ജീലാനി അനുസ്മരണ സംഗമം: കപട ആത്മീയ പ്രസ്ഥാനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ
സ്വലാത്ത് നഗർ: വ്യാജ സിദ്ധികളും പ്രത്യേക കഴിവുകളും അവകാശപ്പെട്ട് സാമ്പത്തികമായും മാനസികമായും ജനങ്ങളെ ചൂഷണം ചെയ്യുന്ന കപട ആത്മീയ-സൂഫീ പ്രസ്ഥാനങ്ങളിൽ വിശ്വാസികൾ വഞ്ചിതരാകരുതെന്ന് മഅ്ദിൻ അക്കാദമി ചെയർമാനും സമസ്ത ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ പ്രസ്താവിച്ചു. മഅ്ദിൻ അക്കാദമിക്ക് കീഴിൽ സ്വലാത്ത് നഗറിൽ സംഘടിപ്പിച്ച ജീലാനി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മീയതയുടെ പേരിൽ ആളുകളെ ആകർഷിക്കുന്നവരുടെ വാക്കുകളേക്കാൾ ഉപരി അവരുടെ ജീവിതവും പഠനങ്ങളും പ്രവർത്തനങ്ങളുമാണ് ആധികാരികതയുടെ മാനദണ്ഡമാക്കേണ്ടത്. മഹാനായ ശൈഖ് മുഹ്യുദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ) കാണിച്ചുതന്ന വിശുദ്ധ ഇസ്ലാമിന്റെ യഥാർത്ഥ പാത പിൻപറ്റുന്നവർ ഇത്തരം ചതിക്കുഴികളിൽ വീഴില്ല. ഈ തിരുനബിവഴികളിൽ നിന്നുള്ള വ്യതിയാനമാണ് വ്യാജ ആത്മീയത വളരാൻ കാരണം.

പ്രയാസങ്ങളും രോഗങ്ങളും അനുഭവിക്കുന്ന സാധാരണക്കാരാണ് പലപ്പോഴും ഇത്തരം കപട പ്രസ്ഥാനങ്ങളുടെ പ്രധാന ഇരകൾ. ഇതിനെതിരെ യുവാക്കളിലും വിദ്യാർത്ഥികളിലും ശക്തമായ ബോധവൽക്കരണം അനിവാര്യമാണ്. മനുഷ്യനെ കൂടുതൽ വിനയമുള്ളവനും ഉത്തരവാദിത്തബോധമുള്ളവനുമാക്കുന്നതാണ് യഥാർത്ഥ ആത്മീയത. സമൂഹത്തിൽ ഭയവും അന്ധവിശ്വാസവും പരത്തുന്ന ഇത്തരം പ്രവണതകൾക്കെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കഴിഞ്ഞ ഒരു നൂറ്റാണ്ടായി നിരന്തരം പോരാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സയ്യിദത്ത് ഫാത്തിമ ഇമ്പിച്ചി ബീവി ഹജ്ജുമ്മ അനുസ്മരണം, വിർദുല്ലത്വീഫ്, മുള്രിയ്യ, ഹദ്ദാദ് റാതീബ്, ഖുർആൻ പാരായണം, തഹ്ലീൽ, സ്വലാത്തുന്നാരിയ, മൗലിദ് പാരായണം, പ്രത്യേക പ്രാർത്ഥന എന്നിവയും നടന്നു. ചടങ്ങിൽ സംബന്ധിച്ച ആയിരക്കണക്കിന് പ്രവേശനക്കാർക്ക് അന്നദാനവും വിതരണം ചെയ്തു.
സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അൽ ഐദ്രൂസി, സയ്യിദ് ശഫീഖ് അൽ ബുഖാരി കരുവൻതിരുത്തി, സയ്യിദ് അഹ്മദുൽ കബീർ അൽ ബുഖാരി, സയ്യിദ് നിയാസ് അൽ ബുഖാരി, എ. സൈഫുദ്ധീൻ ഹാജി തിരുവനന്തപുരം, ഇബ്രാഹിം ബാഖവി മേൽമുറി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, സുലൈമാൻ ഫൈസി കിഴിശ്ശേരി, അബ്ദുസ്സലാം ഫൈസി കൊല്ലം, അബൂബക്കർ സഖാഫി അരീക്കോട്, മൂസ ഫൈസി ആമപ്പൊയിൽ തുടങ്ങി പ്രമുഖ നേതാക്കളും പണ്ഡിതന്മാരും പരിപാടിയിൽ പങ്കെടുത്തു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
