സുന്നി സംഘടനകളുടെ ഐക്യം വിളിച്ചോതി ബെംഗളൂരുവിൽ മഹാ നബിദിന സമ്മേളനം; സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി വിശിഷ്ടാതിഥിയായി
ബെംഗളൂരു: പ്രവാചകർ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കർണാടക ജോയിന്റ് മീലാദ് കമ്മിറ്റി ബംഗളൂരു പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഇന്റർനാഷണൽ മീലാദ് കോൺഫറൻസ് സുന്നി സംഘടനകളുടെ അപൂർവ്വ ഐക്യസംഗമമായി മാറി. മാഅദിൻ അക്കാദമി ചെയർമാനും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി സംബന്ധിച്ചു. കോൺഫറൻസ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിനെത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരെ ഖലീൽ ബുഖാരി തങ്ങൾ കഫിയ്യയും തൊപ്പിയും അണിയിച്ച് ആദരിച്ചു.
ദീർഘകാലമായി വേറിട്ടു പ്രവർത്തിച്ചിരുന്ന വിവിധ സുന്നി പ്രസ്ഥാനങ്ങൾ ഒരൊറ്റ വേദിയിൽ ഒന്നിച്ചണിനിരന്നതാണ് മഹാ സമ്മേളനത്തിന്റെ പ്രധാന സവിശേഷത. കച്ചോച്ച ശരീഫ്, മാർഹാരെ ശരീഫ്, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ, മർകസെ അഹ്ലുസ്സുന്നത്ത്, സമസ്ത ഇ.കെ. വിഭാഗം, കർണാടക മുസ്ലിം ജമാഅത്ത് എന്നിവക്ക് പുറമെ വിവിധ ദർഗകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പത്തിലധികം സംഘടനകളാണ് മീലാദുന്നബി ആഘോഷത്തിൽ ഒന്നിച്ചത്.

പ്രമുഖരുടെ സാന്നിധ്യവും അഭിസംബോധനയും
കർണാടക വഖഫ് & ന്യൂനപക്ഷ ക്ഷേമ മന്ത്രി സമീർ അഹ്മദ് ഖാൻ, വഖഫ് ബോർഡ് വൈസ് ചെയർമാൻ ശാഫി സഅദി എന്നിവരുടെ നേതൃത്വത്തിലാണ് സുന്നി സംഘടനകളുടെ ഏകോപനം സാധ്യമാക്കിയത്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രിമാരായ കെ.ജെ. ജോർജ്, റഹീം ഖാൻ തുടങ്ങിയ നിരവധി ക്യാബിനറ്റ് മന്ത്രിമാരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ലോകപ്രശസ്ത സൂഫി പണ്ഡിതൻ ശൈഖ് ഉമർ ബിൻ ഹഫീള് (യമൻ), ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ എന്നിവർ ഓൺലൈനായി സംഗമത്തെ അഭിസംബോധന ചെയ്തു.

അൽ ഹാജ് അമീർ ജാൻ ഖാദിരി (ചെയർമാൻ, മർകസേ അഹ്ലുസ്സുന്നത്ത്), ഹസ്രത്ത് സയ്യിദ് മുഹമ്മദ് ഖാസിം അശ്റഫ് അശ്റഫി (കച്ചോച്ച ശരീഫ്), മുഫ്തി മുഹമ്മദ് തൗസീഫ് റസാ ഖാൻ (ബറേലി), ഡോ. അബ്ദുൽ ഹക്കീം അസ്ഹരി (പ്രസിഡന്റ്, എസ്.വൈ.എസ് കേരള), മൗലാനാ ശാഫി സഅദി, മുഫ്തി മുഹമ്മദ് അക്തർ ഹുസൈൻ അലീമി, ഡോ. മുഫ്തി മുഹമ്മദ് സജ്ജാദ് റസ്വി, അല്ലാമാ ഷാ അബ്ദുൽ ഖാദിർ ഷാ വാജിദ് ഖാദിരി തുടങ്ങി ദേശീയ-അന്തർദേശീയ തലത്തിലെ പ്രമുഖ പണ്ഡിതന്മാർ സംസാരിച്ചു.
കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ചു ലക്ഷത്തോളം വിശ്വാസികളാണ് ചരിത്രപ്രധാനമായ മീലാദ് സംഗമത്തിന് ഒഴുകിയെത്തിയത്.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
