അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം: സമത്വത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും സന്ദേശവുമായി മഅ്ദിന്‍ ഏബിള്‍ വേള്‍ഡ്

സ്വലാത്ത് നഗര്‍: സമത്വത്തിന്റെയും ചേര്‍ത്തുപിടിക്കലിന്റെയും സന്ദേശം സമൂഹത്തിലാകെ പ്രചരിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി മഅ്ദിന്‍ ഏബിള്‍ വേള്‍ഡിലെ വിദ്യാര്‍ത്ഥികള്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു.

ദിനാചരണത്തിന്റേതായി നടന്ന ഏറ്റവും ഹൃദ്യമായ ചടങ്ങ് മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ വച്ചായിരുന്നു. മഅ്ദിന്‍ വിഷ്വലി ഇംപെയേര്‍ഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നിക്കാഹ് ചടങ്ങിലെത്തിയ വരന് ബ്രെയില്‍ ലിപിയില്‍ തയ്യാറാക്കിയ ആശംസാ കുറിപ്പ് കൈമാറി. ചടങ്ങില്‍ പങ്കെടുത്ത ഏവരുടെയും ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റിയ നിമിഷമായിരുന്നു ഇത്.

ചടങ്ങില്‍ മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഭിന്നശേഷി ദിന സന്ദേശം നല്‍കി. ഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ പ്രധാനധാരയിലേക്ക് ഉള്‍ക്കൊള്ളേണ്ടതിന്റെയും തുല്യഅവസരങ്ങള്‍ ഉറപ്പുവരുത്തേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ചെയര്‍മാന്റെ പ്രസംഗം ഏബിള്‍ വേള്‍ഡ് വിദ്യാര്‍ത്ഥികള്‍ക്കായി സൈന്‍ ഭാഷയിലേക്ക്  ലൈവായി വിവര്‍ത്തനം ചെയ്ത് അവതരിപ്പിച്ചത് ശ്രദ്ധേയമായി. വിദ്യാഭ്യാസം, തെറാപ്പി, കൗണ്‍സിലിംഗ്, വൊക്കേഷണല്‍ പരിശീലനം, സമഗ്ര പുനരധിവാസം എന്നിവയിലൂടെ ഏബിള്‍ വേള്‍ഡ് നടത്തുന്ന മുന്നേറ്റങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

കുട്ടികളുടെ കൈത്തൊഴില്‍ പാടവം വിളിച്ചോതുന്ന പ്രദര്‍ശനവും ദിനാചരണത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ഏബിള്‍ വേള്‍ഡിലെ വൊക്കേഷണല്‍ ട്രെയിനിംഗിലൂടെ വിദ്യാര്‍ത്ഥികള്‍ സ്വയം നിര്‍മ്മിച്ച പേപ്പര്‍ പേനകള്‍, പേപ്പര്‍ ബാഗുകള്‍, ക്രാഫ്റ്റ് ഫ്‌ലവര്‍ വെയിസുകള്‍ തുടങ്ങിയ വിഭവങ്ങളാണ് പ്രദര്‍ശനത്തില്‍ വെച്ചിരുന്നത്.

ദിനാചരണത്തില്‍ മഅ്ദിന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും പങ്കാളികളായി. ഏബിള്‍ വേള്‍ഡ് ക്യാമ്പസ് സന്ദര്‍ശിച്ച വിദ്യാര്‍ത്ഥികള്‍ അവിടെയുള്ള കുട്ടികളുമായി സൗഹൃദം പങ്കുവെക്കുകയും അവര്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റുകള്‍ സമ്മാനിക്കുകയും ചെയ്തു.

ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ സൈതലവി കോയ, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, നൂറുല്‍ അമീന്‍, അബ്ദുറഹിമാന്‍ ചെമ്മങ്കടവ്, അബ്ബാസ് സഖാഫി മണ്ണാര്‍ക്കാട്, ഏബിള്‍ വേള്‍ഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അനീര്‍, നൂറുദ്ധീന്‍ അദനി, ഉസ്മാന്‍ സഖാഫി, അസ്ലം സഖാഫി വയനാട്, ഉസ്മാന്‍ മാസ്റ്റര്‍, വിമല ടീച്ചര്‍ തുടങ്ങിയവരും അധ്യാപകരും ജീവനക്കാരും സംബന്ധിച്ചു.