സ്വതന്ത്ര ഫലസ്തീൻ യു.എൻ പ്രമേയത്തിൽ ഇന്ത്യൻ നിലപാട് സ്വാഗതാർഹം: സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി
സ്വലാത്ത് നഗർ: സ്വതന്ത്ര ഫലസ്തീൻ യു.എൻ പൊതുസഭാ പ്രമേയത്തെ പിന്തുണച്ച ഇന്ത്യൻ നിലപാട് സ്വാഗതാർഹമാണെന്നും ആയിരക്കണക്കിന് നിരപരാധികളായ പിഞ്ചുകുഞ്ഞുങ്ങളെ അടക്കം കൊന്നൊടുക്കുന്ന ഇസ്‌റാഈൽ ക്രൂരതക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പ്രസ്താവിച്ചു. മഅദിൻ അക്കാദമിക്ക് കീഴിൽ സ്വലാത്ത് നഗറിൽ സംഘടിപ്പിച്ച പ്രവാചക പ്രകീർത്തന ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധക്കെടുതിയിൽ സർവവും നഷ്ടപ്പെട്ട ഫലസ്തീൻ ജനതക്കൊപ്പം നിൽക്കാൻ ലോക രാഷ്ട്രങ്ങൾ മുന്നോട്ടുവരേണ്ടതുണ്ടെന്ന് തങ്ങൾ പറഞ്ഞു. പാവപ്പെട്ട ഫലസ്തീനികളുടെ രക്ഷക്കായി വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് ശേഷം പള്ളികളിൽ പ്രത്യേക പ്രാർഥന നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ആത്മീയ സംഗമവും അന്നദാനവും
പരിപാടിയുടെ ഭാഗമായി ദലാഇലുൽ ഖൈറാത്ത് സംഗമവും വിവിധ ട്രൂപ്പുകളുടെ നേതൃത്വത്തിൽ പ്രകീർത്തന സദസ്സും കടലുണ്ടി സാദാത്തുക്കളുടെ പിതാവായ സയ്യിദ് അഹ്‌മദുൽ ബുഖാരിയുടെ ആണ്ട് നേർച്ചയും നടന്നു. അനുസ്മരണ പ്രഭാഷണം, മദ്ഹ് ഗീതങ്ങൾ, മൗലിദ് പാരായണം, വിർദുല്ലത്വീഫ്, ഹദ്ദാദ്, മുള്രിയ്യ, സ്വലാത്തുന്നാരിയ, തഹ്്‌ലീൽ, ഖുർആൻ പാരായണം, പ്രാർത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. സമ്മേളനത്തിനെത്തിയ ആയിരക്കണക്കിന് വിശ്വാസികൾക്ക് അന്നദാനവും നൽകി.
സയ്യിദ് ഇസ്മാഈൽ അൽ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുള്ള ഹബീബുറഹ്‌മാൻ അൽ ബുഖാരി, സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി, സയ്യിദ് ബാക്കിർ ശിഹാബ് തങ്ങൾ കോട്ടക്കൽ, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ഹബീബ് തുറാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് ഐദ്രൂസി, സയ്യിദ് അഹ്‌മദുൽ കബീർ അൽ ബുഖാരി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എൻ. കുഞ്ഞിമുഹമ്മദ് ഹാജി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബൂശാക്കിർ സുലൈമാൻ ഫൈസി കിഴിശ്ശേരി, അബൂബക്കർ സഖാഫി അരീക്കോട് തുടങ്ങി നിരവധി പ്രമുഖർ സംബന്ധിച്ചു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
