വിശുദ്ധ റമളാൻ: വൈവിധ്യമാർന്ന പദ്ധതികളോടെ സ്വലാത്ത് നഗർ ഒരുങ്ങി; മഅ്ദിൻ റമളാൻ ക്യാമ്പയിൻ പ്രഖ്യാപിച്ചു

മലപ്പുറം: വിശുദ്ധ റമളാനിൽ വിശ്വാസികൾക്ക് ആരാധനാ കർമ്മങ്ങളിലും വിജ്ഞാന സമ്പാദനത്തിലും സജീവമാകാനുള്ള വിപുലമായ സൗകര്യങ്ങളോടെ മഅ്ദിൻ അക്കാദമി ഈ വർഷത്തെ റമളാൻ ക്യാമ്പയിൻ പ്രഖ്യാപിച്ചു. മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങളാണ് റമളാൻ ക്യാമ്പയിനിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം നിർവ്വഹിച്ചത്. സ്വലാത്ത് നഗറിലും അനുബന്ധ കേന്ദ്രങ്ങളിലുമായി റമളാൻ ഒന്ന് മുതൽ വിവിധങ്ങളായ ആത്മീയ-സാംസ്‌കാരിക-വിദ്യാഭ്യാസ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

പരിസ്ഥിതി സൗഹൃദ ഇഫ്ത്വാർ സംഗമങ്ങളും ഇഅ്തികാഫ് ജൽസയും

റമളാൻ 1 മുതൽ 30 വരെ കാമ്പസിൽ ഒരുക്കുന്ന നോമ്പുതുറ സംഗമങ്ങൾ പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള പരിസ്ഥിതി സൗഹൃദ പരിപാടികളായിരിക്കും. യാത്രക്കാർ, സമീപത്തെ ആശുപത്രികളിലെ രോഗികൾ, കൂട്ടിരിപ്പുകാർ എന്നിവർക്കായി വിപുലമായ സൗകര്യങ്ങളാണ് ഇവിടെ സജ്ജീകരിക്കുന്നത്.

റമളാൻ ഒന്ന് മുതൽ മഅ്ദിൻ ഗ്രാൻഡ് മസ്ജിദിൽ ആരംഭിക്കുന്ന ഇഅ്തികാഫ് ജൽസയിൽ പങ്കെടുക്കുന്നവർക്ക് താമസം, നോമ്പുതുറ, അത്താഴം എന്നിവ ലഭ്യമാക്കും. കൂടാതെ, പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട മഅ്ദിൻ ടെക്‌നോറിയം മസ്ജിദിലും വിവിധ പരിപാടികൾ നടക്കും.

ബദർ കിസ്സപ്പാട്ടും വിജ്ഞാന സദസ്സുകളും

റമളാൻ മൂന്ന് മുതൽ മഅ്ദിൻ ഗ്രാൻഡ് മസ്ജിദിൽ രാവിലെ 9 മണിക്ക് സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫിയുടെ നേതൃത്വത്തിൽ കർമശാസ്ത്ര ഗ്രന്ഥമായ ‘മിൻഹാജ്’ ക്ലാസ്സ് ആരംഭിക്കും. ഉച്ചക്ക് 1 മണിക്ക് അബൂശാക്കിർ സുലൈമാൻ ഫൈസി കിഴിശ്ശേരിയുടെ നേതൃത്വത്തിൽ ചരിത്ര പഠന ക്ലാസും, ഇബ്‌റാഹീം ബാഖവി മേൽമുറിയുടെ നേതൃത്വത്തിൽ കർമശാസ്ത്ര പഠനവും നടക്കും.

ചരിത്ര പഠന രംഗത്ത് വലിയ പ്രാധാന്യമുള്ള 12 മണിക്കൂർ നീളുന്ന ‘ബദർ കിസ്സപ്പാട്ട്’ മാർച്ച് 01-ന് നടക്കും. പാടിപ്പറയൽ രംഗത്ത് 50 വർഷം പൂർത്തിയാക്കുന്ന കണ്ടമംഗലം ഹംസ മുസ്‌ലിയാരുടെ ബദർ പുസ്തക പ്രകാശനവും ചടങ്ങിൽ നടക്കും. റമളാൻ 16-ന് ഉച്ചക്ക് 1 മണിക്ക് ആയിരങ്ങൾ പങ്കെടുക്കുന്ന ബദർ അനുസ്മരണ സംഗമവും പ്രാർത്ഥനയും നടക്കും.

വനിതാ ക്യാമ്പും ഖുർആൻ ഖൈമയും

സ്ത്രീകൾക്കായി പ്രത്യേകമായി സംഘടിപ്പിക്കുന്ന ‘ഇസ്ലാമിക് ഹോം സയൻസ്’ ക്ലാസിന് റമളാനിലെ ആദ്യ ശനിയാഴ്ച തുടക്കമാകും. രാവിലെ 10 മുതൽ 12 വരെ നടക്കുന്ന ക്യാമ്പിൽ പ്രീമാരിറ്റൽ കൗൺസിലിംഗ്, പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ്, കർമശാസ്ത്ര പഠനം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി, അബൂബക്കർ സഖാഫി അരീക്കോട് എന്നിവർ ഇതിന് നേതൃത്വം നൽകും.

കുട്ടികൾക്കായി ലോകപ്രശസ്ത ഖാരിഉകളുടെ പാരായണം ശ്രവിക്കാനും പഠിക്കാനും ഖുർആൻ ഖൈമയൊരുക്കും. വൈകുന്നേരം 5.30-ന് സയ്യിദന്മാരുടെ നേതൃത്വത്തിൽ നടക്കുന്ന ‘മജ്‌ലിസുൽ ബറക’ ആത്മീയ സംഗമവും നടക്കും. റമളാനിലെ ആദ്യ വെള്ളിയാഴ്ച ഭിന്നശേഷി പണ്ഡിതന്മാരായിരിക്കും ആരാധനാ കർമ്മങ്ങൾക്ക് നേതൃത്വം നൽകുക.

കാരുണ്യ പ്രവർത്തനങ്ങളും റമളാൻ 27-ാം രാവും

ക്യാമ്പയിന്റെ ഭാഗമായി പിന്നോക്ക മേഖലകളിൽ റിലീഫ് ക്യാമ്പുകൾ, ഭിന്നശേഷിക്കാർക്ക് ആശ്വാസ കിറ്റ് വിതരണം, വസ്ത്ര വിതരണം, ഈദ് മീറ്റ് എന്നിവ സംഘടിപ്പിക്കും. കേരളത്തിനകത്തും പുറത്തുമായി വിവിധ കേന്ദ്രങ്ങളിൽ പ്രാർത്ഥനകൾക്കും നിസ്കാരങ്ങൾക്കും നേതൃത്വം നൽകാൻ 150-ലേറെ വിദ്യാർത്ഥികൾ യാത്രതിരിച്ചു.

ക്യാമ്പയിന്റെ സമാപനമായി റമളാൻ 27-ാം രാവിൽ ജനലക്ഷങ്ങൾ സംബന്ധിക്കുന്ന മഹാ പ്രാർത്ഥനാ സമ്മേളനം നടക്കും. ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും ലോക സമാധാനത്തിനായുള്ള പ്രാർത്ഥനയും നടക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്യും.

വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍:

  • സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി
  • പരി മാനുപ്പ ഹാജി
  • ദുല്‍ഫുഖാര്‍ അലി സഖാഫി
  • ഉമര്‍ മേല്‍മുറി
  • സൈനുദ്ധീന്‍ നിസാമി കുന്ദമംഗലം

ഹെൽപ്പ് ഡെസ്ക് നമ്പറുകൾ: 9633158822, 9633677722