ചരിത്ര നേട്ടം: മഅ്ദിന്‍ അക്കാദമിക്ക് വേള്‍ഡ് ഇസ്ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗ് അംഗത്വം

Published On: January 24, 2026Tags: ,

കൈറോ (ഈജിപ്ത്): വിദ്യാഭ്യാസ-ഗവേഷണ രംഗത്തെ അന്താരാഷ്ട്ര പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തി മഅ്ദിൻ അക്കാദമി. ഈജിപ്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് ഇസ്ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗിൽ (League of Islamic Universities) മഅ്ദിൻ അക്കാദമിയും അംഗത്വം നേടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുന്നൂറോളം പ്രമുഖ ഇസ്ലാമിക് സർവ്വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അംഗങ്ങളായ അന്താരാഷ്ട്ര കൂട്ടായ്മയാണിത്. ഈജിപ്ത് തലസ്ഥാനമായ കൈറോയിൽ വെച്ച് നടന്ന ചടങ്ങിൽ മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിയും യൂണിവേഴ്‌സിറ്റീസ് ലീഗ് സെക്രട്ടറി ജനറൽ ഡോ. സാമി ശരീഫും (Dr. Sami Al-Sharif) തമ്മിൽ അന്താരാഷ്ട്ര അക്കാദമിക് സഹകരണ കരാറിൽ ഒപ്പുവെച്ചു.

മൂന്ന് പതിറ്റാണ്ടിന്റെ മികവിനുള്ള അന്താരാഷ്ട്ര അംഗീകാരം

സ്ഥാപിതമായി മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്ന മഅ്ദിൻ അക്കാദമി സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങളുടെ ധൈഷണിക നേതൃത്വത്തിന് കീഴിൽ വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹിക സേവന രംഗങ്ങളിൽ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളെ യൂണിവേഴ്‌സിറ്റീസ് ലീഗ് സെക്രട്ടറി ജനറൽ ഡോ. സാമി ശരീഫ് പ്രശംസിച്ചു.

“വേൾഡ് ഇസ്ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗിൽ മഅ്ദിൻ അക്കാദമിയുടെ വരവ് ഇന്തോ-അറബ് വിദ്യാഭ്യാസ-ഗവേഷണ മേഖലകളിൽ വലിയ വിപ്ലവകരമായ മുന്നേറ്റങ്ങൾക്കും പുതിയ സഹകരണങ്ങൾക്കും വഴിതുറക്കും.”
— ഡോ. സാമി ശരീഫ് (സെക്രട്ടറി ജനറൽ, വേൾഡ് ഇസ്ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗ്)

ഈജിപ്ത് പ്രസിഡന്റ് ഡോ. അബ്ദുൽ ഫത്താഹ് അൽ സീസിയുടെ പ്രത്യേക മേൽനോട്ടത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ഇസ്ലാമിക് സമ്മേളനത്തിൽ വിശിഷ്ട അതിഥിയായി പങ്കടുക്കാനാണ് ഖലീൽ ബുഖാരി തങ്ങൾ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കൈറോയിൽ എത്തിയത്. അക്കാദമിക് സഹകരണ കരാർ ഒപ്പുവെക്കൽ ചടങ്ങിൽ അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രമുഖരായ ഡോ. വലീദ് അബ്ദുറഹ്‌മാൻ, ഡോ. മുഹമ്മദ് ഖുറഷി, ഡോ. മുഹമ്മദ് ഹദ്ദാദ് തുടങ്ങിയവർ സംബന്ധിച്ചു.