റഷ്യയിലെ അന്താരാഷ്ട്ര ഇസ്‌ലാമിക് സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഖലീൽ ബുഖാരി തങ്ങൾ; ‘ലോകരാഷ്ട്രങ്ങൾക്കിടയിൽ ഐക്യബോധം ശക്തിപ്പെടണം’

മലപ്പുറം: റഷ്യൻ മതകാര്യ ബോർഡ് സംഘടിപ്പിച്ച പതിനാറാമത് അന്താരാഷ്ട്ര ഇസ്‌ലാമിക് സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ പങ്കെടുത്തു. ബാഷ്‌കോർതോസ്ഥാൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ഉഫയിലായിരുന്നു സമ്മേളനത്തിലെ പ്രധാന ചടങ്ങുകൾ നടന്ന് വന്നിരുന്നത്.

ലോകത്ത് സാഹോദര്യ സങ്കൽപ്പം ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചത് ഇസ്‌ലാമാണെന്നും, പരസ്പരം കലഹിക്കുന്ന ലോകരാഷ്ട്രങ്ങൾക്കിടയിൽ ഈ ഐക്യബോധം കൂടുതൽ ശക്തിപ്പെടേണ്ടതുണ്ടെന്നും സമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. റഷ്യ പോലുള്ള രാജ്യങ്ങളിൽ നടക്കുന്ന ഇസ്‌ലാമിക ചലനങ്ങളും പാരസ്പര്യ ബോധമുണർത്തുന്ന ഇത്തരം ആശയവിനിമയങ്ങളും സമൂഹത്തിന് വലിയ പ്രത്യാശയും ഉണർവും നൽകുന്നതാണെന്നും ഖലീൽ ബുഖാരി തങ്ങൾ കൂട്ടിച്ചേർത്തു.

റഷ്യൻ ഗ്രാന്റ് മുഫ്തി ശൈഖ് ത്വൽഅത്ത് സഫാ താജുദ്ധീനാണ് സമ്മേളന നടപടികൾക്ക് നേതൃത്വം നൽകിയത്. സേവന രംഗത്ത് 45 വർഷം പൂർത്തിയാക്കിയ അദ്ദേഹത്തിന് മഅ്ദിൻ അക്കാദമിയുടെ ഉപഹാരം ഖലീൽ ബുഖാരി തങ്ങൾ ചടങ്ങിൽ കൈമാറി.

ബാഷ്‌കോർതോസ്ഥാൻ റിപ്പബ്ലിക് തലവൻ റാദിയ ഫരീതോവിച്ച് ഖബിറോവ്, ബഹ്‌റൈൻ ഇസ്‌ലാമിക് അഫയേഴ്‌സ് പ്രസിഡന്റ് ശൈഖ് അബ്ദുറഹ്‌മാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആലുഖലീഫ, ഈജിപ്ഷ്യൻ ഔഖാഫ് മന്ത്രി ഉസാമ അൽ അസ്ഹരി എന്നിവർക്ക് പുറമെ അമേരിക്ക, ജർമ്മനി, ഇറാഖ്, സൗദി അറേബ്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ പണ്ഡിതന്മാരും മതനേതാക്കളും സംബന്ധിച്ചു.

സന്ദർശന വേളയിൽ തതാർസ്ഥാൻ തലസ്ഥാനമായ കസാനിൽ നടന്ന വിവിധ ചടങ്ങുകളിലും ഖലീൽ ബുഖാരി തങ്ങൾ സംബന്ധിച്ചു.