അലിഗഡ് യുണിവേഴ്‌സിറ്റി ദ്വിദിന സമ്മേളനത്തില്‍ അതിഥിയായി പങ്കെടുത്ത് ഖലീലുല്‍ ബുഖാരി തങ്ങള്‍
അലിഗഡ്: കൃത്രിമ ബുദ്ധിയും ആധുനിക സാങ്കേതികവിദ്യകളും അതിവേഗം വളരുന്ന കാലഘട്ടത്തില്‍ മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിനും ആത്മീയ മൂല്യങ്ങള്‍ക്കും കൂടുതല്‍ പ്രസക്തിയുണ്ടെന്ന് കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി. അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ (AMU) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ”കേരളത്തിലെ സമന്വയ വിദ്യാഭ്യാസത്തിന്റെ വിജയകരമായ മാതൃകയും ഉലമാ ആക്ടിവിസത്തിന്റെ പങ്കും” എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക വിദ്യാഭ്യാസവും സാങ്കേതികവിദ്യയും നേടുന്നതിനൊപ്പം സത്യസന്ധത, വിശ്വാസ്യത, ധാര്‍മികബോധം, ആത്മീയത തുടങ്ങിയ മൂല്യങ്ങള്‍ കൂടി കുട്ടികളില്‍ വളര്‍ത്തേണ്ടത് അനിവാര്യമാണെന്നും വിദ്യാഭ്യാസം കേവലം തൊഴില്‍ നേടാനുള്ള യോഗ്യതയായി മാത്രം കാണാതെ വ്യക്തിയുടെ സാമൂഹികവും ധാര്‍മികവുമായ വളര്‍ച്ചയ്ക്കുള്ള മാര്‍ഗമായി പരിഗണിക്കണമെന്നും അദ്ധേഹം പറഞ്ഞു. മതവിദ്യാഭ്യാസവും ആധുനിക വിദ്യാഭ്യാസവും സമന്വയിപ്പിച്ച കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ പണ്ഡിതന്മാരുടെയും ഉലമാക്കളുടെയും സാമൂഹിക ഇടപെടലുകള്‍ വഹിച്ച പങ്കും വിശദീകരിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ മദ്‌റസകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകള്‍ എന്നിവയിലൂടെ ദീനി വിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിദ്യാഭ്യാസത്തിനും സാമൂഹിക പുരോഗതിക്കും നല്‍കിവരുന്ന പ്രാധാന്യവും ഖലീല്‍ തങ്ങള്‍ വിശദീകരിച്ചു.

AMU വൈസ് ചാന്‍സലര്‍ പ്രൊഫ. നൈമ ഖാതൂന്‍ രക്ഷാധികാരിയായ സമ്മേളനത്തില്‍ ഹരിയാന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ (HIPA) ഡയറക്ടര്‍ ജനറല്‍ മനോജ് യാദവ് IPS, പ്രൊഫ. അമിതാഭ് കുന്ദു, AMU മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. മുഹമ്മദ് ഗുല്‍റേസ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ടെക്‌നോളജി ഡയറക്ടര്‍ പ്രൊഫ. കെ.എം. ബഹാറുല്‍ ഇസ്ലാം, ഷഹീന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. അബ്ദുല്‍ ഖദീര്‍, ഉമീദ് ഗ്ലോബല്‍ സ്‌കൂള്‍ സ്ഥാപകന്‍ സമീര്‍ സിദ്ദീഖി, വാലി റഹ്‌മാനി തുടങ്ങിയ പ്രമുഖര്‍ വിവിധ സെഷനുകളില്‍ വിഷയാവതരണങ്ങളും പ്രഭാഷണങ്ങളും നടത്തി.
അമേരിക്കയില്‍ നിന്നുള്ള ജീവകാരുണ്യ പ്രവര്‍ത്തകരായ നവീദ് സയ്യിദ്, അക്രം സയ്യിദ്, അസ്ഹര്‍ അസീസ്, മുന്‍ ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്‍ മിധത്തുല്ല ഖാന്‍ ഷെര്‍വാണി, പ്രൊഫ. അബ്ദുല്‍ റഹീം പി. വിജാപ്പൂര്‍, പ്രൊഫ. റാണുവ ജെയിന്‍, അന്‍വര്‍ ഹുസൈന്‍, ഡോ. ഫഹീം ഉസ്മാന്‍ സിദ്ദീഖി, ഷെയ്ഖ് അബ്ദുല്‍ ഗനി അതീഫ് മിയാന്‍ ഖാദ്രി തുടങ്ങിയവരും വിവിധ പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. JNMC ഓഡിറ്റോറിയം, പോളിടെക്‌നിക് ഓഡിറ്റോറിയം, CEPECAMI എന്നിവിടങ്ങളിലായാണ് സമ്മേളനത്തിന്റെ വിവിധ സെഷനുകള്‍ നടക്കുന്നത്. സമ്മേളനം ഇന്ന് സമാപിക്കും
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
