്ലിം വാർഷിക കോൺഫറൻസിന് പ്രൗഢോജ്ജ്വല സമാപനം. മഅ്ദിൻ അക്കാദമി ചെയർമാനും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു.

തൈബ ഗാർഡൻ ഡയറക്ടറും എസ് എസ് എഫ് നാഷണൽ ലീഡറുമായ സുഹൈറുദ്ധീൻ നൂറാനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തോളം മുഅല്ലിം പ്രതിനിധികളാണ് രണ്ടു ദിവസത്തെ ക്യാമ്പിൽ പങ്കെടുത്തത്. MANUU യൂണിവേഴ്‌സിറ്റി റീജിയണൽ ഹെഡ് പ്രൊഫ. റഫീദലി, ആലിയ യൂണിവേഴ്‌സിറ്റി എച്ച്.ഒ.ഡി ഇഷ്തിയാഖ് ഹുസൈൻ എന്നിവർ വിവിധ പഠന സെഷനുകൾക്ക് നേതൃത്വം നൽകി.

2030-ഓടെ 2,000 മക്തബകൾ: ബൃഹത്തായ പദ്ധതി പ്രഖ്യാപിച്ചു

ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ മദ്രസ സംവിധാനങ്ങളെ ശാക്തീകരിക്കുന്നതിനും അധ്യാപകരുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനുമുള്ള കൃത്യമായ കർമ്മപദ്ധതികൾക്ക് സമ്മേളനം രൂപം നൽകി. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ലക്ഷ്യമിട്ട് 2030-ഓടെ 2,000 മക്തബകളും ഒരു ലക്ഷം വിദ്യാർത്ഥികളെയും വാർത്തെടുക്കുന്ന ബൃഹത്തായ പദ്ധതി തൈ്വബ ഗാർഡൻ ഡയറക്ടർ സുഹൈറുദ്ദീൻ നൂറാനി പ്രഖ്യാപിച്ചു.

ജനശ്രദ്ധ നേടി ‘ബംഗാൾ സഫർ’

സമ്മേളനത്തോടനുബന്ധിച്ച് സയ്യിദ് ഖലീൽ ബുഖാരി തങ്ങൾ നടത്തിയ ‘ബംഗാൾ സഫർ’ ജനശ്രദ്ധ നേടി. തൈ്വബ ഗാർഡൻ ഡയറക്ടർ സുഹൈറുദ്ധീൻ നൂറാനി സഹയാത്രികനായ യാത്രയിൽ തൈ്വബ മോറൽ അക്കാദമിയുടെ 5 സോണുകളിൽ മൗലാനമാരുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി.

യാത്രയുടെ ഭാഗമായി ശരീഫാബാദ്, ബനേശ്വർഭാടി, ടപ്പൻ, ബഗോയിട്ട്, ചൊമ്‌നി, ദറാൾ തുടങ്ങിയ ഉൾനാടൻ ഗ്രാമങ്ങളിൽ തങ്ങൾ സന്ദർശനം നടത്തി. ഗ്രാമീണ ജനതയുടെ ജീവിതസാഹചര്യങ്ങളും പ്രയാസങ്ങളും നേരിട്ട് കണ്ടറിയുകയും അവർക്കുള്ള പരിഹാര നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തു.

പൊതുജന സമ്മേളനവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും

കോൺഫറൻസിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പൊതുജന സമ്മേളനത്തിൽ ജനസമുദ്രമാണ് തടിച്ചുകൂടിയത്. സമ്മേളനത്തിൽ വെച്ച് താഴെ പറയുന്ന പ്രധാന പദ്ധതികളുടെ ഉദ്ഘാടനം സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ നിർവ്വഹിച്ചു:

  • തൈബ പബ്ലിക് സ്‌കൂൾ സമർപ്പണം
  • തൈബ ഫുഡ് കോർട്ട് ഉദ്ഘാടനം
  • തൈബ സ്‌കൂൾ ഓഫ് ഖുർആനിൽ നിന്ന് ഹിഫ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം

ചടങ്ങിൽ സയ്യിദ് മുർതളാ സഖാഫി, ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ, അഷ്‌റഫ് സഖാഫി പൂപ്പലം, ശരീഫ് നൂറാനി, മുഹമ്മദ് ഇബ്രാഹീം സഖാഫി, കുറ്റൂർ അബ്ദുറഹ്‌മാൻ ഹാജി, സയ്യിദ് അബ്ദുൽ ഫത്താഹ് ബുഖാരി, മുഫ്തി ഫഖീഹുൽ ഖമർ സഖാഫി, മുഷ്താഖ് അസ്ഹരി (ചീഫ്, മോറൽ അക്കാദമി), മുഹമ്മദ് അലി നൂറാനി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.